ചൊവ്വാഴ്ച, ഡിസംബർ 27

പുകയുന്ന പെണ്ണ്....

(സുഹൃത്തുക്കളെ...ഈ കഥ "ബൂലോകം കഥാ മത്സരത്തില്‍ നിന്നും" നിര്‍ദയം പുകച്ചു പുറത്തു ചാടിച്ച.....ചവിട്ടി ഞെരിച്ച കഥയാണ്.അവരുടെ ചവറ്റുകൊട്ടയില്‍ നിന്നും ഞാന്‍ എടുത്തു ഇവിടെ പോസ്റ്റുന്നു.അഭിപ്രായം വോട്ട് ആയി തരണം....എന്നെ ദയവായി "പുറകില്‍ നിന്ന് ഒന്നാമത് "ആക്കി വിജയിപ്പിക്കണമെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു)
                                                 പുകയുന്ന പെണ്ണ്....



 സാമാന്യമായി  ഇന്നത്തെ ദിനം അവള്‍ക്ക് ഒരു  പുതിയ  ദിവസമല്ല ; എന്നാല്‍ സാങ്കേതികമായി ആണു താനും."ഇന്ന് അവള്‍  മരിക്കേണ്ട  ദിവസം".മരണം  മുന്നില്‍  കണ്ടു  കൊണ്ടുള്ള  കാത്തിരിപ്പ്  വേളയാണ് സമയത്തെ  പല  ഖണ്ഡങ്ങള്‍  ആയി  വിഭജിച്ചിരിക്കുന്നതിനെ  അപഗ്രഥിക്കാന്‍  ഏറ്റവും  പറ്റിയ  സമയമെന്ന് അവള്‍ക്ക് തോന്നി.ഒരു ദിവസം  ഇരുപത്തി നാല്  മണിക്കൂര്‍.ഒരു  മണിക്കൂറിനു  അയ്യഞ്ചു  ഖണ്ഡങ്ങള്‍ ആക്കിയ അറുപതു  മിനിട്ട് …ഒരു  മിനിട്ടിനു  അറുപതു  സെക്കന്റ്‌ .ഒരു  സെക്കന്റ്‌ ഇന്…ആയിരം മില്ലി സെക്കന്റ്‌...മില്ല്യന്‍ മൈക്രോ സെക്കന്റ്‌ എന്നിങ്ങനെ...ഒരു ദിവസത്തിന്‍റെ കൊഴിഞ്ഞു പോക്കില്‍ അവളോടൊപ്പം ഉണ്ടായിരുന്ന മറ്റു ഒന്‍പതു പേരും ഇതിനോടകം വിട പറഞ്ഞു.അവരെ കൊന്നു എന്ന് പറയുന്നതിനേക്കാള്‍ അരമുരയുന്ന ശബ്ദവും ,കറുത്ത ചുണ്ടുകളും കാരിരുമ്പിന്റെ കരുത്തുമുള്ള അയാളുടെ കൈകള്‍ അവരെ ആവോളം ആസ്വദിച്ചശേഷം കശക്കി എറിഞ്ഞു എന്ന് പറയുന്നതായിരിക്കും ശരി.വായു പോലും കടക്കാതെ അടച്ചിട്ട...ഭംഗിയായി അലങ്കരിച്ച ..ആകര്‍ഷണീയമായ കിടപ്പുമുറിയില്‍,മൃദുലമായ...തിളങ്ങുന്ന വിരിപ്പാവില്‍ ഒന്ന് പ്രതിഷേടിക്കാന്‍ പോലും കഴിയാതെ നിശ്ചലമായി... നിര്‍വികാരമായി അവള്‍ തന്‍റെ ഊഴം കാത്ത് കിടന്നു.

                         വികസിത രാഷ്ട്രങ്ങളുടെ സമൂഹത്തില്‍ നിന്ന് തിരസ്കരിക്കപെട്ട അവള്‍ മൂന്നാം ലോക  രാജ്യങ്ങളിലെ  സാധാരണക്കാരായ ചെറുപ്പക്കാരുടെ ആരാധനാ കഥാപാത്രമായിരുന്നു.ബഹുരാഷ്ട്ര  കുത്തകകളുടെ  അരുമ  സന്താനമായിരുന്ന അവള്‍  കലാ -കായിക  താരങ്ങളുടെ  കൈ  വിരല്‍ത്തുമ്പിലൂടെ  പ്രശസ്തി  നേടി.വിവിധ  വര്‍ണങ്ങളിലും  വേഷങ്ങളിലും  ആകാരത്തിലും  അണിയിച്ചൊരുക്കി  അവളെ  അവര്‍  കബോളത്തിലെത്തിച്ചു.വില്പനച്ചരക്കായ അവളുടെ നോട്ടം അവളെ  ഉപയോഗിക്കുന്നവരെക്കാള്‍  ഉപയോഗിച്ച്  തുടങ്ങിയവരിലും ഉപയോഗിക്കാന്‍ തുടങ്ങുന്നവരിലും ആയിരുന്നു.കാരിരുമ്പിന്റെ  കരുത്തുള്ള   യുവ തലമുറയുടെ വിരല്‍ ത്തുമ്പില്‍  വെളുത്തു കൊലുന്നനെ  ഉള്ള  അവള്‍ അഭിമാനപൂര്‍വം ഞെളിഞ്ഞിരുന്നു.അവള്‍  വിരല്‍ തുമ്പില്‍  ഇല്ലെങ്കില്‍ പദവിയും  പത്രാസും  കുറയും  എന്ന   മിഥ്യാ ധാരണയോടെ  അവളുടെ ബന്ധുക്കളായ  ഉന്നത  സ്ഥാനീയരില്‍ അടിമപെട്ട് മുതലാളി വര്‍ഗ്ഗം  ഉറങ്ങാതെ ആയിരത്തൊന്നു രാവുകള്‍ കിനാവ്‌ കണ്ടു.വീറും വിപ്ലവവും  കൈമുതലായുള്ള   തൊഴിലാളി വര്‍ഗ്ഗം  പോലും  ഉണക്കില  തെറുത്തുടുത്ത  അവളുടെ  പരിഷ്കാരമില്ലാത്ത  പൂര്‍വികരെ  വിസ്മരിച്ച് അഴുക്കുള്ള ചേരിയിലെ ഇടുങ്ങിയ മുറിയില്‍ അവളുടെ  വെളുത്ത  പുടവയില്‍ മയങ്ങി വീണു.അവളെ  ഒരിക്കലെങ്കിലും ഉപയോഗിച്ചവര്‍ക്ക് അവള്‍ ഒരിക്കലും ഒഴിച്ച് കൂടാന്‍ വയ്യാത്ത ശീലമായി മാറുന്നത്, ഒരു ലഹരിയായി അവരുടെ സിരകളിലേക്ക് പടര്‍ന്നു കയറുന്ന വേളയില്‍ അവള്‍ ഗൂഡമായ സംതൃപ്തിയോടെ തിരിച്ചറിയുന്നുണ്ടായിരുന്നു.ആ തിരിച്ചറിവിന്റെ നിറവിലും അവള്‍ കണ്ണഞ്ചിപ്പിക്കുന്ന വിവിധ വേഷത്തിലും ആകാരത്തിലും,അനുഭൂതിയിലും അവരെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു.

          തികച്ചും  അപ്രതീക്ഷിതമായാണ് അവള്‍ അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.പണ്ടേ അവളെ നിത്യവും കണ്ടിട്ടും, പൊടിമീശകാലത്ത് അവളെക്കുറിച്ച് കൂട്ടുകാര്‍വര്‍ണിച്ചപ്പോഴോ,കൌമാരത്തിന്റെ കൂതൂഹലതയിലോ,യൌവനത്തിന്‍റെ സൂര്യശോഭയിലോ അവളെ അറിയാനായി ഒരിക്കല്‍ പോലും അയാള്‍ ശ്രെമിച്ചിരുന്നില്ല.ഉറക്കമില്ലാതെ എഴുതികൂട്ടിയ അക്ഷരങ്ങളിലൂടെ അയാളിലെ എഴുത്തുകാരന്‍ഉറങ്ങാതിരുന്ന രാവുകളില്‍ ചാറ്റല്‍ മഴപോലെ വന്ന പ്രണയം ദിശ മാറി പെയ്തെന്ന മൂഡചിന്തയിലാണ് ഗര്‍ഭിണിയായ ഭാര്യ പിണങ്ങിപോയത്.ദുഖവും രോഷവും ഇഴപിരിഞ്ഞു ചേര്‍ന്ന ഉറക്കം വരാതിരുന്ന രാത്രിയിലാണ് അയാള്‍ ജീവിത്തിലാദ്യമായി അവളെ കുറിച്ച്ചിന്തിച്ചത്.താടി നീട്ടിയ ശോകഭരിതമായ മുഖവും,ആരെയും തോല്‍പിക്കുന്ന തത്ത്വ  ശാസ്ത്രങ്ങളും,ആശയങ്ങളോട് അടിപതറാത്ത നിലപാടും,തീവ്ര പ്രതികരണവും,അയഞ്ഞ  കുപ്പായ  കീശയില്‍   ഒളിപ്പിച്ച ആ ബുദ്ധിജീവിയുടെ  സന്തത സഹചാരിയായി  അങ്ങനെ അവള്‍  മാറി.ക്രമേണ അവള്‍ അവന്‍റെ തലച്ചോറില്‍  പുതിയ  കച്ചവട  സമീപനത്തിന്റെ  ലാഭ ചിന്തകളിലൂടെ  മന്ദം  മന്ദം  കടന്നു  വന്നു.

ഇന്നലെ വന്ന ഒരു ഫോണ്‍ കാള്‍ ആണ് അയാളെ ഇത്രയേറെ അസ്വസ്ഥനാക്കിയത്.അയാള്‍ അനുഭവിക്കുന്നത് സന്തോഷമോ സങ്കടമോ എന്ന് അവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല...ആ വാര്‍ത്ത സൃഷ്‌ടിച്ച വികാര വിക്ഷോഭങ്ങളുടെ ബഹിര്‍സ്ഫുരണമായിരിക്കണം രാവിലെ മുതല്‍ എണ്ണം തെറ്റാതെ ഒന്പത് പേരില്‍ അയാളിലെ ഭ്രാന്ത് ഒരു ചങ്ങല പോലെ എരിഞ്ഞടങ്ങിയത്.ഇനി ഇതാ പത്താമത്തെ ഇരയായ അവള്‍ മരണം കാത്ത് അയാളുടെ എഴുത്ത് മേശയുടെ മുകളില്‍ അനങ്ങാതെ കിടക്കുന്നു.നീണ്ട  ഉറക്കത്തിനുള്ള  സമയം  അടുത്തിരിക്കെ  ഇനിയൊരു  ഇടയുറക്കം എന്തിനാണ് ?ചക്രവര്‍ത്തിനിയാകാന്‍  പോകുന്ന നേരത്ത്  അര്‍ദ്ധരാജ്യത്തിന്‌ വേണ്ടി  കാമിക്കുന്നതെന്തിനു?

എങ്കിലും ആകെ ഒരു പ്രതീക്ഷ ഉള്ളത് അയാളുടെ പിണങ്ങി പോയ ഭാര്യയുടെ തിരിച്ചു വരവാണ്.അവര്‍ വരുന്നതിനു ഇനിയും ഒരു മണിക്കൂര്‍ കൂടി നേരം ഉണ്ട്.നേരിയ പ്രതീക്ഷയോടെ അവള്‍ ചുവരില്‍ തൂക്കിയ പുരാതനമായ ആ ഘടികാരത്തിലേക്ക് നോക്കി കിടന്നു.ഇമ  ചിമ്മുന്ന  നേരം  കാഷ്ഠ. മൂന്നു  കാഷ്ഠയാണ്  ഒരു  കല.മുപ്പതു  കലകള്‍  ചേര്‍ന്നാല്‍  ഒരു  ക്ഷണം.പന്ത്രണ്ടു  ക്ഷണം ഒരു  മുഹൂര്‍ത്തം.മുപ്പതു  മുഹൂര്‍ത്തങ്ങള്‍ ഒരഹോരാത്രം.മുപ്പതു  അഹോരാത്രം  ഒരു  മാസം.രണ്ടു  മാസം ഒരു  ഋതു.മൂന്നു  ഋതുക്കള്‍  ചേര്‍ന്നാല്‍  ഒരയനം.രണ്ടയനം ഒരു സംവത്സരം.പിന്നിടുന്ന ഓരോ നിമിഷവും സംവത്സരത്തിന്റെ ദൈര്‍ഘ്യം പോലെ അവള്‍ക്ക് തോന്നി.അവളുടെ പ്രാര്‍ഥനയുടെ അവസാന നിമിഷത്തില്‍ അയാളുടെ ഭാര്യ എത്തി ചേര്‍ന്നു.കാറില്‍ നിന്ന് അവര്‍ ഇറങ്ങുന്നത് കണ്ട പാടെ അയാള്‍ ധൃതിയില്‍ എഴുത്ത് മേശപുറത്ത്‌ നിന്നും അവളെ വായുകടക്കാത്ത അവളുടെ പഴയ  മുറിയിലേക്ക് എറിഞ്ഞ് മുറി ഭദ്രമായി അടച്ചു വെച്ചു.

  വിനയ വിധേയനായ ഭര്‍ത്താവ് വിരഹത്തിന്‍റെയും പരിഭവത്തിന്റെയും പരാതി പറചിലുകള്‍ക്കൊടുവില്‍,വികാരതീവ്രമായി ഭാര്യയെ പുണരുന്നത് അടച്ചിട്ട മുറിയിലെ ചില്ല് ജാലകത്തിലൂടെ കണ്ട് അവളുടെ കണ്ണുകള്‍ അറിയാതെ ആര്‍ദ്രമായി.അയാളുടെ പിടി വിടുവിച്ചു കുളിച്ചു ഫ്രഷ്‌ ആയി വരാന്‍ ഭാര്യ പോയ നേരം നോക്കി അയാള്‍ ചൂട് പിടിച്ച മനസും ശരീരവുമായി വന്ന് അവളെ അടച്ച മുറി മലര്‍ക്കെ തുറന്നു.അടച്ചിട്ട മുറിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ അവളുടെ ഗന്ധം അവനു ഹരം പകര്‍ന്നു.തപിച്ചു  നീറിയ  അവന്‍റെ  വിരഹത്തിന്‍റെ  സ്വപ്നങ്ങളില്‍  ഹൃദയത്തിന്‍റെ  നേര്‍ക്ക്‌ ആരോ എയ്ത കടുത്ത  വേനല്‍  പോലെ  അവള്‍  കത്തി  കയറി.അവസാന  യാമത്തില്‍  ഉണര്‍ന്നു  കത്തിയ  അവളെ  വിറയ്ക്കുന്ന  ശോഷിച്ച  രണ്ടു വിരല്‍  കൊണ്ട്  ചേര്‍ത്തു  പിടിച്ച്  ചുണ്ടോടടുപ്പിച്ചപ്പോഴേക്കും അവന്‍  ചുമക്കാന്‍  തുടങ്ങി.അവള്‍  ജ്വലിക്കുന്ന  തീക്കനല്‍  പോലെ  അവന്‍റെ  ചിന്തകളെയും,കാടിന് തീപിടിച്ച പോലെ അയാളുടെ വിരലുകളെയും  പൊള്ളിച്ചപ്പോള്‍ അവസാനമായി  അവളെ  തന്നിലേക്ക് ഒരിക്കല്‍ കൂടി ആവാഹിച്ച  നിമിഷമാണ് അത് സംഭവിച്ചത്.അയാളുടെ ചുമ കേട്ട് ഒരു കാറ്റുപോലെ വന്ന അയാളുടെ ഭാര്യ,അയാളുടെ ചുണ്ടില്‍ നിന്നും അവളെ ബലമായി വേര്‍പെടുത്തി മാര്‍ബിള്‍ പാകിയ തറയിലേക്കു വലിച്ചെറിഞ്ഞു കൊണ്ട് ആക്രോശിച്ചു "നിങ്ങളോട് സിഗരറ്റ് വലിക്കരുതെന്ന് ഡോക്ടര്‍ പറഞ്ഞിട്ടില്ലേ മനുഷ്യാ ?"
പുരുഷന്‍റെ പതിവ്  ചേഷ്ടകള്‍ക്കും നിന്ദക്കും പാത്രമായ  അവളുടെ  സ്ത്രീത്വം  അമര്‍ഷം  പൂണ്ടു പുകഞ്ഞുയര്‍ന്നപ്പോള്‍ നടന്നു  തേഞ്ഞ  തന്‍റെ  പഴകിയ  ചെരിപ്പു കൊണ്ട്  അവനവളെ  ചവിട്ടി  ഞെരിച്ചു നിശ്ചലമാക്കി.

   (ബൂലോകത്ത് കഥാ  മത്സരം
നടക്കുന്നു...http://www.boolokamonline.com/archives/31314എല്ലാവരും അവിടെ പോയി കഥകള്‍ വായിച്ച് വോട്ട് ചെയ്തു നിങ്ങളുടെ പ്രാതിനിധ്യം അറിയിക്കുക....മികച്ച സര്‍ഗവസന്തങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഓരോരുത്തരും പങ്കാളിയാകുക).



20 അഭിപ്രായങ്ങൾ:

  1. പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു എന്ടിംഗ്..:)

    മറുപടിഇല്ലാതാക്കൂ
  2. ടീച്ചറെ ഇതന്റെ ഏന്‍ഡ് സിഗ്രെട്ടിനു പകരം കമ്പ്യൂട്ടര്‍ ആക്കിയിരുന്നു എങ്കില്‍ ഇതിലേറെ സുന്ദരമായേനെ എന്ന് എനിക്ക് തോന്നുന്നു ..എന്നാലും എഴുത്തു നന്നായി ട്ടോ ..ഇനിയും ഏറെ പ്രതിക്ഷിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  3. നല്ല കഥ... അവാര്‍ഡിന് പരിഗണിക്കാതെ പോയതില്‍ നിരാശപ്പെടരുത്‌...ഇനിയും എഴുതുക..വിജയം ഉണ്ടാകും

    മറുപടിഇല്ലാതാക്കൂ
  4. നല്ലകഥ
    ഇനിയും പ്രതീക്ഷിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. @Jefu jailaf

    ആദ്യ കമന്റിനു നന്ദി...
    നന്മകള്‍.

    മറുപടിഇല്ലാതാക്കൂ
  6. @അഷ്‌റഫ്‌ മാനു...

    ഇഷ്ട്ടയീന്നറിഞ്ഞതില്‍ സന്തോഷം..
    ശരിയാണ്.കമ്പ്യൂട്ടര്‍ ആണല്ലോ ഇപ്പൊ എല്ലാവര്‍ക്കും ക്രേസ്..അതോര്‍ത്തില്ല..:)

    മറുപടിഇല്ലാതാക്കൂ
  7. @പരപ്പനാടന്‍. ji.....

    അവാര്‍ഡോ...ഒരു പ്രതീക്ഷയോ ,പരാതിയോ എനിക്കില്ല.ഞാന്‍ കഥാകാരിയെ അല്ലല്ലോ മാഷെ...

    എന്റെ വിഷയം ലേഖനങ്ങള്‍ ആണ്.അതാണ്‌ ക്രേസും വീക്നെസ്സും.

    ഞാന്‍ എന്നും ബൂലോകത്തിന്റെ ഒരു അഭ്യുദയ കാംഷിയാണ്.ഒരു ഐക്യടാര്ധ്യം പ്രകടിപ്പിച്ചു അയച്ചൂന്നു മാത്രം.

    കഥാ മത്സരം വോടിംഗ് തുടങ്ങി എന്നറിഞ്ഞു.അത് വിജയിപ്പിക്കണം അത്രെ ഉള്ളു ഈ പോസ്റ്റിന്റെ ലക്‌ഷ്യം ട്ടോ...തെറ്റിദ്ധരിക്കല്ലേ...:)))

    മറുപടിഇല്ലാതാക്കൂ
  8. Artof Wave...

    ആദ്യ വരവിനു നന്ദി...
    നന്മകള്‍.

    മറുപടിഇല്ലാതാക്കൂ
  9. പാവം സിഗററ്റ്....
    അവാര്‍ഡു വരും പോകും
    പോകാന്‍ പറ അവാര്‍ഡ് കമ്മിറ്റിയോട് (കിട്ടാത്ത മുന്തിരി പുളിക്കുമെന്നു മാത്രമല്ല കൊടിയ വിഷവുമാണ്)

    മറുപടിഇല്ലാതാക്കൂ
  10. പുകയുന്ന കഥ പുറത്തു..അല്ലെ...
    നന്നായി എഴുതി എന്നെ ഉള്ളൂ... പലരും പല രീതിയില്‍ പറഞ്ഞ വിഷയം... അതായിരിക്കണം പരിഗണിക്കാതെ പോയത്...

    ലിങ്ക് തന്ന പൈമക്ക് നന്ദി...

    എഴുതിയ ആള്‍ക്ക് ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  11. പ്രാവിന്റെ ഈ കഥയില്‍ പറഞ്ഞു വന്ന രീതിയും ശൈലിയുമാണ് മികച്ചത്.ഇതുപോലൊരു അവസാനം ഒട്ടും പ്രതീഷിച്ചില്ല ആസൂയ തോന്നുന്നു ട്ടോ പ്രാവേ ...ഇത്ര ശക്തമായിട്ടു ഒരു കഥ..അതും ലേഖനം എഴുതി പരിചയം ഉള്ള ആളില്‍ നിന്നും...
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  12. വായനക്കിടയില്‍ എപ്പോഴോ ഒരു 'പുകയില' മണത്തിരുന്നു. രണ്ടാണ് കാരണം, ഒന്ന് പത്താമത്തവള്‍ എന്ന എണ്ണം. മറ്റൊന്ന്, ആ ചിത്രം. രണ്ടും ചേര്‍ന്നപ്പോള്‍ ഒരു സംശയം. {ഇന്നൊരു സുഹൃത്തുമായുള്ള സംഭാഷണത്തില്‍ പറഞ്ഞതെ ഒള്ളൂ.. തല വാചകവും, നല്‍കുന്ന ചിത്രങ്ങളുമൊന്നും 'സൃഷ്ടി'യുടെ വായനയില്‍ ഒരു ആനുകൂല്യമായി ഭവിക്കരുതെന്നു}
    പിന്നേം.. വായിക്കുമ്പോള്‍ അത് ബലപ്പെട്ടു തുടങ്ങി. പ്രത്യേകിച്ചും, പരസ്യങ്ങളെ വായിക്കുമ്പോള്‍. എന്ന് കരുതി, എനിക്കങ്ങു വായിച്ചു തീര്‍ക്കാനോക്കുമോ..? ഒടുക്കം, 'കഥ' തന്നെ പറഞ്ഞു "അതെ" എന്ന്.
    സംഗതി നല്ല രസായിട്ട് തന്നെയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഞാനിവിടെ, നേരത്തെ വന്നിട്ടില്ലാ എന്ന് തോന്നുന്നു. പൈമയാണ് വഴി കാണിച്ചത്. പൈമക്കും, 'മ' ഗ്രൂപ്പിനും നന്ദി.
    ഇനി മുടങ്ങാതെ വരാന്‍ വേണ്ടത് ചെയ്തെച്ചും പോകാന്‍ ഇവിടെ ആ 'കുന്ത്രാണ്ടവും' കാണുന്നില്ലല്ലോ..? അപ്പോള്‍, ഇങ്ങനെ അറിയുന്ന മുറക്ക് എത്താന്‍ ശ്രമിക്കാം. ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ
  13. പുകയുന്ന പെണ്ണ് എന്ന പേര് കണ്ടപ്പോള്‍ എന്നെപ്പറ്റിയാണെന്ന് കരുതി ആവേശത്തോടെ വന്നു വായിച്ചതാ. എല്ലാ പ്രതീക്ഷയും തകര്‍ത്തില്ലേ...

    ചിത്രം സസ്പെന്‍സ് കളഞ്ഞു. ആശയം നന്നായിട്ടുണ്ട്, അവതരണം അല്പം കൂടി നന്നായിരുന്നെങ്കില്‍ അവര്‍ ചിലപ്പോള്‍ ചവിട്ടി പുറത്താക്കില്ലായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  14. നല്ല ശൈലി..നല്ല എഴുത്ത്..വളരെ നല്ല ആശയം.. പിന്നെ മല്‍സരങ്ങള്‍ അങ്ങനെ ആണ്.. അത് കൊണ്ട് എഴുത്ത് കുറയ്ക്കേണ്ട...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  15. അതാണ്‌ ,പുകഞ്ഞ കൊള്ളി പുറത്ത് തന്നെ ! :))
    കൊള്ളാം ടീച്ചറെ !! മുതലാളിത്തവും , ചൂഷണവും ,സ്ത്രീപക്ഷവും ധാര്‍മികതയും പ്രതിഷേധവും ഒക്കെ സമാസമം ചേര്‍ത്ത് ഒരു രുചികരമായ ഒരു വിഭവം ! ആ ചിത്രം പതിവ് പോലെ സുന്ദരം !

    ഇനി കാര്യത്തിലേക്ക് :

    അത് ശരി ! ഈ ധിക്കാരി പെങ്കൊച്ചു വികസിത രാജ്യങ്ങളില്‍ നിന്ന്നു ഫ്ലൈടിനു ലാന്‍ഡ്‌ ചെയ്തു എന്നാണോ പറയുന്നത് .. ആകെപ്പാടെ ഒരു കൊക്കേഷ്യന്‍ ആപിയരന്‍സ് ആണല്ലോ ..വല്ല റഷ്യന്‍ നര്തകിയോ മറ്റോ ആയി വരും എന്ന് തോന്നുന്നു പടം കണ്ടിട്ടു ..കൊള്ളാം ! ഇത് നല്ല കഥ ! അപ്പൊ ഞങ്ങടെ കഥാ നായിക നമ്മുടെ നാട്ടുംപുരതുകാരി ബീഡി കൊച്ചിനെ ആര്‍ക്കും വേണ്ട അല്ലെ..ഒരു കഥക്ക് പോലും മരുന്നാവാന്‍ അവള്‍ക്കില്ല യോഗം ...!.കഷ്ടം ഉണ്ട് ട്ടാ ..കഷ്ടം !! കുഴപ്പമില്ല, കട്ടന്‍ ചേട്ടനും പരിപ്പുവട മാഷും ഒന്നിച്ചു സൊറ പറഞ്ഞ ചെറുപ്പകാലം അയവിറക്കി പാവം അവള്‍ ഇനിയുള്ള കാലം ജീവിച്ചു തീര്‍ത്തോളും..!

    അല്ലെങ്കിലും അങ്ങനാ ..മുറ്റത്തെ മുല്ലക്ക് മണമില്ല ! എല്ലാരും വല്യ പരിഷ്കാരികള്‍ ആയില്ലേ ..! ;-))

    മറുപടിഇല്ലാതാക്കൂ
  16. ആദ്യമായി ഒരു ക്ഷമാപണം-ഇവിടെ വരാന്‍ വൈകിയതില്‍ ...ശൈത്യം വരുത്തുന്ന വേദനകളുടെയും ശ്വാസം മുട്ടലുകളുടെയും ലോകത്ത് എന്ത് 'ബൂലോകം'...!!
    കഥ വായിച്ചു.നല്ല ആശയമുള്ള ഈ കഥയെന്തേ 'ബൂലോകഅധിപര്‍ ' ചവിട്ടിയരച്ചു കളഞ്ഞത് ?!!!കഷ്ടമായിപ്പോയിയെന്നു പറയാതിരിക്കാനാവില്ല.അല്ലെങ്കിലും 'അധിപന്മാരുടെ'കഥയില്ലായ്മയില്‍ നീറി നീറിയവര്‍ എത്ര ?

    മറുപടിഇല്ലാതാക്കൂ
  17. അല്ലെങ്കിലും കഥക്കൊക്കെ അവാര്‍ഡ് എന്ന് പറയുന്നതില്‍ തന്നെ ഒരു കഥയില്ലയ്മയില്ലേ ..? ആസ്വാദനം എന്നത് തികച്ചും വൈയക്തികമായ അനുഭവം മാത്രമായിരിക്കെ അവര്ടിനോക്കെ എന്ത് പ്രസക്തി ..

    മറുപടിഇല്ലാതാക്കൂ
  18. പുതുവത്സരാശംസകള്‍ !!!

    ഇമെയില്‍ സന്ദേശവും അയച്ചിട്ടുണ്ട് !! എല്ലാ ഭാവുകങ്ങളും !!

    മറുപടിഇല്ലാതാക്കൂ
  19. പ്രാവ് നന്നായി കഥ പറഞ്ഞു...
    ഈ പെണ്ണ് പുകയുന്നത് ആത്മാവിന്റെ ചിതയിലെ തീപടര്‍ന്നിട്ടാണെന്നു മഹത്തുക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്

    മുഹമദ് മാഷിനു സലാം ,അസുഖം വേഗം ഭേദമാകട്ടെ
    ......

    മറുപടിഇല്ലാതാക്കൂ
  20. :) ഒരു സിഗറിറ്റിനെ പോലും വെറുതെ വിടില്ല അല്ലെ..
    മുന്നെ ചിത്രം കണ്ടതുകാരണം ഊഹിയ്ക്കുവാന്‍ കഴിഞ്ഞു അതു സംബന്ധമായ ഒന്നാണെന്ന്.. കഥ പറഞ്ഞ ശൈലി ഇഷ്ടമായി!

    മറുപടിഇല്ലാതാക്കൂ