ബുധനാഴ്‌ച, ജനുവരി 25

അനശ്വര പ്രണയം....

"ഒരു സ്ത്രീക്ക് ഒരു ജീവിതത്തില്‍ ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍  കഴിയൂ എന്നത് മറ്റൊരു സ്ത്രീയേക്കാള്‍ നന്നായി ആര്‍ക്കാണ് മനസിലാക്കാന്‍ കഴിയുക?ആ തീവ്ര ഗൂഡ പ്രണയം മറ്റൊരു സ്ത്രീക്കല്ലാതെ ആര്‍ക്ക് മനസിലാകും?"യുദ്ധം ചെയ്യാതെയും തോല്‍പ്പിക്കപെടാമെന്നും...ആയുധമില്ലാതെയും  മുറിവേല്‍ക്കുമെന്നും പ്രണയത്തെ അതിന്‍റെ എല്ലാ വിശുദ്ധിയോടെയും മനസിലാക്കുന്നവരല്ലാതെ ആരാണ് തിരിച്ചറിയുക?"  


ഏറെ വൈകിയാണ് ഈ കഴിഞ്ഞ രാത്രി ഒന്നുറങ്ങാന്‍ കഴിഞ്ഞത്...കണ്ണടക്കുമ്പോള്‍  അറിയാതെ ഏതൊക്കെയോ നൊമ്പരം!
എല്ലാ ദിവസത്തെയും പ്രധാന സംഭവങ്ങള്‍ കുത്തികുറിക്കുന്ന ആ പതിവ് ശീലം!
"കാര്യം പറഞ്ഞും,കലഹിച്ചും,കാലഘട്ടം കണ്ട കരുത്തേറിയ കൊടുങ്കാറ്റ് കെട്ടടങ്ങി...ഇന്നലെ വരെ സാംസ്കാരിക കേരളത്തിലെ പല പ്രമുഖര്‍ക്കും പേടിക്കാന്‍ ഒരു വിറക്കാത്ത "നാക്കുണ്ടായിരുന്നു".ഇന്ന് മലയാളിക്ക് നഷ്ടപെട്ടത് സമകാലിക ജീവിതത്തിലെ ആരെയും പേടിക്കാത്ത അവസാന "വാക്ക്"!!! അഴീക്കോട് മാഷിന്..ആദരാഞ്ജലികളോടെ .... "

എഴുതി പൂര്‍ത്തിയാകാത്ത ഡയറി താളുകള്‍ എന്നെ നോക്കി സഹതപിക്കുന്നു.വീണ്ടും എന്തൊക്കെയോ എഴുതണമെന്നു തോന്നി.എന്തോ കഴിയുന്നില്ല.!മനസ്സില്‍ അഴീക്കോട് മാഷിന്‍റെ  ചിരിക്കാതെ ,ചിരിയെ കടിച്ചു പിടിച്ച് അനിര്‍വചനീയമാം വിധം പ്രവഹിക്കുന്ന ഹാസ്യ രസം കലര്‍ന്ന വാക്കിന്‍റെ പെരുമഴയും...ഉള്ളില്‍ ചിരിച്ച് പുറമേ ഗൌരവം വിടാതെ "തര്‍ക്ക ശാസ്ത്രത്തില്‍ ആണോ ഡോക്ടറേറ്റ്" എന്ന് തോന്നിപ്പിക്കും വിധം കലമ്പിക്കുന്ന മുഖവും!തൊണ്ണൂറുകളില്‍ നേരില്‍ കണ്ട അതേ  പ്രായത്തില്‍..............! .-ഓര്‍മയില്‍ മായാതെ .......തെല്ലും മറയാതെ...മങ്ങാതെ..!

ഇന്ന് ലഭിച്ച ഒരു ഇ-മെയില്‍ (വായനക്കായി അവസാനം ചേര്‍ത്തിരിക്കുന്ന) വല്ലാത്ത ഒരു അസ്വസ്ഥതയാണ് എനിക്ക്സമ്മാനിച്ചത്‌...
"അഴീക്കോട് മാഷ് ഓര്‍മയായതിനെക്കാള്‍ വിലാസിനി ടീച്ചര്‍ തികച്ചും ഒരു മൌന വാത്മീകത്തിലേക്കു ചേക്കേറിയത് ഏറെ വേദനയായി."
അഴീക്കോട്  മാഷിന്‍റെ  ചടുലമായ നാക്കില്‍ വിലസിച്ച ,ഒരു പിടി അരം ചേരാത്ത വാക്കിന്‍റെ നേരെ വക്കുടഞ്ഞ ,നിറം മങ്ങിയ,പിഞ്ഞിപോയ ഒരുപ്രണയത്തിന്‍റെ വെറും നോക്കുകുത്തിയായി ഒരു വിലാസിനി ടീച്ചര്‍.!!!!!!!!!!!!!!!!!!!!!!! 

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു പ്രഭാഷണ കലയുടെ ആ കുലപതിയെ ഒന്ന് നേരില്‍ "കേള്‍ക്കണം"(കാണുകയല്ല) എന്നത്.അന്തര്‍ സര്‍വകലാശാല "ക്വിസ് കോണ്ടെസ്റ്റ്" വിജയിയായി ട്രോഫി വാങ്ങി വേദിയില്‍ നിന്നും മടങ്ങുമ്പോഴാണ് യു. ആര്‍ .അനന്ത മൂര്‍ത്തി സാറിനോടൊപ്പം അഴീക്കോട് മാഷ് വൈകി വേദിയിലേക്ക് വരുന്നത്.പതിവ് പോലെ ശക്തമായ ഭാഷയില്‍ ആദ്യംഒരു ചാറ്റല്‍ മഴ പോലെ പിന്നെ കൊടുങ്കാറ്റായി..പിന്നെ തിമര്‍ത്തു പെയ്തു ആ വാക്കിന്‍റെ പേമാരി.ആ പെരുമഴയില്‍ സ്വയം അലിഞ്ഞ് നനഞ്ഞു  ഒരു സദസ്സ് മുഴുവന്‍.......
രണ്ടു മണികൂറോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് തിരക്കൊഴിഞ്ഞു മാഷിനോടോന്നു മിണ്ടാന്‍ കഴിയുന്നത്‌......- .എം.ജി.യൂണിവേര്ഴ്സ്സിറ്റി യെ പ്രതിനിധീകരിച്ച് ലഭിച്ച സമ്മാനത്തില്‍ എം.ജി .യൂണിവേര്ഴ്സ്സിറ്റി വൈസ് ചന്സിലര്‍ ആയ അനന്തമൂര്‍ത്തി സര്‍ പ്രത്യേകം അഭിനന്ദിക്കാന്‍ ആയി അടുത്ത് വിളിച്ച അവസരം മുതലെടുത്താണ് അടുത്തിരുന്ന മാഷിനോട് സംസാരിച്ചത്. " മലയാളം പ്രസംഗ & ഇംഗ്ലീഷ് എലക്വെഷന്‍ "വിജയികള്‍ക്ക് മാഷാണ് അന്ന് സമ്മാനം നല്‍കിയത്.
എളിമ കാണിച്ചും,കാല്‍തൊട്ടു വന്ദിച്ചും സീനിയര്‍ സിറ്റിസന്‍ ,സെലിബ്രിടി  മുതലായവരുടെ പ്രീതി പിടിച്ച് പറ്റുന്ന പതിവ് അന്നേ  ഉണ്ടായത് കൊണ്ടും,അന്നേ "തത്ത്വമസിയുടെ" പല പേജുകളും  കാണാപാഠം ആയതു കൊണ്ട്...മാഷിന്‍റെ ശ്രെദ്ധ  പിടിച്ച് പറ്റാന്‍ അധികം സമയം വേണ്ടി വന്നില്ല."അങ്ങയുടെ വീക്ഷണത്തില്‍ തത്ത്വമസിയുടെ (കാലിക)പ്രസക്തി ഇന്ന് കൂടുതലായി ഏത് മേഖലയില്‍ ആണ് വിരാജിക്കുന്നത്" എന്ന എന്‍റെ ചോദ്യത്തിനു ലേശം പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു "നീ ഏത് ക്ലാസ്സിലാന്നാ പറഞ്ഞെ?"?? 
ആ വാക്കുകളിലെ പുച്ഛം മനസിലാക്കിയ ഞാനും വിട്ടു കൊടുത്തില്ല.അദ്ധ്യേഹം എഴുതിയ ജിയുടെ വിമര്‍ശനകുറിപ്പ്,ആശാന്‍റെ സീതാ കാവ്യം,ആ കാലത്ത് ഏതോ വാര്‍ഷിക പതിപ്പില്‍ /ഓണ പതിപ്പില്‍ വായിച്ച "മലയാള സാഹിത്യം- ഒരു വിമര്‍ശനാത്മക കുറിപ്പ് "വരെ മുന്നിലേക്ക്‌ എറിഞ്ഞ് ഞാന്‍ മാഷിനെ അറിയുന്ന ആ അക്ഷരങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ് എന്ന് പരോക്ഷമായി പറഞ്ഞു.
പിന്നെയും ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം പറയാതെ തമാശ കേള്‍ക്കുന്നപോലുള്ള ചിരിയോടെ ;എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടെ എന്നെ സാകൂതം നോക്കി മാഷ് അവസാനം ചോദിച്ചു "ഞാന്‍ ഇന്ന് ഇവിടെ വരും എന്ന് ഇന്നലേ തന്നെ  അറിഞ്ഞൂ അല്ലെ?"

ആകെ ചമ്മി നിന്ന എന്നെ നോക്കി വലിയ വായില്‍ ചിരിച്ച് കൊണ്ട്..... വിരലുകള്‍ വിറപ്പിച്ചു കൊണ്ട് മാഷ് പറഞ്ഞു.....
 "വായിക്കണം...ഇപ്പൊ വായിച്ചതൊന്നും വായന അല്ല.വെറുതെ വായിക്കരുത് വരികള്‍ക്കിടയിലൂടെ വായിക്കണം."എനിക്ക് എല്ലാം അറിയാം എന്നും,അത് മറ്റുള്ളവര്‍ അറിയണം "എന്നുമുള്ള മനസ് ചെറുപ്പത്തിന്റെ ,ഈ പ്രായത്തിന്‍റെ ഒരു പ്രത്യേകതയാണ്.സാരമില്ല ,താങ്കള്‍.......... കഴിവുള്ള കുട്ടിയാണ്.വായന നിര്‍ത്തണ്ട.ലൈബ്രറി- ന്നു വായിക്കാതെ പുസ്തകം വാങ്ങിച്ചു വായിക്കണം എന്നാലെ സ്വസ്ഥമായി മനസ് ഇച്ഹിക്കുന്ന സമയത്ത് നല്ല വായനക്ക് അത് ഉപകരിക്കു.--ശരി,ഞാന്‍ കുറച്ചു തിരക്കിലാണ് എന്ന് പറഞ്ഞ് ഒഴിവാക്കാന്‍ നോക്കിയ മാഷിനോട് പരിഭവത്തോടെ ഞാന്‍ പറഞ്ഞു

' ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനു പോലും മാഷ് ഉത്തരം തന്നില്ല...അവസാനമായി ഒരൊറ്റ ചോദ്യം കൂടി...ഇത് പറഞ്ഞേ പറ്റൂ"

ലേശം ഭീതിയോടെ ,അതിലേറെ ആവേശത്തോടെ ഞാന്‍ ചോദിച്ചു മാഷെന്താ വിവാഹം കഴിക്കാത്തത്? ഒരു വേള ആ മുഖം അരിശം കൊണ്ട് അഗ്നിപര്‍വതം പോലെ...തടിച്ച ചുണ്ടുകള്‍ വിറക്കുന്നു...കടന്നു പോകുന്നുണ്ടോ എന്ന് അടുത്ത നിമിഷം അലറും എന്ന് ഞാന്‍ ഭയപെട്ടു...പ്രായത്തിന്‍റെ പതിവ് ചാപല്യം,അരുതാത്തചോദ്യം ചോദിച്ചു പോയ  ജാള്യതയില്‍ നിന്നുണര്‍ന്നു ക്ഷമ ചോദിയ്ക്കാന്‍ തുനിഞ്ഞ എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് അദ്ദേഹം കുലുങ്ങി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .."പെണ്ണുങ്ങളോട് പ്രായവും,ആണുങ്ങളോട് ശമ്പളവും,അവിവാഹിതരോട് അതിന്‍റെ കാരണവും ചോദിക്കരുത്- മേലാല്‍."-'...ചിരി വരുത്തിയ ലാഘവത്തില്‍ ഞാന്‍ പതുക്കെ ചോദിച്ചു-" പ്രേമനൈരാശ്യം ആണെന്ന് കേട്ടിട്ടുണ്ട്.ശരിയാണോ മാഷെ?"എന്‍റെ പിന്നില്‍ നിന്ന സെബയും,ജോയ്സിയും എന്നെ സാമാന്യം നല്ല രീതിയില്‍ പിച്ചുന്നുണ്ടായിരുന്നു.ഒരു വലിയ തമാശ കേട്ട പോലെ ചിരിച്ചുകൊണ്ട് "പൊക്കോളണം അവിട്ന്ന്" എന്ന് പറഞ്ഞ് തല്ലാന്‍ ഓങ്ങി.ഞങ്ങള്‍ എല്ലാരും കൂടി ചിരിച്ചപ്പോള്‍ ങാ ങാ...പൊക്കോ പൊക്കോ...എന്നു പറഞ്ഞ് പെയ്യാന്‍ പോകുന്ന ഒരു ശ്യാമമേഘം പോലെ ,വീശി അടിക്കുന്ന ഒരു കൊടുങ്കാറ്റുപോലെ,വളരെ ധൃതിയില്‍ പോകാന്‍ എഴുന്നേറ്റ്...അടുത്തിരുന്ന റെവ്രന്റ്റ്റ്ഫാദര്‍ കൊറ്റാലില്‍ അച്ഛനോട് പാലക്കാടിനുള്ള ട്രെയിന്‍ സമയം ചോദിച്ച്  മാഷ്‌ തികച്ചും ഗൌരവക്കാരനായി!!!അപ്രതീക്ഷിത ചോദ്യത്തില്‍ പെട്ടന്ന് മാഷ് അന്ന്തളര്‍ന്നു പോയിരുന്നോ?ഓര്‍ക്കുന്നില്ല..എന്തോ ഇന്ന് ആ ഓര്മ പോലും എനിക്കത് ഒരു വേദനയായി ഇന്ന് മാറിയിരിക്കുന്നു!

വര്‍ഷങ്ങള്‍ക്കു ശേഷം പുറനാട്ടുകരയില്‍ നിന്ന് മടങ്ങും നേരം തൃശ്ശൂര്‍-- ----ല്‍ വെച്ച് കണ്ടുമുട്ടിയ ഇന്ദുവാണ് സംഭാഷണ മദ്ധ്യേപറഞ്ഞത് വിലാസിനി ടീച്ചര്‍ തൃശ്ശൂര്‍ ബി.എഡ്.കോളേജിലെ പ്രിന്‍സിപ്പല്‍ ആണെന്നും,അഴീക്കോട്  മാഷിന്‍റെ വീടിനടുത്താണ് താമസമെന്നും.പരസ്പരം കാണാതെ അവര്‍ ഇപ്പോഴും  നിഗൂഡമായി പ്രണയിക്കുന്നു എന്നും....  

അഴീക്കോട്  മാഷ് മരിച്ചുവെന്ന സത്യം വിലാസിനി ടീച്ചര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിഞ്ഞു കാണുമോ?അവര്‍ ആരും കാണാതെ ..ആരെയും അറിയിക്കാതെ കുളിമുറിയില്‍ ഷവറിനു കീഴില്‍  തുറന്നിട്ട പൈപ്പുകളാല്‍ ശബ്ദാനമായ അന്തരീക്ഷത്തില്‍ കാലമിത്രയും കെട്ടി നിറുത്തിയ നൊമ്പരം അണപൊട്ടി  ഹൃദയ ഭിത്തി തകരുമാറു  വാ വിട്ട് കരഞ്ഞിട്ടുണ്ടാകുമോ???

അതോ കിടക്കയില്‍ കമിഴ്ന്നു കിടന്നു തലയിണയില്‍ മുഖം പൂഴ്ത്തി എങ്ങി എങ്ങി ഇല്ലിമുള പൊട്ടുന്നപോലെ  തകര്‍ന്ന് കാണുമോ???

 അതോ....സ്വയം സൃഷ്‌ടിച്ച  മൌന വാത്മീകത്തില്‍ ആരോടും പിണങ്ങാതെ  ,അവഗണനയേറ്റ  പ്രണയത്തെ കുറിച്ച് ഒരിക്കലും പരിഭവം പറയാതെ ..ആ മഹാനുഭാവന്റെ അക്ഷര സൌധം തീര്‍ത്ത പ്രണയ കുടീരത്തില്‍  ഒരു പുല്കൊടിയായി.. അതുമല്ലെങ്കില്‍  -വെറും ഒരു പുഴുവായി മരണത്തെ കാത്തിരിക്കുകയാകുമോ???

അതോ..അവഗണന യുടെ പൊരി വെയിലിലും ഒരിക്കലെങ്കിലും ഒരു പ്രണയ മഴ കൊതിച്ച  മിഴിയും മൊഴിയും വരണ്ട് ,ഉരുണ്ടു കൂടിയ കാര്‍ മേഘങ്ങള്‍ കൊണ്ട് വിങ്ങി നിന്ന ആ കണ്ണുകള്‍, ഒരു കാലഘട്ടത്തിന്റെ ശബ്ദ സാഗര ഗര്ജ്ജനത്തിനെ തന്‍റെ കണ്ണിമ കൊണ്ട് തടഞ്ഞ  ആ കണ്ണുകള്‍......, കൊടുങ്കാറ്റിന്റെ കരുത്തുമായി വന്ന വാക്കുകളില്‍ കുരുങ്ങി ,ഓര്‍മകളില്‍ ആ ഇതിഹാസ പുരുഷന്‍റെ സൂര്യശോഭയില്‍ തട്ടി ആ മിഴിയിണകള്‍ ഒരിക്കലും പെയ്യാതെ നിര്‍ജലീകരിക്കപെട്ടു പോയിരിക്കുമോ? ആആവോ?  അറിയില്ലാ...

ഒന്ന് മാത്രം അറിയാം..."ഒരു സ്ത്രീക്ക് ഒരു ജീവിതത്തില്‍ ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയു".പിതാവ്..ഭര്‍ത്താവ്..പുത്രന്‍................. ,സുഹൃത്തുക്കള്‍...., ഗുരുക്കന്മാര്‍ ,ശിഷ്യര്‍... എന്നിങ്ങനെ  പലരെയും സ്നേഹിക്കാന്‍ കഴിയും...എന്നാല്‍ ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയു....അതെ..ഒരേ ഒരാളെ മാത്രം!


{{മരണത്തിന്‍െറ കണങ്ങള്‍ കാന്‍സറിന്‍െറ രൂപത്തില്‍ അഴീക്കോടിന്‍െറ അണുക്കളോരോന്നിനെയും കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി മഹാമൃത്യുജ്ഞയഹോമം നടത്തി വിലാസിനി ടീച്ചര്‍ കാത്തിരുന്നു. വിഫലമാണെന്നറിയാമെങ്കിലും അദ്ദേഹത്തിന്‍െറ മരണം നീട്ടിവെപ്പിച്ചത് തന്‍െറ പ്രാര്‍ഥനകളും ആ ഹോമവുമാണെന്ന് അവര്‍ കരുതുന്നു. നാടാകെ ആ സാഗരഗര്‍ജനത്തിന്‍െറ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തയായി അവര്‍ ഉള്ളുരുകി കഴിഞ്ഞു. അഴീക്കോടിന്‍െറ ജീവിതത്തിലെ ഏക സ്ത്രീ, അദ്ദേഹത്തെ കാമുകനായി മനസ്സില്‍വരിച്ച സ്ത്രീ, വിലാസിനി ടീച്ചറുടെ കഥയില്ലാതെ ഡോ. സുകുമാര്‍ അഴീക്കോടെന്ന മഹാമേരുവിന്‍െറ ജീവിതകഥ പൂര്‍ണമാവില്ല.
അന്ധമായൊരു തിരസ്കാരത്തിന്‍െറയും മഹാനുരാഗത്തിന്‍െറയും കഥയാണത്. ആയുസ്സത്രയും ഒരു പുരുഷനുവേണ്ടി കാത്തിരുന്ന സ്ത്രീയുടെ അക്കഥകൂടി ചേരുമ്പോള്‍ അദ്ദേഹത്തിന്‍െറ ജീവിതം പുതിയ മാനം കൈവരിക്കും. അഴീക്കോട് മരണവുമായി മുഖാമുഖം നില്‍ക്കുന്ന നിമിഷങ്ങളോരോന്നിലും അകലെ അഞ്ചലെന്ന ഗ്രാമത്തില്‍ പ്രണയം വ്യര്‍ഥമാക്കിയ ഒരായുസ്സിന്‍െറ വിഹ്വലതകളില്‍ പ്രഫ. വിലാസിനി എന്ന അദ്ദേഹത്തിന്‍െറ കാമുകി വെന്ത് നീറുകയായിരുന്നു.
ആള്‍ക്കൂട്ടങ്ങളെ തന്‍െറ വാക്കുകള്‍കൊണ്ട് അമ്മാനമാടി സംവേദനത്തിന്‍െറ അജ്ഞാത തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ ഋഷിസമാനന്‍ കാതരനായൊരു കാമുകന്‍ കൂടിയായിരുന്നു. രാഗതീവ്രവും കാവ്യസമ്പന്നവുമായ അമ്പതോളം പ്രണയലേഖനങ്ങള്‍ അദ്ദേഹം ടീച്ചര്‍ക്കെഴുതി. പ്രണയമെന്ന വാക്ക് പരസ്പരമുപയോഗിക്കാതെ ഒരു വര്‍ഷത്തോളമവര്‍ തീവ്രപ്രണയത്തിലായിരുന്നു.
മൂത്തകുന്നം ട്രെയ്നിങ് കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ 66 -67 കാലത്ത് തിരുവനന്തപുരം ഗവ. ബി.എഡ് കോളജില്‍ ടീച്ചിങ് ക്ളാസ് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് അഞ്ചലിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ള വിലാസിനിയെന്ന വിദ്യാര്‍ഥിയെ അഴീക്കോട് കാണുന്നത്.അവര്‍ വൈവക്ക് ഹാജരായതും അദ്ദേഹത്തിന്‍െറ മുന്നില്‍. പിന്നാലെ കോളജ് അസോസിയേഷന്‍ യോഗത്തില്‍ അഴീക്കോട് പ്രസംഗിക്കാന്‍ ചെന്നു. കൃശഗാത്രനായ അധ്യാപകന്‍ ആ വിദ്യാര്‍ഥിനിയുടെ മനസ്സിലുടക്കുന്നത് അവിടെ വെച്ചാണ്. ഇത് തന്‍െറ കുടുംബത്തില്‍പെട്ട, തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെല്ളോ... എന്ന് ആ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞു. പിന്നെയൊരിക്കല്‍, അവരെപ്പറ്റി കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും മറുപടി പ്രതീക്ഷിച്ചും അഴീക്കോടിന്‍െറ ആദ്യത്തെ കത്ത് വിലാസിനിക്ക് ചെന്നു.
അതൊരു തുടക്കമായിരുന്നു. അക്ഷരങ്ങളില്‍ മനസ്സാവാഹിച്ച് കത്തുകള്‍ പ്രവഹിച്ചു.പ്രണയത്തിന്‍െറ തീക്ഷ്ണാനുഭൂതികളില്‍ അദ്ദേഹം വിലോലിതനായി. ഗാഢനിദ്രയില്‍ ഞാന്‍ വിലയം പ്രാപിച്ച് കിടക്കുമ്പോള്‍ വന്നാല്‍ എന്‍െറ സൂക്ഷമാണുക്കള്‍ പോലും നിന്നെ തിരിച്ചറിയുമെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. അത്രമേല്‍ മനസ്സുകൊണ്ട് അവര്‍ പരസ്പരം അറിഞ്ഞു. അനുരാഗത്തിന്‍െറ ദിനങ്ങള്‍ക്കൊടുവില്‍, ഒരു വര്‍ഷത്തിനുശേഷം അഞ്ചലിലെ വീട്ടില്‍ അഴീക്കോട് കൂട്ടുകാരുമൊത്ത് പെണ്ണുകാണാന്‍ ചെന്നു. എല്ലാം സമ്മതിച്ച് ഭാവിവധുവിന്‍െറ ഇരു കരങ്ങളും കൂട്ടിപ്പിടിച്ച് കണ്ണുകളില്‍ നോക്കി വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കിയിറങ്ങി -68 മാര്‍ച്ച് 18ന്.
2011 ഡിസംബര്‍ 18ന് വീണ്ടും കാണുംവരെ ആ വാഗ്ദാനമായിരുന്നു ആദ്യവും അവസാനവുമായി അവര്‍ക്കിടയിലെ വാക്കുകള്‍. ഇന്നും അജ്ഞാതമായ കാരണങ്ങളാല്‍ ആ പ്രണയത്തില്‍നിന്നും അഴീക്കോട് ഏകപക്ഷീയമായി പിന്മാറി. വിവാഹം കഴിഞ്ഞാല്‍ വിലാസിനി ഒരിക്കലും വീട്ടിലേക്ക് പോകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നുവത്രേ. ഒരു കുടുംബത്തിന്‍െറ താങ്ങായ ആ യുവതിക്ക് അത് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു. ഒരു സാഹിത്യകാരനുമായി തന്‍െറ കാമുകിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചതായി വേറൊരു വാദമുണ്ട്. അതല്ല, ആത്മീയ ജീവിതത്തില്‍ ആകൃഷ്ടനായതും അമ്മയോടുള്ള ചില വാഗ്ദാനങ്ങളുമാണ് വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമെന്ന് രോഗശയ്യയില്‍ വെച്ചുണ്ടായ സമാഗമത്തില്‍ അഴീക്കോട് കാമുകിയോട് നേരിട്ട് കുറ്റസമ്മതം നടത്തി. തനിക്കെതിരെ പരപുരുഷ ബന്ധമാരോപിച്ച അഴീക്കോടിന്‍െറമുന്നില്‍ തന്‍െറ നിലപാട് വ്യക്തമാക്കാന്‍ തനിക്കെഴുതിയ പ്രണയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ടീച്ചറുടെ നടപടി അദ്ദേഹത്തെ പിടിച്ചുലച്ചിരുന്നു. ഡിസംബര്‍ 18ന് രോഗശയ്യയില്‍ കാണാന്‍ വന്ന കാമുകിയോട് അദ്ദേഹം തന്‍െറ പരിഭവം തുറന്നുപറഞ്ഞു -വിലാസിനി ചാനലില്‍ വന്ന് പറഞ്ഞ് എന്‍െറ ഫെയ്മിനെ വല്ലാതെ ബാധിച്ചു. സപ്തലോകത്തും താങ്കളെയല്ലാതെ ഞാന്‍ മറ്റാരെയും സ്നേഹിച്ചിട്ടില്ല എന്നും അവര്‍ തിരിച്ചടിച്ചു.
അനുരാഗത്തിന്‍െറ ഹര്‍ഷവും പരിത്യക്തതയുടെ രോഷവും പതഞ്ഞുപൊന്തിയതായിരുന്നു കാലം കാത്തുവെച്ച ആ കൂടിക്കാഴ്ച. ഒരു മഹാത്മാവിന്‍െറ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടന്നേക്കാവുന്ന സംഭവം.
ആശങ്കയോടെ കടന്നുവന്ന കാമുകിയെ വൈരമത്രയും മറന്ന് നാലരപ്പതിറ്റാണ്ട് മുമ്പത്തെ മനസ്സില്‍ നിന്നെടുത്ത ഗൂഢസ്മിതം പ്രകാശം പരത്തിയ മുഖത്തോടെയാണ് അഴീക്കോട് വരവേറ്റത്. 45 വര്‍ഷം മുമ്പ്, കോണ്‍വൊക്കേഷന് തിരുവനന്തപുരത്ത് പോകുന്ന കാര്യം അറിയിച്ചപ്പോള്‍ അന്ന് അവിടെ ലോഡ്ജില്‍ താമസിക്കുകയായിരുന്ന അഴീക്കോട് എഴുതിയിരുന്നു, വിലാസിനിക്ക് കാണണമെന്ന് തോന്നുന്നുവെങ്കില്‍ വന്നുകൊള്ളുക എന്ന്. ആ ഓര്‍മയുടെ ബലത്തില്‍ ചെന്ന അവരെ അഴീക്കോട് നിരാശപ്പെടുത്തിയില്ല. ആദ്യത്തെ ശുണ്ഠിക്ക് ശേഷം അഴീക്കോട് ചോദിച്ചു- ചന്ദ്രനെ കാര്‍മേഘം മറച്ചാല്‍ എത്ര സമയം കൊണ്ട്, ആ കാര്‍മേഘം മായും?
അത് പെട്ടന്നങ്ങ് മായും-അവര്‍ മറുപടി നല്‍കി.
ആര്‍ദ്രമായ കണ്ണുകളോടെയാണ് അഴീക്കോട് അതിനോട് പ്രതികരിച്ചത് -പക്ഷേ, വിലാസിനിയുടെ മനസ്സിനെമൂടിയ കാര്‍മേഘം ഒരു പാടുകാലം മായാതെനിന്നു.
വീണ്ടുംഅഴീക്കോട് കാതരനായ കാമുകനായി -എപ്പോഴെങ്കിലും നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടോ?
തുളുമ്പുന്ന കണ്ണുകളിലേക്ക് നോക്കി വിതുമ്പലോടെ ടീച്ചര്‍ പറഞ്ഞു -എനിക്കൊരു ദേഷ്യവുമില്ല.
പ്രണയ സാഫല്യത്തിന്‍െറ നിമിഷങ്ങളായിരുന്നു അത്. കൈ്ളമാക്സ് മാറിമറിഞ്ഞ തന്‍െറ കഥയിലെ ഈ നിര്‍ണായക അധ്യായത്തെ ഉജ്ജ്വലമുഹൂര്‍ത്തം എന്നാണ് വിലാസിനി ടീച്ചര്‍ വിഷേശിപ്പിക്കുന്നത്. ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചക്കിടയിലെ കാലമത്രയും വിലാസിനി ടീച്ചറുടെ സ്വപ്നങ്ങളില്‍ അഴീക്കോട് മാത്രമേ ഉണ്ടായിരുന്നുള്ളു.
പുനഃസമാഗമത്തിന്‍െറ ഹരിത സ്വപ്നങ്ങളായാണ് സ്വപ്നങ്ങളെയും കൂടിക്കാഴ്ചയേയും വിലാസിനി ടീച്ചര്‍ കണ്ടത്. മടങ്ങി വീട്ടിലെത്തിയിട്ടും അഴീക്കോടിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പൂര്‍വാധികം തീവ്രമായി. ക്രിസ്മസ് ദിനത്തില്‍ അഴീക്കോടിന്‍െറ നമ്പറിലേക്ക് അവര്‍ വിളിച്ചു. മറുപുറത്ത് ഫോണെടുത്ത സഹായി സുരേഷ് ഫോണ്‍ അദ്ദേഹത്തിന് കൊടുത്തു. വിശേഷങ്ങളാരാഞ്ഞ വിലാസിനിയോട് അദ്ദേഹം പറഞ്ഞു- അനന്തമായ ആകാശത്തില്‍ ഉയര്‍ന്നുപറക്കാന്‍ വിലാസിനിയെന്നെ സഹായിക്കണം.
ഞാന്‍ വരണോ? -അവര്‍ ചോദിച്ചു.
നാളെ ആന്‍റണി വരും. പിന്നെ മതി -അദ്ദേഹം പറഞ്ഞു.
അന്ന് കണ്ടപ്പോള്‍ ഒരു കാര്യം പറയാന്‍ മറന്നു -ടീച്ചര്‍ വീണ്ടും.
പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണില്‍ ചുണ്ടമര്‍ത്തി അവര്‍ അദ്ദേഹത്തോട് പറഞ്ഞു -ചേരും നാമൊന്നായ്.
മറുപുറത്തെ നനുത്ത ചിരിയുടെ ബാഷ്പം ഒരു മധുര നൊമ്പരമായ് ടീച്ചറുടെ മനസ്സിലിപ്പോഴും.
മൃത്യുഞ്ജയ ഹോമം നടത്തട്ടേ എന്ന് അന്ന് അഴീക്കോടിനോട് അവര്‍ ചോദിച്ചു. സമ്മതം കിട്ടി. ഡിസംബര്‍ അവസാനം അവര്‍ അതിനായെത്തി. രണ്ടുദിവസം നഗരത്തില്‍ തങ്ങി. അത് നിര്‍വഹിച്ച് ആശുപത്രിക്കിടക്കയില്‍ പ്രസാദമെത്തിച്ച് അവര്‍ മടങ്ങി. ആരുമറിയാതെ, വീണ്ടുമൊന്ന് കാണാന്‍ പോലും നില്‍ക്കാതെ.
‘90കളില്‍, അഴീക്കോട് തൃശൂര്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍, വിയ്യൂരിലെ അദ്ദേഹത്തിന്‍െറ വീട്ടില്‍ നിന്നും ഒരു സായാഹ്നസവാരിയുടെ ദൂരത്തില്‍ നാല് വര്‍ഷകാലം അദ്ദേഹത്തിന്‍െറ കാമുകി താമസിച്ചിരുന്നു. തൃശൂര്‍ ബി.എഡ് കോളജിന്‍െറ പ്രിന്‍സിപ്പലായി ചെമ്പൂക്കാവിലെ വൈ.ഡബ്ളിയു.സി.എയില്‍. തൊട്ടടുത്താണെന്ന കാര്യം ഇരുവരും അവഗണിച്ചു. ഒരിക്കല്‍പോലും കാണാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചു.
വിലാസിനി ടീച്ചര്‍ എന്ന അസ്തിത്വത്തെ അഴീക്കോട് എങ്ങനെയാണ് കണ്ടത് എന്ന ചോദ്യം ദുരൂഹമായി തുടരുന്നു. നിരസിക്കുകയും തള്ളിപ്പറയുകയുമൊക്കെ ചെയ്തുവെങ്കിലും വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോട് എന്ന സാഗരഗര്‍ജനത്തിന്‍െറ കുളിരായിരുന്നില്ളേ? സ്വന്തം പ്രതിഛായയുമായുള്ള ആത്മരതിയില്‍ ആത്മാവിന് തുല്യം തന്നെ സ്നേഹിച്ച സ്ത്രീയെ അദ്ദേഹം വേദനിപ്പിച്ചത് എന്തിനെന്നത് ഒരു കടങ്കഥയാണ്.
എങ്കിലും, വിലാസിനി ടീച്ചര്‍ തന്‍െറ ജീവിതം കൊണ്ട് അഴീക്കോടിന്‍െറ ജീവിതത്തിന്‍െറ ശോഭ വര്‍ധിപ്പിക്കുന്നു. പുറംകാല്‍കൊണ്ട്, തട്ടിയെറിഞ്ഞ കാമുകനെ ധ്യാനിച്ച് മറ്റെല്ലാം ത്യജിച്ച് സ്വയം ഉരുകി തീര്‍ന്ന കാമുകിയാണ് അവര്‍. ഉപഗുപ്തന്‍െറയും വാസവദത്തയുടെയും കഥ മറ്റൊരര്‍ഥത്തില്‍ ഇവിടെ പുനരാവിഷ്കരിക്കപ്പെടുന്നു. മരണം വ്യാളിയെപ്പോലെ ചുറ്റി വരിഞ്ഞ്, ചോരയും നീരും വറ്റിയ കാമുകനെ 70ാം വയസ്സിലും 17ന്‍െറ തീവ്രതയോടെ വിലാസിനി ടീച്ചര്‍ പ്രണയിക്കുമ്പോള്‍ ഇതൊരു അനശ്വര പ്രണയകാവ്യമാവുന്നു.}}Courtesy 2 Google mail.

15 അഭിപ്രായങ്ങൾ:

  1. "പെണ്ണുങ്ങളോട് പ്രായവും,ആണുങ്ങളോട് ശമ്പളവും,അവിവാഹിതരോട് അതിന്‍റെ കാരണവും ചോദിക്കരുത്- മേലാല്‍."-'. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാരണം ചോദിക്കും, ഇഷ്ടമുണ്ടെങ്കിൽ പറഞ്ഞാൽ മതി, മേലാൽ.

      ഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു ശിശൂ, നന്നായി കാര്യങ്ങൾ പകർത്തുന്നു. ആശംസകൾ. വിഷയങ്ങൾക്ക് കുറച്ചൂടെ വ്യക്തത വരട്ടേ വായനയുടെ അളവ് കൂട്ടൂ. ആശംസകൾ, അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  3. ഇതാരാണെഴുതിയത് വെള്ളരി?

    ഇതിലെ കുറെ കാര്യങ്ങള്‍ മുന്നെ വായിച്ചും, കേട്ടും പരിചയമുള്ളതാണ്.. ഈ അവസരത്തില്‍ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തിയത് വളരെ അവസരോചിതമായി. ഇതെഴുതിയ വ്യക്തിയ്ക്കും, അതിവിടെ പരിചയപ്പെടുത്തിയ വെള്ളരിയ്ക്കും അഭിനന്ദനമര്‍ഹിയ്ക്കുന്നു.. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  4. നിഷ്കളങ്കയായ ഒരു സ്ത്രീയെ മോഹിപ്പിച്ച് അവരെ മരണം വരെ അവിവാഹിതയായി കഴിയാന്‍ പ്രേരിപ്പിച്ച ഒരാളെ 'ഇതിഹാസ പുരുഷന്‍' എന്നൊക്കെ വിശേഷിപ്പിച്ചു കാണുമ്പൊള്‍ കണ്ണൂരാന് 'പുന്ജം' മാത്രമല്ല, കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നു!
    അയാളുടെ മരണക്കിടക്കവരെ അന്വേഷിച്ചെത്തിയ ടീച്ചറാണ് ഭാരത സ്ത്രീതന്‍ ഭാവശുദ്ധി!

    (ഈ പോസ്റ്റ്‌ എഴുതിയതും ഒരു സ്ത്രീയാണല്ലോ ഹീശ്വരാ!)

    മറുപടിഇല്ലാതാക്കൂ
  5. ഒട്ടു മിക്കതും പത്ര താളുകളില്‍ നിന്ന് വായിച്ചതാണ് എങ്കിലും എല്ലാം ക്രോധീകരിച്ചു സ്വന്തമായി വിശകലനം ചെയ്തു അവതരിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. എങ്കിലും, വിലാസിനി ടീച്ചര്‍ തന്‍െറ ജീവിതം കൊണ്ട് അഴീക്കോടിന്‍െറ ജീവിതത്തിന്‍െറ ശോഭ വര്‍ധിപ്പിക്കുന്നു. പുറംകാല്‍കൊണ്ട്, തട്ടിയെറിഞ്ഞ കാമുകനെ ധ്യാനിച്ച് മറ്റെല്ലാം ത്യജിച്ച് സ്വയം ഉരുകി തീര്‍ന്ന കാമുകിയാണ് അവര്‍. ഉപഗുപ്തന്‍െറയും വാസവദത്തയുടെയും കഥ മറ്റൊരര്‍ഥത്തില്‍ ഇവിടെ പുനരാവിഷ്കരിക്കപ്പെടുന്നു. മരണം വ്യാളിയെപ്പോലെ ചുറ്റി വരിഞ്ഞ്, ചോരയും നീരും വറ്റിയ കാമുകനെ 70ാം വയസ്സിലും 17ന്‍െറ തീവ്രതയോടെ വിലാസിനി ടീച്ചര്‍ പ്രണയിക്കുമ്പോള്‍ ഇതൊരു അനശ്വര പ്രണയകാവ്യമാവുന്നു....അതെന്നെ നല്ല എഴുത്ത് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ഇത്തിരിപ്പോന്ന ഒരു കഥ :
    -------------------------
    ജീവിത കാലം മുഴുവന്‍ വിഭാര്യനായി കഴിഞ്ഞു മരിച്ച അയാള്‍ ദൈവത്തിന്റെ സന്നിധിയിലേക്ക് ശിരസ്സ്‌ ഉയര്‍ത്തിപ്പിടിച്ചു അല്പം ഗമയിലാണ് നടന്നു ചെന്നത് . ദൈവം അയാളെ കണ്ടതും മുഖം തിരിച്ചു.
    'ഞാന്‍ നിനക്ക് തന്ന മധുര ചഷകം നീ നിഷ്ക്കരുണം തട്ടിക്കളഞ്ഞു ;
    പോ എന്റെ മുമ്പീന്ന്..' !!!

    മറുപടിഇല്ലാതാക്കൂ
  8. ഓരോ പ്രണയവും സ്വകാര്യമായി മാത്രം നുകരെണ്ടാതാണ് എന്ന് ഞാന്‍ കരുതുന്നു ,അതിന്റെ ന്യായാന്യായങ്ങളെ കുറിച്ച് ചികയാന്‍ നമുക്കവകാശമില്ല .ആശംസകള്‍ ഷീബാ

    മറുപടിഇല്ലാതാക്കൂ
  9. ആരാണ് ശരി ആരാണ് തെറ്റ് എന്ന് പറയാന്‍ ഞാന്‍ ആളല്ല... എനിക്കറിയുകയും ഇല്ല...സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കേണ്ട ആവശ്യവും ഇല്ല...
    എങ്കിലും ഞാനടക്കം എല്ലാര്‍ക്കുമരിയുന്ന അഴീക്കോട് വലിയ മനുഷ്യന്‍ തന്നെയാണ്... ആ വിയോഗം തന്നിട്ട് പോയത് ഒരു ശൂന്യതയാണ്...
    പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍..

    മറുപടിഇല്ലാതാക്കൂ
  10. വിലാസിനി ടീച്ചരായിരുന്നോ , അതോ അഴീക്കോട് മാഷ്‌ ആയിരുന്നോ ശരി എന്ന് അറിയില്ല.
    പക്ഷെ ഒരിക്കല്‍ വിലാസിനി ടീച്ചര്‍ മോശം സ്ത്രീ ആണെന്ന് വരെ അഴീക്കോട് മാഷ്‌ പറഞ്ഞിരുന്നു. അന്ന് തന്റെ
    പ്രണയം സത്യമാണെന്ന് കാണിക്കാന്‍ അവര്‍ക്ക് അഴീക്കോട് മാഷിന്റെ കത്ത് വരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്ഷിപ്പിക്കേണ്ടി വന്നു. പ്രതിക്കൂട്ടില്‍ കയട്ടപ്പെട്ട നിസഹയായ ഒരു സ്ത്രീയുടെ ഗതികേടായിരുന്നു അത്. വര്‍ഷങ്ങള്‍ക്കു ശേഷം മാഷിന്റെ രോഗശയ്യയില്‍ എത്തിയപ്പോള്‍ വിലാസിനി ടീച്ചറുടെ മുഖം പതിവില്ലാതെ ഉയര്‍ന്നിരുന്നു. ലോകത്തിനു മുന്‍പില്‍ തന്റെ പ്രണയം പരിശുദ്ധമാനെന്നു തെളിയിക്കാനായത്തിന്റെ ചാരിദാര്‍ത്യ മാകം .....

    മാഷിനു ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  11. പ്രണയം അതൊരു ..കാവ്യമാണ് ..ചിലപ്പോള്‍ വിലാപകാവ്യം ..

    മറുപടിഇല്ലാതാക്കൂ
  12. ശരികള്‍ക്കുമപ്പുറം ദിവ്യമായ ആ പ്രണയം ഇന്നും മനസ്സുകളില്‍ ഒരു നീറ്റലാവുന്നു.. അതുതന്നെയാണ്‍ , അതുമാത്രമാണ്‍ ശരി..

    മറുപടിഇല്ലാതാക്കൂ
  13. ഇന്നത്തെ കുഞ്ഞുതലമുറയ്ക്ക് അഴീക്കോട് എന്ന പേര് പൂര്‍ണ്ണമാവണമെങ്കില്‍ വിലാസിനി ടീച്ചര്‍ എന്ന പേര് കൂടി വേണം. വല്ലപ്പോഴും മാത്രം പത്രം വായിക്കുന്ന എന്‍റെ പത്തുവയസുകാരന്‍, അഴീക്കോട് മരിച്ചെന്ന് കേട്ട നിമിഷം ചോദിച്ചത് ഇങ്ങനെ,
    "അയ്യോ, ഇനി വിലാസിനി ടീച്ചര്‍ എന്ത് ചെയ്യും?"
    എന്നാലും താന്‍ സ്വയം വേണ്ടെന്നുവച്ചതിനു കാരണം പ്രതിശ്രുതവധുവിന്‍റെ ദുര്‍ന്നടപ്പാണെന്ന് ആരോപിച്ച ഒരാളുടെ ഹൃദയവിശുദ്ധി എത്രത്തോളമുണ്ട് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  14. ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയു....അതെ..ഒരേ ഒരാളെ മാത്രം!................................................ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയു....!,,നല്ല......... എഴുത്ത്... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ