ചൊവ്വാഴ്ച, ഡിസംബർ 27

പുകയുന്ന പെണ്ണ്....

(സുഹൃത്തുക്കളെ...ഈ കഥ "ബൂലോകം കഥാ മത്സരത്തില്‍ നിന്നും" നിര്‍ദയം പുകച്ചു പുറത്തു ചാടിച്ച.....ചവിട്ടി ഞെരിച്ച കഥയാണ്.അവരുടെ ചവറ്റുകൊട്ടയില്‍ നിന്നും ഞാന്‍ എടുത്തു ഇവിടെ പോസ്റ്റുന്നു.അഭിപ്രായം വോട്ട് ആയി തരണം....എന്നെ ദയവായി "പുറകില്‍ നിന്ന് ഒന്നാമത് "ആക്കി വിജയിപ്പിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു)
                                                 പുകയുന്ന പെണ്ണ്....



 സാമാന്യമായി  ഇന്നത്തെ ദിനം അവള്‍ക്ക് ഒരു  പുതിയ  ദിവസമല്ല ; എന്നാല്‍ സാങ്കേതികമായി ആണു താനും."ഇന്ന് അവള്‍  മരിക്കേണ്ട  ദിവസം".മരണം  മുന്നില്‍  കണ്ടു  കൊണ്ടുള്ള  കാത്തിരിപ്പ്  വേളയാണ് സമയത്തെ  പല  ഖണ്ഡങ്ങള്‍  ആയി  വിഭജിച്ചിരിക്കുന്നതിനെ  അപഗ്രഥിക്കാന്‍  ഏറ്റവും  പറ്റിയ  സമയമെന്ന് അവള്‍ക്ക് തോന്നി.ഒരു ദിവസം  ഇരുപത്തി നാല്  മണിക്കൂര്‍.ഒരു  മണിക്കൂറിനു  അയ്യഞ്ചു  ഖണ്ഡങ്ങള്‍ ആക്കിയ അറുപതു  മിനിട്ട് …ഒരു  മിനിട്ടിനു  അറുപതു  സെക്കന്റ്‌ .ഒരു  സെക്കന്റ്‌ ഇന്…ആയിരം മില്ലി സെക്കന്റ്‌...മില്ല്യന്‍ മൈക്രോ സെക്കന്റ്‌ എന്നിങ്ങനെ...ഒരു ദിവസത്തിന്‍റെ കൊഴിഞ്ഞു പോക്കില്‍ അവളോടൊപ്പം ഉണ്ടായിരുന്ന മറ്റു ഒന്‍പതു പേരും ഇതിനോടകം വിട പറഞ്ഞു.അവരെ കൊന്നു എന്ന് പറയുന്നതിനേക്കാള്‍ അരമുരയുന്ന ശബ്ദവും ,കറുത്ത ചുണ്ടുകളും കാരിരുമ്പിന്റെ കരുത്തുമുള്ള അയാളുടെ കൈകള്‍ അവരെ ആവോളം ആസ്വദിച്ചശേഷം കശക്കി എറിഞ്ഞു എന്ന് പറയുന്നതായിരിക്കും ശരി.വായു പോലും കടക്കാതെ അടച്ചിട്ട...ഭംഗിയായി അലങ്കരിച്ച ..ആകര്‍ഷണീയമായ കിടപ്പുമുറിയില്‍,മൃദുലമായ...തിളങ്ങുന്ന വിരിപ്പാവില്‍ ഒന്ന് പ്രതിഷേടിക്കാന്‍ പോലും കഴിയാതെ നിശ്ചലമായി... നിര്‍വികാരമായി അവള്‍ തന്‍റെ ഊഴം കാത്ത് കിടന്നു.

                         വികസിത രാഷ്ട്രങ്ങളുടെ സമൂഹത്തില്‍ നിന്ന് തിരസ്കരിക്കപെട്ട അവള്‍ മൂന്നാം ലോക  രാജ്യങ്ങളിലെ  സാധാരണക്കാരായ ചെറുപ്പക്കാരുടെ ആരാധനാ കഥാപാത്രമായിരുന്നു.ബഹുരാഷ്ട്ര  കുത്തകകളുടെ  അരുമ  സന്താനമായിരുന്ന അവള്‍  കലാ -കായിക  താരങ്ങളുടെ  കൈ  വിരല്‍ത്തുമ്പിലൂടെ  പ്രശസ്തി  നേടി.വിവിധ  വര്‍ണങ്ങളിലും  വേഷങ്ങളിലും  ആകാരത്തിലും  അണിയിച്ചൊരുക്കി  അവളെ  അവര്‍  കബോളത്തിലെത്തിച്ചു.വില്പനച്ചരക്കായ അവളുടെ നോട്ടം അവളെ  ഉപയോഗിക്കുന്നവരെക്കാള്‍  ഉപയോഗിച്ച്  തുടങ്ങിയവരിലും ഉപയോഗിക്കാന്‍ തുടങ്ങുന്നവരിലും ആയിരുന്നു.കാരിരുമ്പിന്റെ  കരുത്തുള്ള   യുവ തലമുറയുടെ വിരല്‍ ത്തുമ്പില്‍  വെളുത്തു കൊലുന്നനെ  ഉള്ള  അവള്‍ അഭിമാനപൂര്‍വം ഞെളിഞ്ഞിരുന്നു.അവള്‍  വിരല്‍ തുമ്പില്‍  ഇല്ലെങ്കില്‍ പദവിയും  പത്രാസും  കുറയും  എന്ന   മിഥ്യാ ധാരണയോടെ  അവളുടെ ബന്ധുക്കളായ  ഉന്നത  സ്ഥാനീയരില്‍ അടിമപെട്ട് മുതലാളി വര്‍ഗ്ഗം  ഉറങ്ങാതെ ആയിരത്തൊന്നു രാവുകള്‍ കിനാവ്‌ കണ്ടു.വീറും വിപ്ലവവും  കൈമുതലായുള്ള   തൊഴിലാളി വര്‍ഗ്ഗം  പോലും  ഉണക്കില  തെറുത്തുടുത്ത  അവളുടെ  പരിഷ്കാരമില്ലാത്ത  പൂര്‍വികരെ  വിസ്മരിച്ച് അഴുക്കുള്ള ചേരിയിലെ ഇടുങ്ങിയ മുറിയില്‍ അവളുടെ  വെളുത്ത  പുടവയില്‍ മയങ്ങി വീണു.അവളെ  ഒരിക്കലെങ്കിലും ഉപയോഗിച്ചവര്‍ക്ക് അവള്‍ ഒരിക്കലും ഒഴിച്ച് കൂടാന്‍ വയ്യാത്ത ശീലമായി മാറുന്നത്, ഒരു ലഹരിയായി അവരുടെ സിരകളിലേക്ക് പടര്‍ന്നു കയറുന്ന വേളയില്‍ അവള്‍ ഗൂഡമായ സംതൃപ്തിയോടെ തിരിച്ചറിയുന്നുണ്ടായിരുന്നു.ആ തിരിച്ചറിവിന്റെ നിറവിലും അവള്‍ കണ്ണഞ്ചിപ്പിക്കുന്ന വിവിധ വേഷത്തിലും ആകാരത്തിലും,അനുഭൂതിയിലും അവരെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

          തികച്ചും  അപ്രതീക്ഷിതമായാണ് അവള്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.പണ്ടേ അവളെ നിത്യവും കണ്ടിട്ടും, പൊടിമീശകാലത്ത് അവളെക്കുറിച്ച് കൂട്ടുകാര്‍വര്‍ണിച്ചപ്പോഴോ,കൌമാരത്തിന്റെ കൂതൂഹലതയിലോ,യൌവനത്തിന്‍റെ സൂര്യശോഭയിലോ അവളെ അറിയാനായി ഒരിക്കല്‍ പോലും അയാള്‍ ശ്രെമിച്ചിരുന്നില്ല.ഉറക്കമില്ലാതെ എഴുതികൂട്ടിയ അക്ഷരങ്ങളിലൂടെ അയാളിലെ എഴുത്തുകാരന്‍ഉറങ്ങാതിരുന്ന രാവുകളില്‍ ചാറ്റല്‍ മഴപോലെ വന്ന പ്രണയം ദിശ മാറി പെയ്തെന്ന മൂഡചിന്തയിലാണ് ഗര്‍ഭിണിയായ ഭാര്യ പിണങ്ങിപോയത്.ദുഖവും രോഷവും ഇഴപിരിഞ്ഞു ചേര്‍ന്ന ഉറക്കം വരാതിരുന്ന രാത്രിയിലാണ് അയാള്‍ ജീവിത്തിലാദ്യമായി അവളെ കുറിച്ച്ചിന്തിച്ചത്.താടി നീട്ടിയ ശോകഭരിതമായ മുഖവും,ആരെയും തോല്‍പിക്കുന്ന തത്ത്വ  ശാസ്ത്രങ്ങളും,ആശയങ്ങളോട് അടിപതറാത്ത നിലപാടും,തീവ്ര പ്രതികരണവും,അയഞ്ഞ  കുപ്പായ  കീശയില്‍   ഒളിപ്പിച്ച ആ ബുദ്ധിജീവിയുടെ  സന്തത സഹചാരിയായി  അങ്ങനെ അവള്‍  മാറി.ക്രമേണ അവള്‍ അവന്‍റെ തലച്ചോറില്‍  പുതിയ  കച്ചവട  സമീപനത്തിന്റെ  ലാഭ ചിന്തകളിലൂടെ  മന്ദം  മന്ദം  കടന്നു  വന്നു.

ഇന്നലെ വന്ന ഒരു ഫോണ്‍ കാള്‍ ആണ് അയാളെ ഇത്രയേറെ അസ്വസ്ഥനാക്കിയത്.അയാള്‍ അനുഭവിക്കുന്നത് സന്തോഷമോ സങ്കടമോ എന്ന് അവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല...ആ വാര്‍ത്ത സൃഷ്‌ടിച്ച വികാര വിക്ഷോഭങ്ങളുടെ ബഹിര്‍സ്ഫുരണമായിരിക്കണം രാവിലെ മുതല്‍ എണ്ണം തെറ്റാതെ ഒന്പത് പേരില്‍ അയാളിലെ ഭ്രാന്ത് ഒരു ചങ്ങല പോലെ എരിഞ്ഞടങ്ങിയത്.ഇനി ഇതാ പത്താമത്തെ ഇരയായ അവള്‍ മരണം കാത്ത് അയാളുടെ എഴുത്ത് മേശയുടെ മുകളില്‍ അനങ്ങാതെ കിടക്കുന്നു.നീണ്ട  ഉറക്കത്തിനുള്ള  സമയം  അടുത്തിരിക്കെ  ഇനിയൊരു  ഇടയുറക്കം എന്തിനാണ് ?ചക്രവര്‍ത്തിനിയാകാന്‍  പോകുന്ന നേരത്ത്  അര്‍ദ്ധരാജ്യത്തിന്‌ വേണ്ടി  കാമിക്കുന്നതെന്തിനു?

എങ്കിലും ആകെ ഒരു പ്രതീക്ഷ ഉള്ളത് അയാളുടെ പിണങ്ങി പോയ ഭാര്യയുടെ തിരിച്ചു വരവാണ്.അവര്‍ വരുന്നതിനു ഇനിയും ഒരു മണിക്കൂര്‍ കൂടി നേരം ഉണ്ട്.നേരിയ പ്രതീക്ഷയോടെ അവള്‍ ചുവരില്‍ തൂക്കിയ പുരാതനമായ ആ ഘടികാരത്തിലേക്ക് നോക്കി കിടന്നു.ഇമ  ചിമ്മുന്ന  നേരം  കാഷ്ഠ. മൂന്നു  കാഷ്ഠയാണ്  ഒരു  കല.മുപ്പതു  കലകള്‍  ചേര്‍ന്നാല്‍  ഒരു  ക്ഷണം.പന്ത്രണ്ടു  ക്ഷണം ഒരു  മുഹൂര്‍ത്തം.മുപ്പതു  മുഹൂര്‍ത്തങ്ങള്‍ ഒരഹോരാത്രം.മുപ്പതു  അഹോരാത്രം  ഒരു  മാസം.രണ്ടു  മാസം ഒരു  ഋതു.മൂന്നു  ഋതുക്കള്‍  ചേര്‍ന്നാല്‍  ഒരയനം.രണ്ടയനം ഒരു സംവത്സരം.പിന്നിടുന്ന ഓരോ നിമിഷവും സംവത്സരത്തിന്റെ ദൈര്‍ഘ്യം പോലെ അവള്‍ക്ക് തോന്നി.അവളുടെ പ്രാര്‍ഥനയുടെ അവസാന നിമിഷത്തില്‍ അയാളുടെ ഭാര്യ എത്തി ചേര്‍ന്നു.കാറില്‍ നിന്ന് അവര്‍ ഇറങ്ങുന്നത് കണ്ട പാടെ അയാള്‍ ധൃതിയില്‍ എഴുത്ത് മേശപുറത്ത്‌ നിന്നും അവളെ വായുകടക്കാത്ത അവളുടെ പഴയ  മുറിയിലേക്ക് എറിഞ്ഞ് മുറി ഭദ്രമായി അടച്ചു വെച്ചു.

  വിനയ വിധേയനായ ഭര്‍ത്താവ് വിരഹത്തിന്‍റെയും പരിഭവത്തിന്റെയും പരാതി പറചിലുകള്‍ക്കൊടുവില്‍,വികാരതീവ്രമായി ഭാര്യയെ പുണരുന്നത് അടച്ചിട്ട മുറിയിലെ ചില്ല് ജാലകത്തിലൂടെ കണ്ട് അവളുടെ കണ്ണുകള്‍ അറിയാതെ ആര്‍ദ്രമായി.അയാളുടെ പിടി വിടുവിച്ചു കുളിച്ചു ഫ്രഷ്‌ ആയി വരാന്‍ ഭാര്യ പോയ നേരം നോക്കി അയാള്‍ ചൂട് പിടിച്ച മനസും ശരീരവുമായി വന്ന് അവളെ അടച്ച മുറി മലര്‍ക്കെ തുറന്നു.അടച്ചിട്ട മുറിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ അവളുടെ ഗന്ധം അവനു ഹരം പകര്‍ന്നു.തപിച്ചു  നീറിയ  അവന്‍റെ  വിരഹത്തിന്‍റെ  സ്വപ്നങ്ങളില്‍  ഹൃദയത്തിന്‍റെ  നേര്‍ക്ക്‌ ആരോ എയ്ത കടുത്ത  വേനല്‍  പോലെ  അവള്‍  കത്തി  കയറി.അവസാന  യാമത്തില്‍  ഉണര്‍ന്നു  കത്തിയ  അവളെ  വിറയ്ക്കുന്ന  ശോഷിച്ച  രണ്ടു വിരല്‍  കൊണ്ട്  ചേര്‍ത്തു  പിടിച്ച്  ചുണ്ടോടടുപ്പിച്ചപ്പോഴേക്കും അവന്‍  ചുമക്കാന്‍  തുടങ്ങി.അവള്‍  ജ്വലിക്കുന്ന  തീക്കനല്‍  പോലെ  അവന്‍റെ  ചിന്തകളെയും,കാടിന് തീപിടിച്ച പോലെ അയാളുടെ വിരലുകളെയും  പൊള്ളിച്ചപ്പോള്‍ അവസാനമായി  അവളെ  തന്നിലേക്ക് ഒരിക്കല്‍ കൂടി ആവാഹിച്ച  നിമിഷമാണ് അത് സംഭവിച്ചത്.അയാളുടെ ചുമ കേട്ട് ഒരു കാറ്റുപോലെ വന്ന അയാളുടെ ഭാര്യ,അയാളുടെ ചുണ്ടില്‍ നിന്നും അവളെ ബലമായി വേര്‍പെടുത്തി മാര്‍ബിള്‍ പാകിയ തറയിലേക്കു വലിച്ചെറിഞ്ഞു കൊണ്ട് ആക്രോശിച്ചു "നിങ്ങളോട് സിഗരറ്റ് വലിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടില്ലേ മനുഷ്യാ ?"
പുരുഷന്‍റെ പതിവ്  ചേഷ്ടകള്‍ക്കും നിന്ദക്കും പാത്രമായ  അവളുടെ  സ്ത്രീത്വം  അമര്‍ഷം  പൂണ്ടു പുകഞ്ഞുയര്‍ന്നപ്പോള്‍ നടന്നു  തേഞ്ഞ  തന്‍റെ  പഴകിയ  ചെരിപ്പു കൊണ്ട്  അവനവളെ  ചവിട്ടി  ഞെരിച്ചു നിശ്ചലമാക്കി.

   (ബൂലോകത്ത് കഥാ  മത്സരം
നടക്കുന്നു...http://www.boolokamonline.com/archives/31314എല്ലാവരും അവിടെ പോയി കഥകള്‍ വായിച്ച് വോട്ട് ചെയ്തു നിങ്ങളുടെ പ്രാതിനിധ്യം അറിയിക്കുക....മികച്ച സര്‍ഗവസന്തങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തരും പങ്കാളിയാകുക).



ശനിയാഴ്‌ച, ഡിസംബർ 24

മത്സ്യഗവേഷണം- ഒരു കാ(ലി)ക ചിന്ത


കരുതലോടെ പിടിച്ചിട്ടും..... 
കൈവെള്ളയില്‍ നിന്നും വഴുതിപോയ
ഇനിയും പിടികിട്ടാത്ത രസതന്ത്രം!
വരാല്‍ പഠിപ്പിച്ച  ഗ്രഹപാഠം      
വഴുതലിന്റെ കാന്തികശക്തി
ബയോ-കെമിസ്ട്രി-ഒരു പ്രണയബിരുദം!

സര്‍ഗ ഭാവനയുടെ നീര്‍ കയത്തില്‍ 
മുങ്ങിയെടുത്ത പിടക്കും തീം-മാല്‍
എഴുത്തുമേശയിലെ ഭാവന മണക്കും 
അത്യന്തം അപൂര്‍വമാം വിഭവം!
എരിവും പുളിയും ഇത്തിരി കൂട്ടി 
സായിപ്പിന്‍റെ ഭാഷയില്‍ ഒരു മാസ്റ്റെര്ഴ്സ്!

ഉറങ്ങുന്നവരെ ഉണര്‍ത്താം ...
ഉറക്കം നടിക്കുന്നവരെ എങ്ങനെ?
ഉത്തരം തേടി അലഞ്ഞാണ്
കണ്ണ് തുറന്നുറങ്ങുന്ന മത്സ്യങ്ങള്‍ 
അവസാനം ഗവേഷണ വിഷയമായത്!

വ്യാഴാഴ്‌ച, ഡിസംബർ 8

മായാ മരീചിക...

മരുഭൂമിയിലെ ശൂന്യതയില്‍ കണ്ണിന്-
ആര്‍ദ്രമായി നിന്ന  മായാ മരീചികെ..., 
മഴവെള്ളമെന്നു മനസ്സില്‍ കരുതി നിന്നെ കണ്ട്- 
ദൂരെ ഒരു കുട്ടി കളിവഞ്ചി പണിയുന്നുണ്ട്!


മഴയെന്നു കരുതി,നിനവിലും...കനവിലും..  
ചാഞ്ഞും  ചെരിഞ്ഞും ചാറ്റലായ് പിന്നെ- 
ആര്‍ത്തുപെയ്യും ഒരു പെരുമഴക്കാലത്തിന്‍
ഓര്‍മ്മയില്‍ തുന്നുന്നുണ്ട് ഒരു പെണ്ണ് വര്‍ണകുടകള്‍..!!



മിന്നുന്ന കാഴ്ച്ചയത്‌ കണ്ണില്‍ പകര്‍ത്തി 
കൊണ്ടുപോയിട്ടുണ്ട് മറ്റൊരാള്‍ കൂടി,
മരു മലരായി... മഴവെള്ളത്തില്‍ വരച്ച-
വരയെന്നറിയാതെ അടയാളപെടുത്തുന്നുണ്ടവളും !!!


മരുഭൂമിയിലെ ശൂന്യതയില്‍ കണ്ണിന്-
ആര്‍ദ്രമായി നിന്ന  മായാ മരീചികെ..., 
മനസിനെ  മായാവലയത്തില്‍ പെടുത്തി നീ 
ഇനി ഒരുനാളും "മായുകയില്ലല്ലോ മനസ്സില്‍" നിന്നും :)
   

 

ശനിയാഴ്‌ച, നവംബർ 12

സൈനെഡ് രുചി അഥവാ ഒരു ചരിത്രാനുഭവം.




സൈനെഡ് - ന്‍റെ  രുചി !!!

അതൊന്നെഴുതാന്‍ ആയി ..
ഞാന്‍ ഒരു പേന തിരഞ്ഞു...!!!

ഏറെ ആവേശത്തോടെ... 
 അവനതു തന്നു....!!!

നിരാശയോടെ അവന്‍ പറഞ്ഞു..
പ്രിയേ ഇതു പുരാതന പേന...
ഇതൊരു ചരിത്രാവശിഷ്ടംമാത്രം...!!!

എങ്കിലും...അന്ത്യ നിമിഷത്തിന്റെ 
 അപൂര്‍വ രചനയില്‍ അത് നിന്നെ  
ഇന്നും ഒരു മയില്‍പീലിപോലെ തഴുകും!

ഇഹലോക ജീവിത ത്രാണന മൂര്ച്ചയില്‍
 ഒരു കഠാര പോലെ നിന്നില്‍ ഇറങ്ങും!

മരണലഹരിയില്‍ ഞാനത് കയ്യിലെടുത്തു..
സൈനൈഡില്‍ മുക്കിയ പ്രസിദ്ധമായ പേന!!!

നാവിന്‍ തുമ്പില്‍ ഒരു തരിപ്പോടെ...
ആദ്യാക്ഷരം കുറിക്കുന്ന കരുതലോടെ...!

പേനത്തുമ്പില്‍ ഊറുന്ന അക്ഷര സമര്ദ്ധി...
വര്‍ധിച്ച ആഹ്ലാദത്തോടെ നാവില്‍ പടര്‍ന്നു..
എന്‍റെ ആംഗലേയ പേരിന്‍റെ ആദ്യാക്ഷരം! S*1


ഏറെ ആവേശത്തോടെ ഞാന്‍ നുകര്‍ന്നു...
മധുരമെന്നോ..അതോ പുളിപ്പെന്നോ ?
എന്തെഴുതണം എന്നറിയാതെ  ഒരു മാത്ര !!!

അവന്‍റെ തളര്‍ന്ന കണ്ണിലും ഞാന്‍ വായിച്ചു 
അതെ എന്‍റെ ആംഗലേയ പേരിന്‍റെ ആദ്യാക്ഷരം! S*2

ഇറുകെ പുണരുന്ന മരണത്തിന്‍റെ കരവലയത്തില്‍ 
അമരുന്ന നിമിഷം അവന്‍റെ "No!!!" എന്ന അപേക്ഷയെ 
അന്നാദ്യമായി ഞാന്‍ നിഷേധിച്ചു"എസ്.."എന്ന പദത്തിനാല്‍.

 *S1 "Sweet or Sour"...still not confirmed even Scientists. 
 *S2 Sheeba Ramachandran.
(സോണി എന്ന ബ്ലോഗ്ഗര്‍ സൈനൈഡ്‌ ന്റെ അനുഭവസ്ഥര്‍ അതൊന്നു വിവരിക്കാന്‍ മലയാളം ബ്ലോഗ്ഗില്‍ പറഞ്ഞത് ഉള്‍ക്കൊണ്ട്‌ എഴുതിയത്..)

വെള്ളിയാഴ്‌ച, നവംബർ 11

11-11-11-11

സാംസ്കാരിക കേരളത്തിന്‌ മറക്കാനാവാത്ത ദിനം...എനിക്കും.

ഇരട്ട ഒന്നുകള്‍ നിരന്നു വരുന്ന അപൂര്‍വതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് ലോകം. 2011-ലെ 11-ാം മാസത്തിലെ 11-ാം

 തീയതിയാണിന്ന്. വെള്ളിയാഴ്ച 11 മണി 11 മിനിറ്റ് 11 സെക്കന്‍ഡിന് 12 ഒന്നുകള്‍ നിരന്നു നില്‍ക്കും -11. 11. 11. 11. 11.

 11. നൂറ്റാണ്ടിലൊരിക്കല്‍ നടക്കുന്ന അപൂര്‍വ പ്രതിഭാസം. അതുകൊണ്ടു തന്നെ ഈ ദിനത്തെ നൂറ്റാണ്ടിന്റെ ദിനമെന്നാണ് വിളിക്കുന്നത്.

ഒന്ന് എന്ന അക്കം ഇത്തരത്തില്‍ ഇനി ആവര്‍ത്തിക്കണമെങ്കില്‍ 2111നവംബര്‍ 11 വരെ കാത്തിരിക്കണം. ഇതിന് മുമ്പ് 

ഇങ്ങനെ സംഭവിച്ചത് 1911 നവംബര്‍ 11നാണ്. ഈ നൂറ്റാണ്ട് 17-ാം തവണയാണ് അക്കക്കളിക്ക് സാക്ഷ്യം വഹിക്കുന്നത്.

1.1.11 എന്ന അക്കസങ്കരത്തോടെയാണ് ഈ വര്‍ഷം പിറന്നത്. പിന്നെ ഒന്നുകളുടെ കൂട്ടായ്മയുണ്ടാകുന്നത് ഈ മാസമാണ്.

 1.11.11 എന്ന അക്കക്കൂട്ടായ്മയോടെ ഈ മാസം തുടങ്ങി.

ഒന്നുകള്‍ നിരന്ന് വരാന്‍ ഒരു നൂറ്റാണ്ട് കാത്തിരിക്കണമെങ്കിലും രണ്ടുകളുടെ അപൂര്‍വത 10 വര്‍ഷത്തിനുള്ളില്‍ എത്തും. 

2022 ഫിബ്രവരി രണ്ടിന് അഞ്ച് രണ്ടുകള്‍ നിരന്നുവരും.

ഞായറാഴ്‌ച, നവംബർ 6

അവിസ്മരണീയമായ ഈദ്‌.(Daily dated 06-11-11)

നമസ്കാരവും നോമ്പും പോലെതന്നെ വിശ്വാസിയുടെ ജീവിതത്തില്‍ ഇബാദത്തുകളും ഒരു ആരാധനയാണ്.തന്മൂലം തന്നെ ഈദുല്‍ അദ്ഹായുടെ സാംസ്കാരിക സന്ദേശം മറ്റിതര  ഉത്സവങ്ങളേക്കാള്‍ സവിശേഷത അര്‍ഹിക്കുന്നു.സമുദായങ്ങള്‍ തമ്മില്‍,ഭാഷകള്‍ തമ്മില്‍,പ്രാദേശികതയുടെ പേരിലും എല്ലാം സംഘര്‍ഷങ്ങള്‍   വളര്‍ന്നുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ സഹനത്തിന്റെ,ഏകതയുടെ,സമാധാനത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുന്ന ഇബാദത്തുകള്‍ അഥവാ ഉത്സവങ്ങള്‍ 


ക്ഷയോന്മുഖമായികൊണ്ടിരിക്കുന്ന ഏകാത്മകതാ ബോധത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നു.ഫിത്വര്‍ സകാത്ത് മുതല്‍ സൌഹൃദ സംഗമങ്ങള്‍ വരെ മാനവികതയെ ഉയര്‍ത്തി കാണിക്കുന്നു.


  പുണ്യഭൂമിയിലെ ബലിപെരുന്നാള്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, ഒത്തിരി സുഖ ദുഃഖ സമ്മിശ്രമായ സ്മരണകള്‍ വേട്ടയാടുമ്പോള്‍,ഓര്‍മയിലേക്ക് ഓടി വരുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അല്‍-ഖസ്സീം -ല്‍ താമസിക്കുമ്പോള്‍ ഉള്ള ഒരു അനുഭവം ആണ്.പെരുന്നാള്‍ അവധിയും ശൈത്യകാല അവധിയും ഒന്നിച്ചു വരുന്ന ദുല്‍ ഹജ്ജിന് പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുറൈദ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥിയായ ഉത്തര്‍പ്രദേശ് സ്വദേശിയായ ഫൈസലും കുടുംബവും ജിദ്ദയില്‍ പോകുന്നത്.കോര്‍ണിഷില്‍ സഹോദരങ്ങലോടോത്തു കളിക്കുന്ന അവസരത്തിലാണ് കുതിരവണ്ടിയുടെ പിന്നാലെ ഏഴു വയസുകാരന്‍ ഫൈസല്‍ ഓടിയത്.കുതിരയുടെ ശക്തമായ തൊഴിയില്‍ ഫൈസല്‍ ചെന്ന് വീണത്‌ റോഡിലൂടെ വന്ന വാഹനത്തിന്‍റെ മുന്നിലും.ബോധരഹിതനായ കുഞ്ഞിനെ ഓടിവന്നു കയ്യിലെടുത്ത് സ്വദേശികളായ വനിതകള്‍ അലമുറയിട്ടു പറഞ്ഞു-" അല്ലാഹ്  ഈ കുഞ്ഞു മരിച്ചു പോയല്ലോ "എന്ന്.ചുറ്റും കൂടിയ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് അവനൊന്നു പിടഞ്ഞു.ദൈവകരങ്ങള്‍ക്ക് സ്തുതി  നല്‍കി നേരെ ആശുപത്രിയിലേക്ക്.ഐ.സി .യു വില്‍ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്‍ പാലത്തിലൂടെ ആ കുഞ്ഞു രണ്ടാഴ്ച പിന്നിട്ടു.ഒരേ സമയം രണ്ടു അപകടങ്ങളെ നേരിട്ട ആ കുഞ്ഞിനു കുതിരയുടെ ശക്തമായ തൊഴിയായിരുന്നു ഏറെ ഗുരുതരമായത്‌.ജിദ്ധയില്‍ നിന്നും അല്‍-ഖസ്സിമില്‍ കൊണ്ടുവന്ന ഫൈസലിനെ ഉനൈസയിലെ പ്രമുഖ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഴിയുടെ ആഘാതത്തില്‍ നുറുങ്ങി പോയ വയറിലെ ആന്തരികാവയവങ്ങള്‍ തുന്നിച്ചേര്‍ക്കുക,വെച്ച് പിടിപ്പിക്കുക മുതലായ നിരവധി ശസ്ത്രക്രിയകള്‍.സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന ആ കുടുമ്പത്തിനു ഞങ്ങള്‍ ചില അധ്യാപികമാര്‍ ഒരുമിച്ചു ചെറിയ സഹായം ചെയ്തതൊഴിച്ചാല്‍  ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥി ആയിട്ടും സ്കൂള്‍ അധികൃതര്‍ ആ കുട്ടിയെ തിരിഞ്ഞു പോലും നോക്കിയില്ല.എങ്കിലും ബുറൈദയിലെയും ഉനൈസയിലെയും  നല്ലവരായ സാമൂഹ്യ പ്രവര്‍ത്തകരായ മലയാളികള്‍ ആണ് അന്ന് എല്ലാവിധ സഹായവും ചെയ്തത്.ശസ്ത്രക്രിയക്ക് ആവശ്യമായ രക്തത്തിനായിമലയാളി  സംഘടന/സാമൂഹ്യ  പ്രവര്‍ത്തകര്‍ ഓടി നടക്കുമ്പോള്‍,തുറന്നുകിടക്കുന്ന വയറുമായി ഫൈസല്‍ ഒരു വേദനയായി ഞങ്ങളുടെ വയറിന്‍റെ വിശപ്പിനെ പോലും ഇല്ലാതാക്കിയ ആ രാത്രി ഞങ്ങള്‍ കുറെ സാമൂഹ്യ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആ കുഞ്ഞിന് രക്തം ദാനം ചെയ്തു.ഒരു സമൂഹത്തിന്റെ പ്രാര്‍ത്ഥന ,കൊച്ചു ഫൈസല്‍ ജീവിതത്തിലേക്ക് ഏറെ നാളുകള്‍ക്കു ശേഷം തിരിച്ചെത്തി.നല്ലവരായ ഭരണാധികാരികള്‍ ആ കുഞ്ഞിന് വേണ്ട ധനസഹായം നല്‍കുകയും ആശുപത്രി ചിലവുകള്‍ സൌജന്യമാകുകയും ചെയ്തിരുന്നു എന്നതും ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നു.
കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ റിയാദിലേക്ക് പോന്നു.ക്രമേണ ഫൈസല്‍ ഓര്‍മയില്‍ നിന്നും മഞ്ഞു പോയി.എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഒരു ഈദ്‌ പുലരിയില്‍ ആശംസയുമായി ബുറൈദയില്‍ നിന്നും ഒരു കുഞ്ഞു ശബ്ദം.ഈദ്‌ മുബാറക്ക്‌ തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അത്ഭുതപെട്ടു,ഇത്ര ചെറിയ കുട്ടിയെ ഞാന്‍ പഠിപ്പിചിട്ടില്ല്ല്ലോ എന്ന്ചിന്തിചു ഞാന്‍ ചോദിച്ചു "ഏത് ഫൈസല്‍...ഏത് ക്ലാസ്സില്‍ ..ആ കൊച്ചു മിടുക്കന്‍ തിരിച്ചു പറഞ്ഞു.."മാം സരാ യാദ് കര്‍ ദോ... ആപ് മുച്ചേ അപനീ ഖൂന്‍ ദിയാ ധാ".വര്‍ധിച്ച ആഹ്ലാദത്തോടെ ഈദ്‌ മുബാറക്ക്‌ തിരിച്ചു കൊടുക്കുമ്പോള്‍ ഞാന്‍ അത്ഭുതപെട്ടു.ഏറെ സന്തോഷത്തോടെ ആ ആശംസ ലഭിച്ച ആ ഈദ്‌ ആണ് എന്‍റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഈദ്‌. 

വെള്ളിയാഴ്‌ച, നവംബർ 4

ശൂന്യ ജലാശയങ്ങള്‍.....


നീതിമാന്‍ ഇപ്പോഴും ക്രൂശില്‍ തന്നെ!
സൂര്യന്‍ അനീതി പാര്‍ക്കുന്ന പടിഞ്ഞാറന്‍ 
കൂടാരങ്ങളിലേക്ക് ഒളിച്ചിറങ്ങുന്നു!
തളര്‍ന്നു  നില്‍ക്കെ ആരോ കപട 
സത്യത്തിന്‍ വാളും വചനവും നല്‍കുന്നു!
മുകളില്‍ നിന്നുള്ള  ദൂര കാഴ്ചകള്‍
തികച്ചും അയഥാര്‍ഥമായ ഒരു തലം! 

 
ഒരു ചായകോപ്പിലെ കൊടുങ്കാറ്റു പോലെ 
കെട്ടടങ്ങി ,തമ്മില്‍ പുണരാത്ത  സത്യവും എണ്ണയും! 
ഊതി കെടുത്തി മിഥ്യാ നാളത്തിന്‍ കൈത്തിരി!
സത്യം  മരണത്തിന്‍ ദേവാലയത്തിലേക്ക്!
ശിരസു മുറിഞ്ഞ്  രക്തം ചുരത്തി 
ഒരു പകല്‍ എരിഞ്ഞടങ്ങി.
ഒരു പക്ഷി കരഞ്ഞുറങ്ങി!


മേഘമായ് പോയ ആര്‍ദ്ര ജലാശയങ്ങള്‍ 
പെയ്യാന്‍ മറന്ന് മാനത്ത് വിതുമ്പി നില്‍ക്കുന്നു!
ചിറകു തളര്‍ന്ന പക്ഷി, ഉണങ്ങി പോയ 
 മരത്തില്‍ തപസിരുന്നു മരവിച്ചു മരിച്ചു!
നടന്നു നീങ്ങെ പിന്നില്‍ ഒരാള്‍കൂട്ടം...
ഹൃദയത്തിലെ (നഗരത്തിലെ)ഗതാഗത തടസം
 അക്ഞാതന്റെ ഓര്‍മകളുടെ മരണ  സന്ദേശമാണ്!


തിങ്കളാഴ്‌ച, ഒക്‌ടോബർ 31

മഴമുത്ത്....

മേഘമായ് പോയ ജലാശയങ്ങള്‍ മാനത്ത് വിതുമ്പി നില്‍ക്കെ....
ബാല്യത്തില്‍ ഞാന്‍ ശേഖരിച്ച മഞ്ചാടികള്‍ മഴമുത്തായി വീണുടഞ്ഞു!

ഞായറാഴ്‌ച, ഒക്‌ടോബർ 30

പൊട്ടുന്ന ജീവിതങ്ങള്‍...


ഒട്ടിയ വയറിന്‍റെ വേദന മാറ്റുവാന്‍...
ഒട്ടൊന്നു സങ്കടം ഉള്ളിലൊതുക്കി ഞാന്‍  
കെട്ടിപടുക്കട്ടെ നിങ്ങള്‍ തന്‍ പൊട്ടിച്ചിരിയുടെ 
 മാലപടക്കങ്ങള്‍!!!!!!!! 

വെള്ളിയാഴ്‌ച, ഒക്‌ടോബർ 28

ഓര്‍മ്മകളുടെ ചിത.....

എന്താണ് സ്നേഹം?

 ഏകാന്ത രാവിനെ മെഴുകായ് ഉരുക്കുന്ന 
ആതിര തോല്‍ക്കുമാ  വെണ്മലര്‍ തിങ്കളോ?



പാഴ്  മുള പൊട്ടും വഴി മര ചില്ലയില്‍ 
 പാടാന്‍ മറന്ന മാടത്ത കിളിയോ?



ഇത്തിരി വെട്ടം ചുരത്തുന്ന വീഥിയില്‍ 
കെട്ടു പൊലിയുന്ന നക്ഷത്ര ദീപമോ? 



അഗ്നികള്‍ പൂക്കും മഹാവന തീരത്തെ 
പട്ടു ചുറ്റപെട്ട തണല്‍ വൃക്ഷ ശാഖയോ?



തമസിന്റെ തേരുകള്‍ പായിച്ചു പിന്നെയും 
വന്നണയും സൂര്യരാജന്‍റെ  രാജ്യ രേദസ്സോ?  



മുന്നിലെക്കെന്ന നാട്യത്തില്‍ നിരന്തരം 
പിന്നിലെക്കെന്നെ നടത്തുന്ന പാതയോ?


നേര്‍വഴി കാണാതുഴലുന്ന യാത്രിയോ?
നേര്‍ രേഖയില്‍ നിന്നകലും ഭൂപാളമോ?



മഹാ ഗ്രീഷമവാനി തിളക്കും പ്രവാഹമോ?
തീവ്ര ദുഖത്തിന്‍ ആഴി പ്രളയമോ?

അതോ ....


സന്ധി ഇല്ലാത്തോരാ ആത്മ ബന്ധത്തിനെ 
സംസ്കരിക്കാന്‍ തീര്‍ത്ത സ്വന്തം ചിതയോ?


വ്യാഴാഴ്‌ച, ഒക്‌ടോബർ 20

അതി ജീവനം

കൂടോഴിഞ്ഞോ കുരുവീ ...നീ ഇന്നെന്‍റെ കൂട്ട് കൂടാതെ പോകയോ?


കറുകനാമ്പിന്റെ  തളിര് നല്‍കി നീ  കളി പറഞ്ഞിട്ട്  പോകയോ?




സ്നേഹ വിത്തെന്റെ അന്തരാത്മാവില്‍ പാകി നീ അകന്നോ?

മോഹനാളമെന്‍ ഹൃത്തടത്തില്‍ കൊളുത്തി നീ പറന്നോ?



ചിപ്പിയാം മന ചെപ്പില്‍ നിന്ന് നീ മുത്തെടുത്തു  മാഞ്ഞോ?






പിച്ച വെക്കുന്ന കൊച്ചു കനവിനെ പിച്ചി മാറ്റിയെന്നോ?





കണ്ണിനെകി നീ വിണ്ണിന്‍ ചാരുത  വെണ്ണിലാവ് പോലെ ...


ഏഴു വര്‍ണങ്ങള്‍ വീശി വന്നൊരു മാരിവില്ല് പോലെ .!!!