വെള്ളിയാഴ്‌ച, സെപ്റ്റംബർ 9

ഓര്‍മയുടെ ആല്‍ബത്തിലെ "ഓണ നൊമ്പരങ്ങള്‍" ....



ഇന്നിന്‍റെ ഗൃഹാതുരത നാളയെ സ്പര്ശിക്കാറില്ലെന്നിരിക്കെ...തര്‍ക്കമില്ല മലയാളിയുടെ ജീവിതത്തില്‍ ഓണത്തിനുള്ള സ്ഥാനം അവഗണിക്കാനാകാത്തത് തന്നെ.ഈ മരുഭൂമിയിലിരുന്നു ഒരു ചാതകത്തിന്റെ ദാഹത്തോടെ നാട്ടില്‍ അന്യം നിന്ന പലതും ഉള്ളിലിട്ടു താലോലിക്കുകയും...ഒരു മയിലിന്‍റെ മോഹഭംഗത്തോടെ,മണ്മറഞ്ഞ ജീവിതമൂല്യങ്ങള്‍ക്ക് ഊതി ഊതി ജീവനേകാമെന്നു വ്യാമോഹിക്കുമ്പോള്‍..നഷ്ടങ്ങള്‍  സങ്കലന പട്ടിക മറന്ന കുട്ടിയെപ്പോലെ മുന്നില്‍ നിന്ന് പതറുന്നു.

ഓരോ ആഘോഷങ്ങളും ഓരോ വ്യക്തിയെയും  ഒറ്റ ചെണ്ടയുടെ ജീവിത താളത്തില്‍ നിന്നും സമൂഹതാളത്തിന്റെ മേള സമര്‍ദ്ധിയിലേക്ക് ആനയിക്കുകയും അതുവഴി അവനെ ഏകാന്തതയുടെ ദുര്‍ബലതാ ബോധത്തില്‍ നിന്നും മോചിപ്പിച്ച്‌ ബഹുതയുടെ ഊറ്റം കൊള്ളിക്കുകയും ചെയ്യുന്നു.



ഓണക്കാലം പ്രവാസി മനസ്സില്‍ അവന്‍ മലയാണ്മയും ആയി  രമിച്ച സമൃദ്ധമായ ആ കാലഘട്ടത്തെ സ്മരണീയം ആക്കുക പതിവാണ് .   
ഇല്ലായ്മയുടെയും വറുതിയുടെയും പഞ്ഞ കര്‍ക്കടകം ഒരു വല്ലാത്ത ആവേശത്തോടെയാണ് പെയ്തൊഴിയുന്നത് .ഭാവമാറ്റം കൊണ്ട് അമ്പരപ്പിക്കുന്ന പുലരികളും...തിളയ്ക്കുന്ന ഉച്ചയും,മൌനം ചേക്കേറുന്ന സായന്തനങ്ങളും,കാറും ,കോളും കെട്ടിമറിയുന്ന കലുഷ വാനവും,മരകൊമ്പുകള്‍ കുലുക്കി ഒടിച്ച്കരിയിലകള്‍ അടിച്ചു പറത്തി..പേടിച്ചു വിറച്ച് തമ്മില്‍ പുണരുന്ന അടക്കാമരങ്ങളുടെ മുടി വലിച്ചു പറിക്കുന്ന കലി കൊണ്ട കാറ്റും,എല്ലാം ചേര്‍ന്ന് പേടിപ്പിക്കുന്ന കര്‍ക്കടകത്തിന്റെ 
കരുത്തിന്റെ പ്രകടനം.പാതിരാത്രിയില്‍ കിളിവാതില്‍ പഴുതിലൂടെ തോട മിന്നിച്ചെത്തുന്ന മഴയുടെ ആല ഭാരം.പിന്നെ പതിയെ പതിയെ ചാറ്റല്‍ മഴയുടെ സീല്‍ക്കാരം.പിന്നെ ശക്തിയില്‍ ഓട്ടിന്‍ പുറത്തും ..ഉണക്കിലക്ക് മേലും മഴയുടെ ചാത്തനേറ്!ഗ്രാമത്തിന്‍റെ അരക്കെട്ടിലുലയുന്ന അരഞ്ഞാണം പോലുള്ള പുഴയില്‍ അവസാനം മഴയുടെ നീരാട്ട്. 
 
താഴെ വയല്‍ വരമ്പില്‍ കര്‍ക്കടക വറുതിയില്‍ കൊടുത്ത കുടിവെള്ളം മടക്കം ചോദിക്കുന്ന ഞണ്ടിനോട് തവളയുടെ അവസാനിക്കാത്ത കടം പറച്ചില്‍ -"തറാം തറാം".കുതിരുന്ന മണ്ണ്ടരുകള്‍ക്കിടയില്‍  എവിടെയോ ചീവീടുകളുടെ ദില്‍രൂബ.അങ്ങനെ കര്‍ക്കടക രാവുകളോട് 
യാത്ര പറഞ്ഞ് പൊന്നില്‍ ചിങ്ങത്തെ പ്രകൃതി പോലും വരവേല്‍ക്കുന്നത് പ്രവാസി മനസുകളില്‍ എന്നും മറക്കാത്ത  ഓര്‍മകളാണ്.

അത്തരം ഒരു  ഓണക്കാലത്താണ് നാട്ടില്‍ അമ്മൂമ്മയോടൊപ്പം വളര്‍ന്ന (പ്രവാസി മാതാപിതാക്കള്‍ ആയ വിദ്യചേച്ചിയുടെയും  ആനന്ദന്‍ ചേട്ടന്റെയും മകള്‍) ആദിത്യഎന്ന അഞ്ചു വയസുകാരിയെ  മഴ പെയ്തു തോര്‍ന്ന ഇടനേരത്ത് വഴിയും പുഴയും ഒന്നാക്കി മാറ്റിയ മഴയുടെ കുസൃതിയില്‍ മഴവെള്ളത്തോടൊപ്പം കളിച്ച് അവള്‍ പുഴയുടെ മടിയില്‍ ചെന്ന് വീണത്‌..ആ ഓണക്കാലത്ത് തകര്‍ന്നു പോയത് ആ പാവം പ്രവാസി കുടുംബത്തിന്‍റെ ശിഷ്ട ജീവിതത്തിന്‍റെ സ്വപ്നം.പ്രവാസികള്‍ക്ക് ചിലത് നേടുമ്പോള്‍ ചിലത്  നഷ്ട്ടപെടാതെ വയ്യല്ലോ..!

പൂവുകളുടെ പ്രണയകാലമായ ഓണം ഒരു പുഷ്പോത്സവം കൂടിയാണ്.ചില പ്രവാസി വീടുകളില്‍ പ്ലാസ്റ്റിക്‌ പൂക്കള്‍ ടൈല്‍സ് പാകിയ തറയില്‍ നിരത്തി ഓണം ആഘോഷിക്കുമ്പോള്‍ മറ്റുചില വിദേശ രാജ്യങ്ങളില്‍  ഫ്ലൈറ്റ് മാര്‍ഗം എത്തിച്ചേരുന്ന പൂക്കള്‍ക്ക് ഉയര്‍ന്നവിലകൊടുത്തു വാങ്ങി പൂക്കളം  തീര്‍ക്കുന്നവരും ഓണക്കാലത്തെ കാണാ കാഴ്ചകളില്‍ ഉള്‍പെടുന്നു.നാട്ടില്‍ പൂക്കളും ഇന്ന് അന്യം നിന്ന് പോകുകയാണ്.ഓണസ്മരണയില്‍ ഒരുവേള രാത്രിമഴയുടെ ആലസ്യത്താല്‍  മയങ്ങുന്ന പൂക്കളെ മഞ്ഞപട്ടുടുത്തു ആരവുമായി വന്നു വിളിച്ചുണര്ത്തുക  മുക്കൂറ്റിയും കോളാമ്പി പൂക്കളും ആയിരിക്കും.വെളുത്ത ഉടുപ്പിട്ട തുമ്പ പൂക്കള്‍ ചുവന്ന വാലന്‍ തുമ്പികളുമായി കിന്നരിച്ചിരുന്ന ആ ഓണക്കാലം ഇന്ന് സ്മരണകളില്‍ മാത്രം.
വിരിഞ്ഞാല്‍ ദീര്‍ഘ കാലം നിലനില്‍ക്കുന്ന ഓര്‍ക്കിഡ്,ആന്തൂറിയങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ പുഷ്പോല്‍സവങ്ങള്‍ക്ക് മിഴിവേകുമ്പോള്‍ മനസിന്‍റെ പഴമ മണക്കുന്ന പൂക്കൂടയിലെവിടെയോ നൊമ്പരപെടുത്തുന്ന ഒരു പുഴുകുത്ത്.പുത്തന്‍ പട്ടുപാവാടയും പാദസരങ്ങളും അണിഞ്ഞ്,ഒരു ചിത്തിര നാളില്‍,വേലിയില്‍ പടരുന്ന കൊങ്കിണി പൂക്കളെ മത്സരിച്ചു സ്വന്തമാക്കി പിന്തിരിയുമ്പോള്‍ ഇലയിളക്കത്തിനിടയില്‍ അകന്നു പോയ ഇഴജന്തു കൊത്തി കൊണ്ട് പോയത് സൌഹൃദത്തിന്റെ പൂക്കൂടയില്‍  നിന്നും" ശ്യാമ " എന്ന കൂട്ടുകാരിയെ.ഓര്‍മ്മകള്‍ നിദ്ര വിട്ടുണരുമ്പോള്‍ അവ ഓരോന്നായി മലരുമ്പോള്‍ കൊഴിയാനും,ഉള്ളില്‍ വീണടരാനും ഒരു നെടുവീര്‍പ്പിന്റെ അഴല്‍ ചൂട് മതി എന്നിരിക്കെ ആ ഓര്‍മകളും ഒരു രാവിന്‍റെ പരിമളം മാത്രം പകര്‍ന്നു മറഞ്ഞ  "നിശാഗന്ധി പൂക്കളെ പോലെ ചിലര്‍ ജീവിതത്തില്‍ ഒരു പൂക്കാലം സമ്മാനിച്ച്‌ ഏറെ വേദനയോടെ അന്യമാകുന്നു." 

തിരുവോണ നാളില്‍ അരിമാവുകൊണ്ട് കോലം വരച്ച് അതിന്മേല്‍ ആവണിപലകയിട്ട് തൃക്കാക്കര അപ്പനെ പൂജിച്ചലങ്കരിക്കുന്നു.കുടയും വടിയുമുള്ള മാവേലിയുടെ രൂപം ഉണ്ടാക്കി ഓണത്തപ്പനുള്ള അടയും കുടയും വടിയും പടിപ്പുരയില്‍ വെച്ച് കാത്തിരുന്ന അതേ ഓണക്കാലത്താണ് ഒഴിഞ്ഞ ഭസ്മകൂടും,കോളാമ്പിയും, ഓട്ടുകിണ്ടിയും ഓര്‍മയുടെ ഭാണ്ഡത്തില്‍ ബാക്കി വെച്ച് എഴുത്തുകാരന്‍ ആയ അമ്മാവന്‍ വായനശാലകളിലൂടെ നടന്നു മറഞ്ഞത്.അക്ഷരങ്ങളോടുള്ള അടങ്ങാത്ത ആസക്തി അതാണല്ലോ നമുക്കും ഏറ്റവും പുരാതനമായ ബൌധിക പ്രണയ സങ്കല്പം.

പ്രവാസികള്‍ക്ക്മാത്രമല്ല നാട്ടിലും ഇപ്പോള്‍  ഇന്‍സ്റ്റന്റ് ഓണത്തിന്റെ കാലമാണ്.പ്രവാസ ലോകത്തും ഹോട്ടലുകളില്‍  ഓണകാലത്ത് പ്രത്യേക ഓണ സദ്യ ഒരുക്കാറുണ്ട്‌.കടല്‍ കടന്നെത്തുന്ന വാഴ ഇലയില്‍ വിഭവ സമര്‍ദ്ധം ആയ ഓണസദ്യ നല്‍കുന്നതില്‍ മത്സരം തന്നെ ആ വിപണിയില്‍ കാണാന്‍ കഴിയും.പാര്‍സല്‍  ആയി വാങ്ങി ഒന്നിച്ചു ഒരു മുറിയില്‍ ഒത്തു കൂടി ഓണം ആഘോഷിക്കുന്നവരും കുറവല്ല.എന്നാല്‍ നാട്ടില്‍ ഓണമാഹാത്മ്യം ഓണസദ്യയില്‍ ആണെന്ന് പറയുന്ന പഴമക്കാര്‍ പലരും ഒന്നാന്തരം "ഊണികളും" ആയിരുന്നു.വിഭവ സമര്‍ദ്ധംആയി സദ്യ ഒരുക്കിയാല്‍ മാത്രം പോരാ ഓണസദ്യ വിളമ്പുന്നതിലും ചിട്ടവട്ടങ്ങളുണ്ടായിരുന്നു ,പഴയ തലമുറക്കാര്‍ക്ക്.
സദ്യയുടെ കാര്യത്തില്‍ ചിട്ടവട്ടങ്ങള്‍ക്ക്പ്രായത്തെ വെല്ലുന്ന ആരോഗ്യം ഉണ്ടായിരുന്ന  മുത്തശ്ശിക്ക് ആയിരുന്നു  എന്നും നിര്‍ബന്ധം.
 
നടുക്ക് ഞരമ്പ്‌  ഉള്ള തൂശനിലയിലാണ് സദ്യ  വിളമ്പേണ്ടത്.ഇലയുടെ വീതി കുറഞ്ഞ ഭാഗം ഉണ്ണാന്‍ ഇരിക്കുന്ന  ആളിന്‍റെ ഇടതു വശത്ത്‌ വരുംവിധമാണ് ഇല ഇടേണ്ടത്.ആദ്യം ഇലയുടെ വീതി കുറഞ്ഞ ഭാഗത്ത്‌ കായ വറുത്ത്,ശര്‍ക്കരപുരട്ടി ,പഴം തുടങ്ങിയവ വെക്കുന്നു,അതിഥിയോട് അടുത്ത ഭാഗത്ത്‌ ഉപ്പിലിട്ടത്‌.അച്ചാറുകള്‍  തൊടാതെ ഇടതു വശത്തേക്ക് ചെരിച്ചു പപ്പടം.പിന്നെ ഇടത്ത് നിന്ന് വലത്തോട്ടു യഥാക്രമം ഇഞ്ചിതൈര്,      

തോരന്‍,കിച്ചടി പച്ചടി,അവിയല്‍,ഓലന്‍,കൂട്ടുകറി,എരിശ്ശേരി  എന്നിവ വിളമ്പും.തുമ്പപ്പൂ പോലുള്ള കുത്തരി ചോറ് വിളമ്പിയാല്‍ ഉടന്‍ തന്നെ നെയ്യും പരിപ്പും വിളമ്പണം.അത് ഇലയുടെ വലത്തേ അറ്റത്താണ് വിളമ്പേണ്ടത്.പരിപ്പും നെയ്യും കൂട്ടി ഉണ്ടു തുടങ്ങിയ ശേഷം ആണ് ചോറിനു മുകളില്‍ സാമ്പാര്‍ ഒഴിക്കുക.രണ്ടാമത് വിളമ്പുന്ന ചോറ് കാളന്‍ കൂട്ടി കഴിക്കാന്‍ ഉള്ളതാണ്.അവസാനത്തെ ഇനം മോരും രസവും ആണ്.അത് ഇലയില്‍ ഒഴിക്കാതെ കൈക്കുമ്പിളില്‍ വാങ്ങി പാതി കുടിച്ച് വീണ്ടും ഊണ് തുടരുകയാണ് പതിവ്.ഒന്നിലധികം  പായസം ഉണ്ടെങ്കില്‍ ആദ്യം പാല്‍പായസം വിളമ്പിയ ശേഷമേ മറ്റെന്തും ആകാവു.പായസത്തോടൊപ്പം പപ്പടവും പഴവും ചേര്‍ത്ത് കഴിച്ചാലേ ഓണസദ്യ ആകു എന്ന പഴമക്കാരുടെ വിശ്വാസം പുതിയ തലമുറയ്ക്ക് തീര്‍ത്തും അന്യം.ഓണ സദ്യ ആഹാരത്തിനു വക നല്‍കിയ ഭൂമിയോടുള്ള കര്‍ഷകന്‍റെ നന്ദി പ്രകടനം.തന്മൂലം തന്നെ വിളവെടുപ്പിന്റെ ഉത്സവം ഓണ സദ്യയില്‍ അധിഷ്ടിതമാകുന്നു.
ഏഴര വെളുപ്പിനുണര്‍ന്നു കഴിഞ്ഞാല്‍ എഴുപതു ശീലങ്ങള്‍ ഉള്ള ആ മുത്തശ്ശി ഏറെ വിളിച്ചിട്ടും ഏഴു ന്നെല്‍ക്കാതെ വിട പറഞ്ഞതും ഒരു ഓണ നാളില്‍ തന്നെ. 
രുചി ഭേദങ്ങളുടെ നവരസ പതിപ്പായിരുന്ന  കൂന് ഉണ്ടായിരുന്ന സുന്ദരി മുത്തശ്ശി നീണ്ടു നിവര്‍ന്ന് മരണത്തോടൊപ്പം ഒരു ഓണക്കാലത്ത് യാത്രയായപ്പോള്‍ നഷ്ട്ടപെട്ടത് കുട്ടിക്കാലത്ത് കേട്ടുമറന്ന കഥകളെക്കാള്‍ ജീവിത വിഭവത്തെ  ഒരു നുള്ള് ഉപ്പു ചേര്‍ത്ത് സ്വാദിഷ്ടമാക്കാന്‍ കഴിവുള്ള  അറിവിന്‍റെ കലവറയായിരുന്നു.


ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഉത്രാട ദിനത്തില്‍ 
അബൂബക്കെര്‍ സൈതലവി എന്ന മലപ്പുറം സ്വദേശിയെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത അന്ന്.ഉറക്കെ മാത്രം സംസാരിക്കാന്‍ അറിയുന്ന...അനുസരണയില്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന പല്ലുകള്‍ എത്ര ദുഖത്തിലും അദ്ദേഹത്തിന് സന്തോഷത്തിന്‍റെ പ്രതിച്ഛായ നല്‍കിയിരുന്ന ബക്കര്‍ ഇക്ക,ഐ.സി.യു വില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ ഉള്ള നൂല്പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പുറത്തു പ്രാര്‍ഥനാ നിരതമായ ഹൃദയത്തോടെ അദ്ധേഹത്തിന്റെ ഭാര്യ സുബൈദക്കും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങള്‍ക്കും ഒപ്പം കഴിച്ചു കൂട്ടിയ രാത്രി.രാവിലെ പേടിക്കേണ്ട..എങ്കിലും നിരീക്ഷണത്തില്‍ ആണ് എന്ന് ഡോക്ടര്‍ പറഞ്ഞത് കേട്ട് ആശ്വാസത്തില്‍ സുബൈദയെയും കുട്ടികളെയും വാര്‍ഡില്‍ ആക്കി റൂമില്‍ വന്ന് ഓണദിവസം തിരക്കിട്ട് ഭക്ഷണം ഉണ്ടാക്കി അവര്‍ക്കുള്ള ഭക്ഷണവും ആയി ഹോസ്പിറ്റലില്‍ തിരിച്ചു ചെല്ലുമ്പോള്‍കേട്ടത് മരണ വാര്‍ത്ത.ആകെ തകര്‍ന്ന സുബൈദയെ ആശ്വസിപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍, വാപ്പയുടെ മരണ വാര്‍ത്തഎന്തെന്നു തിരിച്ചറിയാത്ത ആ പിഞ്ചു മക്കള്‍ ഹോസ്പിറ്റല്‍  ബെഡ്ഡില്‍ ഇരുന്ന് ഞാന്‍ കൊണ്ട് ചെന്ന ഭക്ഷണം ആര്‍ത്തിയോടെ കഴിച്ച ആ രംഗം ഇന്നും ഓണത്തിന് ഉണ്ണുന്ന  എന്‍റെ സദ്യക്ക് മുന്നില്‍ കണ്ണീരായി...ഒരു നോവായി ...അവശേഷിക്കുന്നു.അന്ന് വാപ്പ മരിച്ചതറിഞ്ഞ് കരയാതെ ,തീര്‍ന്നു പോയ പപ്പടത്തിനായി വാശി പിടിച്ചു കരഞ്ഞ ആ ഇളയ കുട്ടിയുടെ കണ്ണീര്‍ അന്ന് വീണത്‌ നെരിപ്പോടായി നീറിയ എന്‍റെ നെഞ്ചിനകത്താണ്.ആ നീറ്റല്‍ അന്ന് മുതല്‍ ഇന്നുവരെ ജീവിതത്തിന്‍റെ ആഘോഷങ്ങളില്‍ നിന്ന് പപ്പടം കഴിക്കാന്‍ കഴിയാതെ എന്നെകൊണ്ട്‌ മനസ് മാറ്റി വെപ്പിക്കുന്നു.ബക്കെര്‍ ഇക്കയുടെ മരണശേഷം ആരോരും സഹായതിനില്ലതിരുന്ന ആ സാധു സ്ത്രീയെ എംബസി യുടെ  സഹായത്തോടെ വെറും കയ്യോടെ കയറ്റി അയക്കുമ്പോള്‍ രണ്ടാം വിവാഹം എന്ന് പറഞ്ഞ് ആരും സഹായിക്കാന്‍ വരാതിരുന്നപ്പോള്‍,അവര്‍ക്ക്കാരുണ്യത്തിനായി പല വാതിലിലും മുട്ടിയപ്പോള്‍ ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു....."ജീവിതത്തില്‍ ഉണ്ടാകുന്ന കനത്ത നഷ്ടം കേവലം മരണമല്ല.നാം ജീവിച്ചു  കൊണ്ടിരിക്കെ നമ്മുടെ ഉള്ളില്‍ എന്ത് മരിച്ചു കൊണ്ടിരിക്കുന്നുവോ അതാണ്‌ ജീവിതത്തില്‍ ഉണ്ടാക്കുന്ന കനത്ത നഷ്ടം".

ഓണസ്മരണകളില്‍ ആനന്ദം തരുന്നവ ഏറെ ഉണ്ടെങ്കിലും വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ആണ് ഒരു തനിയാവര്‍ത്തനത്തിന് ഇടയാക്കുന്നത്.മറക്കണം എന്ന് കരുതിയാലും ഓണക്കാലത്ത് ഓടി മനസ്സില്‍ വരുന്ന നോവുകള്‍.

ഇനിയും നിറം മങ്ങാത്ത ഓര്‍മയുടെ പുസ്തകത്താളില്‍ ഓണ സ്മരണകള്‍ അക്ഷര തിമര്‍ത്തു കൊണ്ട് കണ്കെട്ടികളിക്കുമ്പോള്‍ തെല്ലകലെ നിന്ന് കൌമാരം കൈകൊട്ടിചിരിച്ച് കൊതിപ്പിക്കുന്നു....
ഒരു കോമാളിയെ കണ്ടിട്ടെന്നപോലെ....!!!

10 അഭിപ്രായങ്ങൾ:

  1. ഓണത്തെ കുറിച്ചുള്ള ഈ വിശദമായ പോസ്റ്റിന് നന്ദി. കുറെ ദൂരെ നിന്ന് പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ നാം താണ്ടിയ വഴികളിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ നമ്മെ വീണ്ടും പിറകോട്ട് തന്നെ മാടിവിളിയ്ക്കും. ഓണം എത്തിയെന്ന് തന്നെ ഇപ്പോള്‍ അറിയുന്നത് ചാനലുകളില്‍ വരുന്ന ഓണപ്രോഗ്രാംസ് കാണുമ്പോഴാണ്.

    ഓരോ നഷ്ടപ്പെടലുകള്‍ക്കും ദുരന്തത്തിന്റെ മുഖഛായയുണ്ടായിരിയ്ക്കും. വിശേഷദിവസങ്ങളിലെ നഷ്ടപ്പെടലുകള്‍ക്കല്‍പ്പം തീവ്രതകൂടുമെന്നര്‍ത്ഥം. ഓര്‍മ്മകള്‍ നമ്മെ ആഘോഷങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ പ്രേരിപ്പിയ്ക്കും.

    വെള്ളരിപ്രാവിന് പുലര്‍ക്കാലത്തിന്റെ ഓണാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  2. നഷ്ടപ്പെടലുകളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ തന്നെ അഘോഷാവസരങ്ങള്‍ .. നഷ്ടപ്പെട്ട ബാല്യം , കൌമാരം , മോഹം , സ്വപ്നം , ബന്ധങ്ങള്‍ , സഹജീവി സാമീപ്യങ്ങള്‍ ..ഒക്കെ ഒക്കെ നഷ്ടപ്പെടുത്തലുകളുടെ ഓര്‍മപ്പെടുത്തലുകള്‍ തന്നെ .ജീവിതത്തിന്റെ വണ്‍ വേ ലെയീനിലുടെ അതിവേഗം സഞ്ചരിക്കുമ്പോള്‍ .. പിന്നിട്ട വഴികളില്‍ കളഞ്ഞു പോയ വര്‍ണ കടലാസുകള്‍ ഇടക്കൊക്കെ റിയര്‍ വ്യു യില്‍ ദൂരെയായി തെളിഞ്ഞു വരും ..അത്തരം അവസരങ്ങള്‍ തന്നെ ആഘോഷങ്ങള്‍

    പോസ്റ്റിനു നന്ദി ! ലേഖനങ്ങള്‍ നന്നായിരിക്കുന്നു ! ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  3. സുന്ദരം, കൊതിപ്പിച്ചു എഴുത്ത്..
    ഓണാശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  4. ഇതിനു താഴേള്ള പോസ്റ്റുകള്‍ ഒന്നോടിച്ച് നോന്നി, :) അപ്പൊ ഓണം ഗംഭീരമായിരുന്നെന്ന് സാരം!!

    മറുപടിഇല്ലാതാക്കൂ
  5. എന്താ ടീച്ചറെ , ഓണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ..? കാണാം വിറ്റും ഓണം ഉണ്ണണം എന്നാണ് , വാസും ഓണം ആഘോഷിച്ചു കേട്ടോ ..! ഓണം ആയതോടെ വാസു മാഷിന്റെ ക്ലാസ്സില്‍ പിള്ളേര് ഒരേ ഒഴാപ്പാണ്.. ഓണം അവധി കഴിഞ്ഞു സ്കൂള്‍ അടുത്ത ആഴ്ച തുറക്കുന്നതായിരിക്കും എന്ന് അറിയിക്കുന്നു ..എല്ലാ കുട്ടികള്‍ക്കും കുട്ടികളുടെ കുട്ടികള്‍ക്കും സ്വാഗതം ! :-)

    മറുപടിഇല്ലാതാക്കൂ
  6. വരികളില്‍ നിറഞ്ഞു നിന്ന നൊമ്പരം മനസ്സിലേക്ക് ഉര്ന്നിറങ്ങുന്നു....

    മറുപടിഇല്ലാതാക്കൂ
  7. ഒരു നെടുവീര്‍പ്പിന്റെ ഒടുക്കം....
    വായിച്ചു തീര്‍ത്തു.

    മറുപടിഇല്ലാതാക്കൂ
  8. കര്‍ക്കിടകത്തിലേക്ക് തുറന്ന കിളിവാതിലിലൂടെ ഒരുമഴക്കാലം മുഴുവന്‍ കാട്ടിത്തന്ന്,
    ഓണ സ്മരണകളുടെ ഓരൊ നാക്കിലത്തുമ്പിലുമൊരുതുള്ളികണ്ണുനീരിറ്റിച്ച് , നൊമ്പരസ്മരണകളുടെ ഓണക്കുറിപ്പ്...

    സുഹൃത്ത് മുകിലിന്റെ ആശസകള്‍ കടമെടുത്തു നല്‍കുന്നു,
    ''സങ്കടങ്ങളുടേതല്ലാത്ത ഓണങ്ങളുണ്ടാകട്ടെ'' താങ്കള്‍ക്കും...

    മറുപടിഇല്ലാതാക്കൂ