ശനിയാഴ്‌ച, ജൂൺ 9

" ന്റെ അങ്കമാലീല്‍ ഉള്ള അമ്മാവന്‍ ആരാന്നാ വിചാരം?"


ആനകഥകള്‍..
ഉത്സവവും,പെരുന്നാളും ,ആഘോഷങ്ങളും എന്നും മലയാളിയുടെ ഗൃഹതുരത നല്‍കുന്ന ഓര്‍മ്മ  പെരുക്കങ്ങള്‍ ആണ്.ജയറാം ഉള്‍പെടെയുള്ള  ഞങ്ങള്‍ പെരുമ്പാവൂര്‍ കാര്‍ക്ക്  ആനക്കമ്പം കുറച്ചു ഏറെ കൂടുതല്‍ ആണ് താനും.ഏതു ശരാശരി മലയാളികളെയും പോലെ ഞാനും കുട്ടിക്കാലം മുതലേ വലിയ ഒരു ആനക്കമ്പക്കാരിയാണ്.
അക്കാലങ്ങളില്‍ ഈര്‍ക്കിലിന്റെ തുമ്പത്ത് കുത്തി കറക്കി വിടുന്ന  മച്ചിങ്ങക്ക് കാണാന്‍ കഴിയുന്ന ലോകമേ കണ്മുന്നില്‍ ഉണ്ടായിരുന്നുള്ളൂ എന്നിട്ടും ആനകഥകളും,ആന വിശേഷങ്ങളും,ആന മാഹാത്മ്യവും,വാ തുറന്നു പിടിച്ചു ,അന്തം വിട്ട്  കേട്ടിരുന്ന  ഒരു ആനയുടെ അത്രയും വലിയ ഒരു ചെറിയ ബാല്യവും,ലോകവും എനിക്കും ഉണ്ടായിരുന്നു.
ഓര്‍മ്മ വെച്ച   കാലം  മുതല്‍ വീട്ടില്‍ ചില്ലലമാരിയില്‍ ചെറുതും വലുതുമായ  വിവിധ മരങ്ങളില്‍ തീര്‍ത്ത വര്‍ണ്ണാഭമായ ആന പ്രതിമകള്‍ ഉണ്ടായിരുന്നു.തടി വ്യവസായി ആയ അച്ഛന്‍റെയും,വല്ല്യേട്ടന്റെയും ഓരോ യാത്ര കഴിഞ്ഞുള്ള വരവുകളിലെ ശേഖരങ്ങള്‍ ആയിരുന്നു അവ.ഞങ്ങള്‍ മക്കള്‍ ചെയ്യേണ്ട ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള സേവന വാരം എന്ന തൂത്തു തുടക്കല്‍ പ്രക്രിയയില്‍ ഞാന്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തു ചെയ്തിരുന്ന ജോലിയും  അവ എല്ലാം വൃത്തിയാക്കി ,കുളിപ്പിച്ച് കുറി തൊടുവിക്കല്‍ ആയിരുന്നു.അങ്ങേയറ്റം ഏകാഗ്രതയോടെയും,കരുതലോടെയും,അവയിലൂടെ കടന്നു പോയതിനാലാകണം ,ജീവിതത്തെ പോലെ തന്നെ ആനകിനാക്കളെയും ആനയുടെ വലിപ്പവും,മഹത്വവും തൊട്ടറിയാന്‍ കഴിഞ്ഞിരുന്നത്.അതുകൊണ്ട് തന്നെയാകണം  അന്നേ ഉണ്മയും,കനവും തമ്മിലുള്ള  അതിര്‍വരമ്പുകള്‍ പട്ടുപാവാട തുമ്പിലെ കസവ് കര പോലെ വേര്‍ തിരിച്ചു നിര്‍ത്താന്‍ ഉള്ള വിവേചനവും സിദ്ധിക്കാന്‍ കഴിഞ്ഞതും.

 ഈ ആനകമ്പം കൊണ്ട്തന്നെ ആകണം ഉത്സവങ്ങള്‍ ഒന്നുംപോലും മുടക്കാത്ത ബന്ധുവായ തോട്ടുവയില്‍ ഉള്ള മറ്റമ്മയുടെ വരവ് എനിക്കു ഒരു ഉത്സവ പ്രതീതി തന്നെ ആയിരുന്നു.മറ്റമ്മ വന്നാല്‍ പിന്നെ രാത്രി അമ്മയുടെ പതിവ്പുരാണകഥകളില്‍  നിന്നും ആനകഥകളിലേക്കും അമ്പല ഐതിഹ്യങ്ങളിലെക്കും ഉള്ള ഒരു പറിച്ചു നടല്‍..:)

സ്കൂള്‍ പഠനകാലങ്ങളില്‍ സ്ക്കൂളിനു തൊട്ടു അടുത്തുള്ള ഞങ്ങളുടെ തടി മില്ലില്‍ അച്ഛനോടോപ്പോം ഇരുന്നാണ് ഇട നേരത്തുള്ള  ഭക്ഷണം കഴിക്കുക.തടി പിടിക്കാനായി ആന മില്ലില്‍ ഉണ്ടെങ്കില്‍,പുട്ടിനോടോപ്പോം ഉള്ള  പഴമോ,ഉപ്പുമാവോ,ദോശയോ വാഴ ഇലയില്‍ പൊതിഞ്ഞ് കൊടുക്കാനും,അവനതു ആന വായില്‍ അമ്പഴങ്ങ പോലെ കഴിക്കുന്നത്‌ കാണാനും ഉള്ള കൊച്ചു മോഹങ്ങള്‍,പത്ര വായനക്കിടയിലും അച്ഛന്‍റെ കറുത്ത കട്ടി കണ്ണടകള്‍ക്ക് ഇടയിലൂടെയുള്ള  നോട്ടം കൊണ്ട് നിഷ്ഫലമായി പോയിരുന്ന ഒരു കാലം!
മിക്കവാറും വൈകുന്നേരങ്ങളില്‍ കുളിപ്പിക്കാനായി ആനയെ വീടിനടുത്തുള്ള പെരിയാര്‍ വാലി കനാലില്‍ ആനക്കാരന്‍ കുഞ്ഞന്റെ മകന്‍ അപ്പു കൊണ്ടുവരും." കുഞ്ഞന്റെ ആനാന്ന് " വിളിച്ചു ഞങ്ങള്‍ കുട്ടികള്‍ പിന്നാലെ ഓടും.അതൊരു എഴുന്നെള്ളത്താണ്    .മുന്നില്‍ അല്‍പ്പം ഗമയോടെ അപ്പു.കുഞ്ഞന്‍ എന്ന ഒന്നാന്‍ പാപ്പാന്റെ മകന്‍.
{{ന്റെ കുഞ്ഞെച്ച്യോടോപ്പോം ആണ്സ്കൂ ളില്‍ പഠിച്ചത്.ആ അപ്പു ആണ് പിന്കാലത്ത്‌ ആനകളെ കുറിച്ച് പുസ്തകം എഴുതിയത്.ആധാമായി ഒരു പാപ്പന്‍ എഴുതിയ പുസ്തകമ എന്ന പ്രാധാന്യം ആ പുസ്തകത്തിന്‌ എന്നും അവകാശപ്പെടാം(ആ പുസ്തകം ഒന്ന് വായിക്കാന്‍ കഴിഞ്ഞിട്ടില്ല...ആന വാല് ചോദിക്കുമ്പോള്‍.ഒരു ആന വാല് തരാമോ അപ്പൂ ന്നു ചോദിക്കുമ്പോ ഒരൊറ്റ വാലേ ഉള്ളു..ഇനി വേറെ മുളച്ചു വരുമ്പോ പിള്ള സാറിന്റെ വീട്ടിലെ കാന്താരിക്ക്  തരാം ട്ടോ എന്ന് പറഞ്ഞു പറ്റിച്ച്-ആന വാല് മുളക്കുന്നത്‌ നോക്കി കാത്തിരുന്ന ഒരു പാവം പൊട്ടി പെണ്‍കുട്ടിയെ ആ അപ്പു ഇപ്പൊ ഓര്‍ക്കനുണ്ടോ ആവോ?വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവന്‍ ടി.വി.യില്‍ ഇന്റര്‍ വ്യൂ വില്‍ അപ്പു എന്ന ആനക്കാരന്റെ പുസ്തകം പരിചയപെടുത്തി കൂടെ അപ്പുവിനെയും.ഇപ്പൊ അപ്പു അടുത്തുള്ള കോടനാട് ആനകൂട്ടില്‍  ജോലി ചെയ്യന്നു എന്ന് തോന്നുന്നു.അന്ന്  പത്തു വര്ഷം മുന്നേ...ആ ഇന്റര്‍വ്യൂ വില്‍ നാട്ടിലെ പലരെയും പറഞ്ഞകൂട്ടത്തില്‍ ന്റെ അച്ഛനെയും തടി മില്ലിനെയും ഒക്കെ പറഞ്ഞത് കേട്ട് ഞാന്‍ എന്ന പ്രവാസി ആനന്ദാ ശ്രുക്കള്‍ പൊഴിച്ചു}}.

അപ്പുവിന്റെ പിന്നാലെ തലയെടുപ്പോടെ സഹ്യന്റെ മകന്‍.വിരിഞ്ഞു വിടര്‍ന്ന മസ്തകം.കരുത്തുള്ള നീണ്ട തുമ്പികൈ.തടിച്ചു കൊഴുത്ത എണ്ണ മയം.നിറയെ രോമമുള്ള നീണ്ട വാല്‍!പതിനെട്ടു നഖങ്ങള്‍ ഉള്ള ലക്ഷണം ഒത്ത ആന.!!!
ആനയെ തൊട്ടും തൊടാതെയും വായ്‌ കുരവയും,ആര്‍പ്പു വിളിയുമായി കുട്ടികളും.ചില കുട്ടികളെ ആനപ്പുറത്ത്  ഇരുത്തും ,മറ്റു ചിലരെ ആനയുടെ കാലുകള്‍ക്കിടയിലൂടെ അപ്പുറം ഇപ്പുറം നടത്തിക്കും.ചിലര്‍ക്ക് ആന പൂട കിട്ടുമ്പോള്‍ ചിലര്‍ക്ക് മോതിരം പണിയാനായി ആന വാല്‍ മതി.അമ്മയുടെ കണ്ണ് വെട്ടിച്ച് ആ വിശാലമായ കുളി ഒന്ന്  കാണാന്‍ പുറപെട്ടാലും,വയല്‍ മുറിച്ചു കടക്കുന്നതിനു മുന്‍പേ തന്നെ ആ മോഹവും തെക്കന്‍ കാറ്റിന് ഒപ്പൊം നീണ്ട പിന്‍വിളിയില്‍ പപ്പായ തണ്ടില്‍ ഊതി വീര്‍പ്പിച്ച സോപ്പ് കുമിളകള്‍ പോലെ നൈമിഷികമായി മാറും.അങ്ങനെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ ആനയെ അടുത്ത്  കാണാന്‍ ഉള്ള നിഷ്കളങ്ക  മോഹങ്ങള്‍ റീലുകള്‍ വെച്ച് ഒട്ടി ചേര്‍ത്തുണ്ടാക്കിയ ചലച്ചിത്രം പോലെ മനസ്സില്‍ മിന്നി മറയുമ്പോള്‍ ജീവിത സാഹചര്യവും ,പെണ്ണായി പോയതിന്‍റെ അരക്ഷിതാവസ്ഥയും അതി സമര്‍ത്ഥമായ  ഒരു എഡിറ്റര്‍ -ടെ  അവധാനതയോടെ ആ വിരസ രംഗങ്ങള്‍ മുറിച്ചുമാറ്റി,കുറേകൂടി നൂതനവും,സജീവവുമായ രംഗങ്ങള്‍ ചേര്‍ത്ത് മനസ്സാകും തിയേറ്ററില്‍ ,കാണാതെ പോയ  ആനകാഴ്ചയുടെ ഒരു ത്രിമാന തലം തന്നെ സൃഷ്ടിച്ചിരുന്നു.
 
പിന്നെയും വളര്‍ന്നപ്പോള്‍,സംസ്കൃതം ക്ലാസ്സില്‍ വാസന്തി ടീച്ചര്‍ ആണ് മൂലാധാരത്തില്‍ വിഘ്നപെട്ടു പോകാന്‍ ഇടയുള്ള ഈശ്വരീയ ചൈതന്യത്തെ തുയിലുണര്‍ത്തണം  എന്നുണ്ടെങ്കില്‍ ക്ഷിപ്ര പ്രസാദിയായ  ഗണപതിയെ പ്രണമിക്കേണ്ടതുണ്ടെന്ന അറിവും ,ഗജ കേസരികളുടെ പുരാണഇതിഹാസങ്ങളും പങ്കുവെച്ചതും.ഭാരതീയ ജീവിതത്തില്‍ പുരാണങ്ങളില്‍ പണ്ടേ നിറഞ്ഞു  നില്‍ക്കുന്ന കഥാപാത്രവും മറ്റാരുമല്ല.ഭാരത യുദ്ധങ്ങളില്‍ വ്യൂഹം ചമച്ചു നില്‍ക്കുന്ന അക്ഷൌഹിണികളില്‍  തലയെടുപ്പോടെ നമുക്ക് ഈ കരിവീരനെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.സൌഗന്ധികം തേടി  പോകുന്ന ഭീമന്‍ മാനസരോവരത്തില്‍ തുടിച്ചു കുളിക്കുന്ന ഐരാവതത്തെ കാണുന്നുണ്ട്.സംസ്കൃതത്തില്‍ രചിക്കപെട്ട "മാതംഗ ലീല "എന്ന പേരില്‍  ആനയുടെ ലക്ഷണ ശാസ്ത്രപുസ്തകം തന്നെയാണ് ഇന്നും ആധികാരികമായി ആനയുടെ ലക്ഷണം പറയുന്ന അവസാന  വാക്ക്!!!

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും,ആനപ്രേമികളുടെ എണ്ണം വര്‍ധിച്ചു വന്നിട്ടും ,ആനച്ചന്തം ഉണ്ടായിരുന്നിട്ടും ആന ഇപ്പോഴും വന്യ ജീവിയായി തന്നെ തുടരുന്നു.അതിനു ഉദാഹരണമാണ് ഉത്സവ പറമ്പുകളില്‍ കേട്ടുവരുന്ന ആന പരാക്രമങ്ങള്‍.അതിനു പിന്നില്‍ ആനകളെ കച്ചവട ചരക്കാക്കുന്ന മലയാളിയുടെ പുതിയ വിപണന തന്ത്രവും.പണ്ട് ആനപാപ്പാന് ആനയേയും,ആന മുതലാളിയെയുംപരസ്പരം അറിയാമായിരുന്നു.എന്നാല്‍ ഇന്ന് ആന പരിപാലനത്തെ കുറിച്ചോ,ആന ചട്ടങ്ങളെ കുറിച്ചോ ഒന്നുമറിയാത്ത അവര്‍  കച്ചവട കണ്ണോടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത ഭാഷ മനസിലാക്കുന്ന ,നമ്മുടെ നാടും   നാട്ടുകാരുമായും യാതൊരു ആത്മ ബന്ധവുമില്ലാത്ത ആനകളെ ഇറക്കു മതി ചെയ്യുന്നു.പിന്നെ അവറ്റകളെ കുത്തി നോവിച്ചു മെരുക്കി പാപ്പാന്‍‌ ആകാന്‍ പഠിക്കുന്നു.

കേരളത്തിലെ ഉത്സവ പറമ്പുകളിലെ എക്ക തൂക്കം മാത്രം മുന്നില്‍ കണ്ട്,ഉയരത്തിന് മാത്രം  പ്രാധാന്യം കൊടുത്ത്,മാതംഗ ലീലയില്‍ പറയുന്ന ലക്ഷണ ശാസ്ത്രം ഒക്കെ മറികടന്നു അതിര്‍ത്തിക്കപ്പുറത്തു നിന്നും കൊണ്ടു വരുന്ന വരത്തന്മാരായ പുത്തന്‍ ആനകളാണ് പലപ്പോഴും ഉത്സവ പറമ്പില്‍  ഭീതി നിറക്കുന്നത്.ജനങ്ങളുടെ ജീവനും,സ്വത്തിനും വരെ ഭീഷണി ഉയര്‍ത്തുന്ന ഈ നടപടിക്കെതിരെ നാം ശക്തമായി പ്രതികരിക്കേണ്ടതാണ്.ഈ കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന് പതിമൂന്നില്‍  കൂടുതല്‍ ആനകള്‍ക്ക് മദപ്പാട് ഉണ്ടെന്നറിഞ്ഞിട്ടുംഅവറ്റകളെ  "ബെല്‍ഡോണ" എന്ന ഹോമിയോ മരുന്നും,ശര്‍ക്കരയും,എള്ളും,കടുകും ചേര്‍ത്ത      മിശ്രിതവും,അമോണിയ സല്ഫെറ്റ് ചേര്‍ത്ത ചോറും നല്‍കിയാണ്‌ ഇവയെ മയക്കി നിര്‍ത്തുന്നത്.ഉത്സവ പറമ്പിലെ ആരവവും,മാറി വരുന്ന കേരളത്തിലെ കാലാവസ്ഥയായ  അത്യുഷ്ണവും ,  ഉച്ച   ഭാഷണിയില്‍ നിന്നുള്ള  ശബ്ദവും ,തീവെട്ടിയുടെ ചൂടും,കരിമരുന്നു പ്രയോഗവും,വെടിക്കെട്ടും,പാണ്ടി മേളവും സഹിക്കുന്ന ആനകള്‍ക്ക് മദപ്പാടില്‍ പോലും വിശ്രമം അനുവദിക്കാതെ പണത്തിനു വേണ്ടി മരണം വില കൊടുത്തു വാങ്ങുന്നവരാണ് നമ്മള്‍.മയക്കം വിട്ടുമാറുമ്പോള്‍ മദ പ്പാടിന്റെ  ലക്ഷണം പുറത്തെടുക്കുന്ന ആനകള്‍ ഉത്സവ പറമ്പുകളില്‍ ഇടയുന്നു.

ഈ കഴിഞ്ഞ പൂരത്തിന് ഒത്തിരി വലിയ ദുരന്തം സംഭവിക്കാതെ രക്ഷപെട്ടെങ്കിലും,പൂരത്തിന് ആന ഇടഞ്ഞു എന്ന വാര്‍ത്ത‍ പൂരത്തിനായി പോയവരുടെ വീട്ടിലിരിക്കുന്ന ബന് ന്ധുക്കളെയും,പ്രിയപെട്ടവരെയും,നിമിഷങ്ങളോളം മുള്‍മുനയില്‍ തന്നെയാണ്  നിര്‍ത്തിച്ചത്.എന്‍റെ ഏറെ പ്രിയപ്പെട്ട സഖി "എന്താ നമ്മള്‍  പെണ്ണുങ്ങള്‍ക്കും പൂരം കണ്ടാല്‍?" ,എന്ന്  തലേന്നാള്‍ സോഷ്യല്‍ മീഡിയ യിലൂടെ പ്രഖ്യാപിച്ചു കാണാന്‍ പോയ പൂരമായിരുന്നു!!! ജോലിക്കിടയില്‍ വെറുതെ കിട്ടുന്ന  സമയം നെറ്റ്  ലോകത്തെ വാര്‍ത്തകള്‍ വിടാറില്ല.(നുമ്മ പ്രവാസിക്ക് അതൊക്കെയല്ലേ പറ്റു....)ഓണ്‍ ലൈന്‍ വാര്‍ത്തകള്‍ കേള്‍ക്കാനായി നോക്കിയപ്പോള്‍ അതാ ഒരു ബ്രേക്കിംഗ്  ന്യൂസ്‌ - "തൃശൂര്‍  പൂരത്തിനിടയില്‍ ആന ഇടഞ്ഞു". നിമിഷനേരം നെഞ്ചില്‍ ഒരു ട്രാഫിക്‌ ജാം.ഏക ദൈവ വിശ്വാസി ആയിട്ടും ഏറെ പ്രിയ  ദൈവങ്ങളെ എല്ലാം അറിയാതെ വിളിച്ചു പോയി....ന്റെ കൃഷ്ണാ ))) ,തേവരെ,ഗണപതി...കാത്തോളനെ! (ഓസിനു കിട്ടുന്ന നെറ്റിനു ആയുസ്സ് കുറവാന്നല്ലേ പറയ്യാ....കൊടീശ്വരനില്‍ സുരേഷ് ഗോപി പറയുന്ന പോലെ "നെറ്റ് കണക്ഷന്‍   ദാ വന്നു ദേ പോയി... "എന്ന് പറഞ്ഞു കളിക്കുന്നു!!!

ഒന്ന് ഞാനും നടുങ്ങി.തൃശൂര് കാര്യായിട്ടുംപെണ്ണായി പോയതിനാലോ എന്ന് ചോദിച്ച്   ഇന്നുവരെ പൂരം കാണാന്‍ കഴിയാത്ത എന്‍റെ സഖി  അവളുടെ രോഷം  പ്രകടിപ്പിച്ചു സോഷ്യല്‍ മീഡിയ യിലൂടെ ഒരു തൃശ്ശൂര്‍ പൂരം തന്നെ തലേന്ന്  സൃഷ്ടിചിട്ടാണ് പൂരത്തിനായി പോയത്.അതോര്‍ത്തായിരുനില്ല  ഞാന്‍ ആകുലപെട്ടത്‌.എന്‍റെ നാട്ടില്‍ നിന്നും ഇത്തവണ തൃശൂര്‍ പൂരത്തിന് ഒരു ലക്ഷണമൊത്ത ഗജവീരന്‍ പോയിരുന്നു.തലയെടുപ്പുള്ള ശാന്ത സ്വഭാവി ആയ  ആ സഹ്യന്റെ മകന്‍.അടുത്ത് ചെല്ലാന്‍ പണ്ടേ പേടി ആയിരുന്നു ,ഉപദ്രവിക്കില്ലെന്നരിഞ്ഞിട്ടും ദൂരെ മാറി നിന്ന് സാകൂതം  വീക്ഷിച്ചു .. അവന്റെ വമ്പ ത്തരങ്ങള്‍  കണ്ടു കണ്ടു (ഒന്ന് തൊടാനായി ) കൊതി കൊണ്ട് നിന്ന എന്നിലെ നാട്ടിന്‍പുറത്തുകാരിയായ ആന പ്രേമിക്ക്‌ ആ വാര്‍ത്തയെക്കാള്‍ വലിയ ആധി മറ്റെന്തുണ്ട്???

ഇനി അവനെങ്ങാനുമാണോ ഇടഞ്ഞത്?അതല്ലെങ്കില്‍ ഏതെങ്കിലും ഇടഞ്ഞ ആന അവനെ ??ആദ്യമായുള്ള   പൂരകാഴ്ച്ചയല്ലേ ...അവന്‍ ഒന്ന്പകച്ചു കാണുമോ?ഓര്‍ത്തപ്പോള്‍ എന്നിലെ ആനപ്രേമി ആധിയുടെയും,ആകാംക്ഷയുടെയും  ചെങ്ങല പൊട്ടിച്ചു!!!
നേരെ വിളിച്ചു നാട്ടിലേക്ക്..!"അമ്മേ പൂരത്തിന് ആന ഇടഞ്ഞു ന്നു വാര്‍ത്ത വായിച്ചു മുഴുവന്‍ വായിക്കാന്‍ കഴിഞ്ഞില്ല  ഇവിടെ നെറ്റ് കിട്ടണില്ല  -അമ്മ ഒന്ന് ടി. വി .വെച്ചേ..ബ്രേക്കിംഗ് ന്യൂസ്‌ ഒന്ന് വായിച്ചേ! "
ഫോണ്‍ കയ്യില്‍ പിടിച്ചു കൊണ്ട് തന്നെ അമ്മ പറയുന്നുണ്ടായിരുന്നു...."ശിവ ശിവ...തൃശ്ശൂര് ആന ഇടഞ്ഞാ ഈ കുട്ടിക്കെന്തിനാ ഇത്ര സങ്കടം?.ഇവിടൊന്നു ആരൂട്ടു പോയിട്ടും ഇല്ലല്ലോ...ഇമ്മാതിരി വാര്‍ത്തയൊക്കെ ഈ കാന്താരിക്കു എവിടുന്ന കിട്ട്വാ.. ഇന്നാള് ഒരൂസം എങ്ങാണ്ട് ഭൂമി കുലുങ്ങി ..മുല്ലപെരിയാര്‍ പൊട്ട്വോ അമ്മേ ന്നും ചോദിച്ച് കരഞ്ഞു...ഇങ്ങട് വരട്ടെ ,അവള്‍ക്കു നല്ല  ചൂരല്‍ കഷായത്തിന്റെ കുറവുണ്ട്.." പിറു പിറുത്തു കൊണ്ട് അമ്മ പറഞ്ഞു...ആന ശാന്തസ്വഭാവിയായി അറിയപെട്ടാലും ആന അന്നും ഇന്നും എന്നും വന്യ ജീവി തന്നെ :("

എന്നിട്ട്  ഉറക്കെ വായിച്ചു...ങാ,ഉണ്ട്ടെടി മോളെ,"ആന ഇടഞ്ഞു ആളപായമില്ലാ...".......
ആശ്വാസം..!!!
എന്നാല്‍ അതേതു ആനാന്ന് ചോദിക്കുന്നതിനു മുന്‍പ്  സൗദി ടെലികോം കമ്പനി മുന്നറിയിപ്പ് തന്നു..." യു ഹാവ്  സീറോ ബാലന്‍സ്.പ്ലീസ് റീ ചാര്‍ജ്  " സംപൂജ്യയായി കസേരയിലേക്ക് വീഴുമ്പോള്‍ സ്വയം  ചോദിച്ചു  ഇത്രേം കാശ് ഫോണില്‍ ചിലവിട്ടു ഇങ്ങനെ ഒരു കാര്യം ചോദിയ്ക്കാന്‍ മാത്രമായി നാട്ടില്‍ വിളിച്ച  എനിക്ക് ഇതെന്തിന്റെ കേടാ..? ഇടയ്ക്കു നല്ല പാതി പറയണ പോലെ ...ഇനി എങ്ങാനും തലേടെ നട്ടോ ബോള്‍ട്ടോ അഴിഞ്ഞു പോയോ ....? തല കുലുക്കി നോക്കി ഹേ ഒച്ചയൊന്നും കേള്‍ക്കാനില്ല  എന്തും ആകട്ടെ..നാട്ടില്‍ ഇത്തവണ അവധിക്കു ചെല്ലുമ്പോള്‍ നെല്ലിക്ക തളം വെക്കണം.എന്‍റെ നാട്  യെതാന്നു അറിയ്യോ ? ...അങ്കമാലിക്കടുത്തു  പെരുമ്പാവൂരാ....മനസ്സിലായില്ലേ അങ്കമാലീല്‍ ഉള്ള ന്റെ അമ്മാവന്‍ പ്രധാനമന്ത്ര്യാ...... ഒരു ആനകമ്പം....അത് കൊണ്ട് ആര്‍ക്കും ഒരു ദോഷോം  ഇല്ല  -ന്നിട്ടും...ന്റെ കുട്ടികൃഷ്ണന്‍ അടക്കം എന്നോട്  ചോദിച്ചു - വട്ടാല്ലേ ന്നു? അല്ലെങ്കിലും ഈ വട്ട്..വട്ട് എന്ന് വെച്ചാ എന്നതാ..ഈ കുട്ടികള്‍ റോഡുംമേ ഇട്ടു ഓടിക്കണ സാധ്നാണോ???ആ ....? ആര്‍ക്കരിയ്യാ? 

ഒരു കവിത ചൊല്ലാതെ ഇനി ഉറക്കം വരില്ല..:(

......"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ...."

എന്നാണ്‌ കവിയും സങ്കടം സഹിക്കാതെ പാടിയത്‌.

(ആനകഥകള്‍ തുടരും.... :)

വെള്ളിയാഴ്‌ച, ജൂൺ 8

മഴ ....പ്രവാസത്തിന്റെ ഗൃഹാതുരത

മഴ ....പ്രവാസത്തിന്റെ ഗൃഹാതുരത....  മഴയിലെക്കെത്താന്‍ ഉള്ള കാത്തിരിപ്പ്‌. അവധികാലത്തിനു ഇനിയും ദിനങ്ങള്‍...അതിനിടയില്‍ " എയര്‍ ഇന്ത്യ "വില്ലന്‍ കഥാപാത്രമായി അവതരിച്ചു.ഏറെ കളിപ്പിച്ചു...ഭാഗ്യം  തുണച്ചു.ബുക്ക്‌ ചെയ്തു കാത്തിരുന്ന  ...വെയിറ്റ്ന്ഗ് ലിസ്റ്റില്‍ ആയിരുന്ന  സൗദി എയര്‍ലൈന്‍സ്‌ ടിക്കറ്റ്‌ കണ്‍ഫേം ആയി.അങ്ങനെ അവസാനം ടിക്കറ്റ്‌ കിട്ടി...ഹോ.....ഏറെ നാളത്തെ കാത്തിരിപ്പിന് സമാപ്തി.അല്ലെങ്കിലും ആര്‍ക്കു വേണം എയര്‍ ഇന്ത്യ ടിക്കറ്റ്‌?

:)))


വ്യാഴാഴ്‌ച, ജൂൺ 7

ഗാനാഞ്ജലി...


Maanasa Sancharare

Raga: Shyama, Harikambhoji janya,Taalam: Adi.Aa: S R2 M1 P D2 S Av: S D2 P M1 G3 R2 S .
मानस सन्चररे। ब्रह्मणि मानस सन्चररे॥ मदशिखि पिञ्छालन्क्रुत चिकुरे। महणीय कपोल विजित मुकुरे॥
श्री रमणी कुच दुर्ग विहारे। सेवक जन मन्दिर मन्दारे॥परमहम्स मुखचन्द्र चकोरे। परिपूरित मुरली रवधारे॥
"Oh!My God,U r Great,Approach in your mind,He who sports a beautiful peacock feather in His hair, whose illustrious cheek surpasses a blossom,Although resides in His consort Lakshmi's bosom, is the wish-fulfilling tree of His devotees' abodes,Whose moon-like face delights the eyes of the highest ascetic like drinking nectar, and (which visage) is filled by the stream of music.I will worship u ...till my last breath".
ദൈവമേ ആ  പാദത്തില്‍ ഒരു കര്‍പ്പൂരമായി........ഒരു തുളസി കതിരായി സമര്‍പ്പിക്കുന്നു......
ഗാനാഞ്ജലി...!

തിങ്കളാഴ്‌ച, ജൂൺ 4

പുതുമഴയില്‍ നാം മറക്കുന്ന പ്രശ്നങ്ങള്‍!

അദ്ധ്യാപക രക്ഷകര്‍ത്താ സംഘടനകളുടെ ശ്രദ്ധക്ക്...! (വിഷയം ഒരു ലേഖനത്തിനുതകുന്നതാണ്...പക്ഷെ ഇപ്പോള്‍ ഈ തിരക്കില്‍ ആര്‍ട്ടിക്കിള്‍ ഒന്നും വായിക്കാന്‍ ആര്‍ക്കും ക്ഷമ ഇല്ലാതായിരിക്കുന്നു.എഴുതാനും...:( 


നമ്മുടെ മക്കള്‍ ,പുത്തന്‍ കുട,പുത്തന്‍ ഉടുപ്പ്...പുതിയ ക്ലാസ്സിലേക്ക്...മഴയോടൊപ്പോം പുത്തന്‍ അധ്യയന വര്‍ഷത്തിലേക്ക്!
ഒരു മാറ്റ വുമില്ലാത്തത്
 1.കേരളത്തിലെ താറുമാറായ നിരത്തുകള്‍ ,
2.കുഞ്ഞുങ്ങളെ കുത്തി നിറച്ചു കൊണ്ട് മത്സര ഓട്ടം നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍
3. സ്കൂള്‍ കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാവിധ അനധികൃത സി .ഡി.പാന്‍പരാഗ് ,അശ്ലീല പുസ്തക കച്ചവടങ്ങള്‍ ,
4. കാലപ്പഴക്കം ചെന്ന വാഹനങ്ങളില്‍സുരക്ഷിതമല്ലാത്ത യാത്ര,
5.അപകടകരമായ നിലയില്‍ കേടുപാടുകള്‍ വന്ന ക്ലാസ്സ്മുറികള്‍,
6.വിദ്യാലയത്തിനോട് ചേര്‍ന്ന് ഭീഷണിയായി നില്‍ക്കുന്ന വന്മരങ്ങള്‍.
7.കളര്‍ നല്‍കി ആകര്‍ഷണീയം ആക്കി വില്‍ക്കുന്ന മായം ചേര്‍ത്ത ഭക്ഷണ സാമഗ്രികള്‍,
8.അനാവശ്യമായി ചുറ്റിത്തിരിയുന്ന സാമൂഹ്യ വിരുദ്ധര്‍
 9.കണ്ണുതെറ്റിയാല്‍ ആണ്‍ പെണ്‍ ഭേദമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളെ റാഞ്ചി കൊണ്ട് പോകുന്ന മനുഷ്യമൃഗങ്ങള്‍
10.മദ്യപിച്ച് അനാവശ്യ മാനസിക വൈകല്യവുമായി ഉടുമുണ്ടഴിച്ചു സ്കൂള്‍ പരിസരത്തു അനാവശ്യമായി ചുറ്റിത്തിരിയുന്ന സാമൂഹ്യ വിരുദ്ധര്‍.... 


ഇങ്ങനെ സ്കൂള്‍ കേന്ദ്രീകരിച്ചു പ്രശ്നങ്ങള്‍ നിരവധി ആണെന്നിരിക്കെ ഓരോ സ്കൂളിലെയും അധ്യാപക-രക്ഷകര്‍ത്താ സംഘടനകള്‍,സ്ഥലത്തെ പ്രധാന പൌര പ്രമുഖര്‍ ,നാട്ടുകാര്‍,എന്നിവര്‍ ഈ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടതാണ്.(ഇവിടെ പ്രവാസലോകത്തായിട്ടും എന്തു കൊണ്ടോ നാട്ടിലെ കുഞ്ഞുങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്തേ എനിക്കിങ്ങനെ ഏറെ ആധി?)