വ്യാഴാഴ്‌ച, മാർച്ച് 8

ഒരു വനിതാ ദിനചിന്തകള്‍.....1857 മാർച്ച് എട്ടിന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. 1909 ഫെബ്രുവരി 28 നു യു.എസ്സിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി.


ആദിമ കാലം മുതലെ ഒരു പക്ഷെ, ലോകമെമ്പാടും തന്നെ പുരുഷമേല്‍ക്കോയ്മയുടെ ചൂഷണാധിഷ്ഠിതമായ മനോഭാവം പല രൂപത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ദുര്‍‌വ്യാഖ്യാനങ്ങളിലൂടെ അസ്ഥിരപ്പെടുത്തുന്ന സമീപനവും നിലനില്‍ക്കുന്നു."
പിതോ രക്ഷതി കൌമാരേ ,ഭര്‍ത്ത്രോ രക്ഷതി യൌവനേ..പുത്രോ രക്ഷതി വാര്‍ദ്ധിക്ക്യെ  “ന: സ്ത്രീ സ്വാതന്ത്ര്യ മര്‍‌ഹതി” എന്ന മനു വാക്യം പോലും ഏതര്‍ത്ഥത്തിലായാലും നിഷേധഭാവമാണ്‌ ഉള്‍ക്കൊള്ളുന്നത്."സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല." എന്നത് "അര്‍ഹിക്കുന്നില്ലാ? ???" എന്ന് ചോദിച്ചു കൂടെ?


എന്ത് കൊണ്ട് ഒരു ചോദ്യ ചിഹ്നം ഇട്ട് ആ മനു സ്മൃതിയിലെ  വാക്യം പുനര്‍ക്രമീകരിച്ചു കൂടാ? അടുക്കളയിലും അരങ്ങത്തും അണിയറയിലും പണിസ്ഥലത്തും ,
വാഹനങ്ങളിലും, സ്ത്രീകള്‍ ചൂഷണത്തിന്‌ വിധേയരാകുന്നു. മനുഷ്യര്‍ എന്ന വിഭാഗത്തിലെ പ്രത്യക്ഷമായ സ്ത്രീ-പുരുഷ ചേരി തിരിവ് ആര്‍ക്കു വേണ്ടി, ആരാല്‍ സൃഷ്ടിക്കപ്പെട്ടു? ചിന്തനീയമാണ്‌.സ്ത്രീകളേക്കാല്‍ എന്തുകൊണ്ടും ഒരുപിടി മുന്നില്‍ തന്നെയാണ്‌ തങ്ങളെന്ന പുരുഷ കേന്ദ്രിതമായ നിലപാടുകള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്? ശാക്തിക ബലത്തിന്റെ അഹന്തയില്‍ നിന്നുയരുന്നതാണൊ ഇത്തരം നിലപാടുകള്‍? ശാരീരികക്ഷമതയില്‍ മുന്നില്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് ക്ഷമത കുറവെന്ന് വിവക്ഷിക്കപ്പെടുന്ന സ്ത്രീകളുടെ മേല്‍ പ്രത്യേക അവകാശം ചാര്‍ത്തപ്പെടുന്നത് ഒരു ഫ്യൂഡല്‍ മനോഗതിയുടെ ബാക്കി പത്രമാണൊ. അതോ , അരാജകത്വം നിറഞ്ഞ ഒരു സമൂഹം അതിന്റെ അനിവാര്യമായ വേഷപ്പകര്‍ച്ചകള്‍ ആടിത്തീര്‍ക്കുകയാണോ?
 ജനനിയായും സഹോദരിയായും പത്നിയായും പൊതുസമൂഹത്തില്‍ ഇടപെടുന്ന സ്ത്രീയെ അവഹേളനത്തിന്റെ നീര്‍ച്ചുഴിയില്‍ തള്ളിയിടുന്ന ആണ്‍കോയ്മ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്‌. മനുഷ്യര്‍ എന്ന പദവിയില്‍ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണ്‌ എന്ന വസ്തുത നാം മനസിലാക്കണം. അതിന്‌ ഫെമിനിസത്തിന്റെ കൂട്ടൊന്നും വേണ്ട.

എന്തുകൊണ്ട് സൗമ്യമാരും ജയഗീതമാരും വീണ്ടും വീണ്ടും അപമാനിക്കപ്പെടുന്നു. ആത്മരക്ഷാര്‍ത്ഥം നിലവിളിക്കുന്ന സ്ത്രീയുടെ ശബ്ദം ബധിരകര്‍ണ്ണങ്ങളില്‍ പതിച്ച് ശൂന്യമായിത്തീരുന്ന കാഴ്ച തീവണ്ടികളില്‍ മാത്രമല്ല, തെരുവകളിലും പണിശാലകളിലും എന്തിനേറെ സ്വന്തം കുടുംബത്തില്‍ നിന്നു പോലും കാണുവാന്‍ കഴിയുന്നുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം സാംസ്കാരിക കേരളത്തിന്‌ അപമാനകരമാണ്‌. ജനപ്രതിനിധി സഭകളില്‍ പാതിസം‌വരണം നല്‍കി ഭരണകൂടം സ്ത്രീയെ പരിഗണിക്കുമ്പോള്‍ അതേ ഭരണകൂടത്തിന്റെ കാവലാളന്മാരാല്‍ അവഗണിക്കപ്പെടുന്നുണ്ടെങ്കില്‍ അത് ആശാസ്യകരമല്ല. ഇതൊന്നും കാഴ്ചയുടെ പ്രശ്നമല്ല, കാഴ്ചപ്പാടിന്റെ വ്യതിയാനമാണ്‌. സ്ത്രീ എന്നും ബഹുമാനിക്കപ്പെടേണ്ടവള്‍ തന്നെയാണ്‌. ഭൂമിയോളം താഴുന്ന പ്രതിരൂപം എന്ന കാല്പ്പനിക ഭാവമല്ല സ്ത്രീയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമുക്ക് വേണ്ടത്. മറിച്ച് ഒരു മനുഷ്യസൃഷ്ടിയെന്ന നിലയിലുള്ള പരിഗണനയാണ്‌. അത് ആണ്‍കോയ്മയുടെ ഔതാര്യമായി കാണരുത്. പൊതുസ്ഥലത്തും യാത്രകളിലും എന്നുവേണ്ട എവിടെവച്ചുപോലും പീഡിപ്പിക്കപെടാനും ചൂഷണത്തിനു വിധേയരാകാനും സാധ്യതയുള്ള അവസ്ഥാവിശേഷം സ്വന്തം നാടെന്ന് അവകാശപ്പെടുന്ന സാക്ഷരകേരളത്തിന്‌ ഭൂഷണമല്ല.

ഈ അന്തര്‍ദേശീയ വനിതാദിനത്തില്‍ നാം പങ്കു വയ്ക്കേണ്ടത്
സമത്വത്തിലൂന്നിയ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌. സ്ത്രീ-പുരുഷ ഭേദമന്യേ അതിരുകളില്ലാതെ സ്വാതന്ത്ര്യത്തിന്റെ മധുരം നുണയാന്‍ നാം ശക്തരാകണം. അത് ഒരു കൂട്ടായ്മയുടെ ശക്തിയാണ്‌. പെണ്മനസിനെ പിന്നാമ്പുറത്തു നിറുത്തുന്ന അഹംബോധം നാം മാറ്റിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.വനിതാസംവരണബില്‍ ലോകസഭയില്‍ പാസ്സാക്കണമെന്ന് രാജ്യത്തെ വനിതകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും അതിപ്പോഴും കോള്‍ഡ് സ്റ്റോറേജി ലാണ് . ലോകസഭയിലും നിയമസഭകളിലും 33 ശതമാനം സംവരണമെന്ന ആവശ്യം ഈ വനിതാദിനത്തിലും യാഥാര്‍ഥ്യമായില്ല. 2010 മാര്‍ച്ച് ഒന്‍പതിനാണ് രാജ്യസഭ ബില്‍ പാസാക്കിയത്. എന്നാല്‍ ലോകസഭ കൂടി പാസാക്കി ഇതൊരു നിയമമാക്കാന്‍ കഴിയുന്നില്ല എന്നത് അപഹാസ്യമായ ഒന്നാണ്.

ജീവിതദുരിതങ്ങള്‍ ഒരിക്കലും ഒരുകാലത്തും ദൈവഹിതമല്ല.മറിച്ച്  ഭരണാധികാരികളുടെ സ്ത്രീവിരുദ്ധനയങ്ങളാണ് അതിന് കാരണമാകുന്നത്. മുതലാളിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ ലോകമെങ്ങും വളര്‍ന്നുവന്ന പോരാട്ടങ്ങള്‍ സ്ത്രീവിമോചനപ്രസ്ഥാനങ്ങള്‍ക്കും കരുത്തുപകരുന്നു.സംഘടിതപോരാട്ടങ്ങളുടെ ഫലമായി നീതിയുടെ നുറുങ്ങുവെട്ടം ചില മേഖലകളില്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞെങ്കിലും സ്ത്രീസമൂഹത്തിന്റെ 75 ശതമാനവും ഇപ്പോഴും അവഗണനയുടെ ഇരുളില്‍ കഴിയുകയാണ്. ലോകത്തിലെ 1.3 കോടി പരമദരിദ്രരില്‍ 70 ശതമാനം സ്ത്രീകളാണ്.പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഈയിടെ പറഞ്ഞത്, ഇന്ത്യയിലെ 42 ശതമാനം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുകൊണ്ട് ദുരിതമനുഭവിക്കുന്നു എന്നാണ്. അഴിമതിയിലൂടെ ഇന്ത്യയിലെ ധനാഢ്യര്‍ചോര്‍ത്തിയെടുത്ത് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച  
തുകയുടെ ഒരു ശതമാനംമാത്രം മതി സ്ത്രീയുടെയും കുട്ടികളുടെയും  പട്ടിണി മാറ്റാന്‍ .ഇന്ത്യന്‍ സ്ത്രീയുടെ അവകാശനിയമം കോള്‍ഡ് സ്റ്റോറേജില്‍ ഇന്നും തുടരുന്നു.
പുരുഷനെ ശത്രുവായി കണ്ട് അവരുടെ മേല്‍ മേധാവിത്വം  കാണിക്കുകയല്ല വനിതാ ശാക്തീകരണം കൊണ്ട് ലക്ഷ്യമാക്കേണ്ടത്.പകരം അവരുടെ സഹകരണവും,ആശയ സംവാദവും പ്രയോജനപെടുത്തി ഒരേ തൂവല്‍ പക്ഷികളെപ്പോലെ ഒരുമിച്ചു പറക്കുകയാണ് ആധുനിക സ്ത്രീകള്‍ക്ക് അഭികാമ്യം. 

"ആണിന്‍റെ തുണയില്ലാതെയും  ജീവിക്കാന്‍ കഴിയുമെന്ന് പറയുന്നു പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ , "ലിവിംഗ് ടുഗതര്‍"'' പ്രചരിപ്പിക്കുന്ന നവീന സ്ത്രീത്വം,ഇതൊന്നുമല്ല പാശ്ചാത്യ സംസ്കാരങ്ങള്‍ക്കു അടിമപ്പെടാതെ കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന തനി നാടന്‍ ഭാര്യയും,അമ്മയും,അമ്മൂമ്മയും  ആയി മാറുമ്പോള്‍ ആണ് ഭാരതീയ വനിത യദാര്‍ത്ഥ  പെണ്ണായി മാറുന്നതെന്ന് എല്ലാ ബഹളങ്ങള്‍ക്കിടയിലും പെണ്ണ്  തിരിച്ചറിയേണ്ടിയിരിക്കുന്നു....സ്വന്തം കുടുംബത്തെ മാറോടു അടക്കി പിടിച്ചുള്ള ഏതു സ്വാതന്ത്ര്യവും അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം.അരക്ഷിതാവസ്ഥയില്‍ നിന്നും മുക്തി നേടണം.അബലയല്ലാ എന്ന് സ്വയം തിരിച്ചറിയപെടണം.വെറും പൊട്ടി പെണ്ണായി മാറാതെ ,പ്രതീക്ഷ കൈ വിടാത്ത അധ്വാനശീലമുള്ള..അഭിമാനബോധമുള്ള പെണ്ണായി നമ്മുടെ പെണ്‍പൂക്കള്‍ വിടരട്ടെ...  “ഗ്രാമീണവനിതകളെ ശാക്തീകരിക്കുക" – "ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക” 

എന്ന വനിതാദിന മുദ്രാവാക്യത്തിന്റെ അ:ന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്
പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ ദിനത്തെ വരവേല്‍ക്കുന്നു.
"വനിതാദിനാശംസകള്‍.."'' 

5 അഭിപ്രായങ്ങൾ:

 1. വനിതാ ദിനാശംസകള്‍ .. ഈ പ്രത്യേക ദിനങ്ങള്‍ എന്തിനാണ് എന്ന് നമ്മള്‍ പലപ്പോഴും ചോദിക്കാറുണ്ട് -- എല്ലാ ദിനവും വനിതാ ദിനസും അമ്മ ദ്ടിവസവും ഒക്കെ അല്ലെ ശിശു ദിനവും ..പിന്നെ എന്തിനാ പ്രത്യേക ദിവസങ്ങള്‍ എന്ന് ... ശരിയാ തത്വം പറഞ്ഞാല്‍ എല്ലാ ദിവസവും ഒരു പോലെ തന്നെ..എല്ലാ ദിവസവുമ ചാനും അമ്മയും ഭാര്യും മകനുമൊക്കെ ഉണ്ടല്ലോ.ഒരു ദിവസമായി അവര്‍ പ്രത്യക്ഷ പ്പെടുന്നതല്ല എന്നാലും .. .. നമ്മള്‍ ഒക്കെ സാദാ മനുഷ്യര്‍ അല്ലെ .. നമുക്ക് ഒക്കെ തിരക്കല്ലേ.. തലയില്‍ എന്തൊക്കെ സംഭവങ്ങള്‍ ആണ് .. ജീവിത പ്രശ്നങ്ങള്‍.. ഉദ്യോഗം ..രാഷ്രീയം .. അതര്‍ ദേശീയ പ്രശ്നനഗല്‍ എങ്ങനെ നമ്മള്‍ അല്ലം അത്ര പ്രശ്നങ്ങള്‍ തലയില്‍ കൊണ്ട് നടക്കുന്നു .. അപ്പൊ എല്ലാ ദിവസവും നമ്മളെ കുറിച്ച് / ഇവരെക്കുറിച്ച് ഓര്‍ക്കാന്‍ നമുക്ക് എവിടെ സമയം ..!! ല്ലേ .. ഹ ഹ !

  അത് കൊണ്ട് തന്നെ വിശേഷ ദിവസങ്ങള്‍ കൂടിയേ തീരൂ നമ്മളെ ചിലതൊക്കെ ഓര്‍മിപ്പിക്കാന്‍ ..! അന്നെങ്കിലും നമ്മള്‍ നമ്മുടെ അമ്മയെ കുറിച്ച് ഓര്‍ക്കുമല്ലോ .. ഭാര്യ ഒരു സ്ത്രീ ആണ് അന്നും മക്കള്‍ ബാല്യം വാത്സല്യം എന്നിവ അവകാശപ്പെട്ടവര്‍ ആണ് എന്നും നമ്മള്‍ ഓര്‍ക്കുമല്ലേ .. നല്ലത് തന്നെ .. ! ബുദ്ധി ജീവി ചമഞ്ഞു എല്ലാത്തിനെയും കുറ്റം പറയാന്‍ വാസുവില്ല !! :)

  ഈ വനിതാ ദിനത്തില്‍ , ഓര്‍ക്കപ്പെടെണ്ട വനിതകള്‍ ആരെല്ലാം ആണ് എന്ന് പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകും.. വാസുവിന് അതില്‍ സംശയം ഒട്ടുമില്ല.. വനിതകായി ജനിച്ചത്‌ കൊണ്ട് മാത്രം പാര്‍ശ്വ വല്ക്കരിക്കപ്പെട്ടു പോയ , സമൂഹത്തിന്റെ പൊതു ധാരയില്‍ എങ്ങുമെത്താത്ത ശബ്ദങ്ങള്‍ക്ക്‌ തന്നെ . സ്ത്രീ തന്റെ ജീവിതം എന്നത് കൊണ്ട് മാത്രം ഈ മനുഷ്യസംകാരത്തെ ലക്ഷങ്ങളോളം വര്‍ഷങ്ങളായി അവള്‍ മുലയൂട്ടി വളര്‍ത്തി , ചോറ് കൊടുത്തു , പോന്നു പോലെ കാത്തു രക്ഷിച്ചു ..നിശബ്ദമായി ..! സ്ത്രീ ഇല്ലെങ്കില്‍ ജീവനില്ല .. ..ജീവനില്ലെങ്കില്‍ എന്ത് സംസ്കാരം ..!! ആ സത്യം തിരിച്ചറിയുക ഈ വനിതാ ദിനത്തില്‍ ... ആ ശബ്ദം ശ്രവിക്കുക .. ഇപ്പോഴും ബാല്യമായ മനുഷ്യ സംസ്കാരെത്തെ ഇനിയും ഊട്ടി വളര്‍ത്താനുള്ള വഴി അത് മാത്രമാണ് .. അവര്‍ക്ക് മാത്രമേ അത് സാധിക്കൂ ..!

  നന്ദി ! നന്ദി ! നന്ദി !

  ഈ സന്ദര്‍ഭത്തില്‍ - അല്പം വിഷയത്തില്‍ നിന്നും മാറിയാനെങ്കിലും വാസുവിന്റെ പോസ്റ്റ്‌ ഇവിടെ :)

  മറുപടിഇല്ലാതാക്കൂ
 2. "പാശ്ചാത്യ സംസ്കാരങ്ങള്‍ക്കു അടിമപ്പെടാതെ കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന തനി നാടന്‍ ഭാര്യയും,അമ്മയും,അമ്മൂമ്മയും ആയി മാറുമ്പോള്‍ ആണ് ഭാരതീയ വനിത യദാര്‍ത്ഥ പെണ്ണായി മാറുന്നതെന്ന് എല്ലാ ബഹളങ്ങള്‍ക്കിടയിലും പെണ്ണ് തിരിച്ചറിയേണ്ടിയിരിക്കുന്നു...."
  സ്ത്രീസമത്വവാദം എന്ന് പറയുന്നത് ഈ വഴിക്കായിരുന്നെങ്കില്‍ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സമൂഹത്തിനും സ്ത്രീ എന്ന കാഴ്ച്ചപ്പടിനും അവളുടെ ആര്‍ദ്ര സ്വഭാവത്തിനും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ ജീവിക്കാന്‍ പറ്റുന്ന, അവളുടെ അവകാശങ്ങള്‍ക്കും ന്യായമായ ആവശ്യങ്ങള്‍ക്കും വിലക്കുകളില്ലാത്ത സ്വാതന്ത്ര്യം. അതാണ്‌ ശരിയും, നില നില്‍ക്കുന്നത്. അതല്ലാതെ ആഗ്രഹിക്കുന്നത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അടുത്ത തലമുറയില്‍ സ്ത്രീയെ പോലിരിക്കുന്ന പുരുഷന്മാരെയേ സൃഷ്ടിക്കൂ. വനിതാ ദിനാശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 3. "ആണിന്‍റെ തുണയില്ലാതെയും ജീവിക്കാന്‍ കഴിയുമെന്ന് പറയുന്നു പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ , "ലിവിംഗ് ടുഗതര്‍"'' പ്രചരിപ്പിക്കുന്ന നവീന സ്ത്രീത്വം,ഇതൊന്നുമല്ല പാശ്ചാത്യ സംസ്കാരങ്ങള്‍ക്കു അടിമപ്പെടാതെ കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന തനി നാടന്‍ ഭാര്യയും,അമ്മയും,അമ്മൂമ്മയും ആയി മാറുമ്പോള്‍ ആണ് ഭാരതീയ വനിത യദാര്‍ത്ഥ പെണ്ണായി മാറുന്നതെന്ന് എല്ലാ ബഹളങ്ങള്‍ക്കിടയിലും പെണ്ണ് തിരിച്ചറിയേണ്ടിയിരിക്കുന്നു....സ്വന്തം കുടുംബത്തെ മാറോടു അടക്കി പിടിച്ചുള്ള ഏതു സ്വാതന്ത്ര്യവും അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം.അരക്ഷിതാവസ്ഥയില്‍ നിന്നും മുക്തി നേടണം.അബലയല്ലാ എന്ന് സ്വയം തിരിച്ചറിയപെടണം.വെറും പൊട്ടി പെണ്ണായി മാറാതെ ,പ്രതീക്ഷ കൈ വിടാത്ത അധ്വാനശീലമുള്ള..അഭിമാനബോധമുള്ള പെണ്ണായി നമ്മുടെ പെണ്‍പൂക്കള്‍ വിടരട്ടെ...”

  ഒരു ലോകസഭാ ബില്ലോ, ബസ്സില്‍ രണ്ടൊ മൂന്നോ സീറ്റോ വര്‍ദ്ധിപ്പിച്ചതുകൊണ്ട് ലോകം മാറി മറയുമോ? പലപ്പോഴും സ്ത്രീയ്ക്ക് ശത്രുവായിട്ടുള്ളതെന്നും സ്ത്രീ തന്നെയാണ് :-) പ്രതികരിയ്ക്കേണ്ട സമയത്ത് ശരിയായ രീതിയില്‍ പ്രതികരിച്ചാല്‍ പൂവാ‍ല ശല്ല്യവും മറ്റും ഒഴിവാക്കാന്‍ പറ്റും, പലരുടെയും പ്രവര്‍ത്തികാണുമ്പോള്‍ അവര്‍കൂടി അത് എഞ്ചോയ് ചെയ്യുകയാണെന്ന് തോന്നിപ്പോകും.

  ആശംസകള്‍ വെള്ളരി, വെരി ഇന്‍ഫൊര്‍മാറ്റീവ് & നല്ലൊരു ലേഖനം!

  മറുപടിഇല്ലാതാക്കൂ
 4. "വെള്ളരി പ്രാവ്" പോസ്റ്റുകള്‍ എനിക്ക് കിട്ടിയിരുന്നില്ല.അതാണ് കാണാന്‍ വൈകിയത്.
  ലേഖനം നന്നായിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ