ഞായറാഴ്ച, സെപ്റ്റംബർ 25
ശനിയാഴ്‌ച, സെപ്റ്റംബർ 24
എന്തൊരു ടൈമിങ്ങ്!
സമയത്തിന്‍റെ വില മനസിലാക്കാന്‍ പലപ്പോഴും നാം വൈകി പോകാറുണ്ട്...അതല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്തഭാവം നടിച്ചിട്ടുണ്ട്..ഞാനും അതില്‍ ഒട്ടും വ്യത്യസ്തയല്ല.
സമയത്തെ പല ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നതിനെ പലപ്പോഴും നാം വിസ്മരിക്കാറുണ്ട്.
പലപ്പോഴും നാം അടഞ്ഞ വാതിലുകള്‍ക്ക് മുന്നില്‍ നിരുദ്ധ കണ്‍ഠം നിലനില്‍ക്കാറുണ്ട് നമുക്ക് മുന്‍പില്‍ തുറക്കപെട്ട മറ്റു വാതിലുകളിലേക്ക് നോക്കുക പോലും ചെയ്യാതെ.ഇമ ചിമ്മുന്ന നേരം പോലുംചിലരെ മറക്കാന്‍ കഴിയാതെ ..അതെ ..അതാണ് കാഷ്ഠ.
മൂന്നു കാഷ്ഠയാണ് ഒരു കല.വേദന തന്നു പിരിഞ്ഞു പോയെങ്കിലും വരും വരാതിരിക്കില്ലാ എന്ന്കരുതി മഴക്കായുള്ള വേനല്കുടീരതിനുള്ളിലെ ചാതകത്തിന്റെ/വേഴാമ്പലിന്റെ കേഴല്‍.ആ കേഴലിന്‍ ഇടവേള..അതാണ് കല.
മുപ്പതു കലകള്‍ ചേര്‍ന്നാല്‍ ഒരു ക്ഷണം.പിന്‍വിളി കേട്ടുവെന്ന് കരുതി വൃഥാ പിന്തിരിഞ്ഞു നാം നോക്കുന്ന അത്ര സമയം.
പന്ത്രണ്ടു ക്ഷണം ഒരു മുഹൂര്‍ത്തം.ആരോഗ്യമുള്ള പുരുഷനും യൌവ്വനമുള്ള സ്ത്രീയും പരസ്പരം അറിയുന്ന തിന് പ്രകൃതി അനുവദിച്ച സമയം.
മുപ്പതു മുഹൂര്‍ത്തങ്ങള്‍ അഹോരാത്രം...കാന്തന്റെ മാറില്‍ തല ചായ്ച്ചിരുന്നു രാവേറെ ചെന്നും കഥയും ,നടനവും,നാട്യവും,നാടകവും സമന്വയിക്കുന്ന കഥകളി മുദ്രകളില്‍ അലിഞ്ഞു കിനാവില്‍ നളന്‍ കണ്മുനയാല്‍ ദമയന്തിയുടെ കടമിഴിയില്‍ നളചരിതം രചിക്കുന്ന അപൂര്‍വസമയം.
മുപ്പതു അഹോരാത്രം അഥവാ ഒരു മാസം .മാന്തളിര്‍ തിന്നു മദിക്കാന്‍ ആയി പൂങ്കുയില്‍ ആകാംഷയോടെ തൈമാവില്‍ കൊക്കുരുമ്മി കാത്തിരിക്കുന്ന കാലം.
രണ്ടു മാസം അഥവാ ഒരു ഋതു.വിടരാതെ കൊഴിയുന്ന പൂമൊട്ടുകളില്‍ മകരന്തന്‍ നടത്തുന്ന നീതി നിഷേധം പോലെ..വേദങ്ങള്‍ നാലും ഗ്രഹസ്ഥമാക്കാന്‍ ഗണിക പെണ്കൊടികള്‍ക്ക് വരേണ്യ വര്‍ഗം അനുവദിച്ച സമയം.
മൂന്നു ഋതുക്കള്‍ അഥവാ ഒരു അയനം.ശിശിരത്തില്‍ കൊഴിഞ്ഞ ഇലകള്‍ക്കൊപ്പം പറന്നകന്നു പോയ ഇണക്കിളിയെ കാത്തിരിക്കാന്‍ മറു കിളിക്ക് പ്രേരകമാകുന്നത് വസന്തത്തില്‍ തളിരിടുന്ന പ്രതീക്ഷകളാണ്.അതായത് മൂന്നു ഋതുഭേദങ്ങളുടെ വിരഹ കാലയളവ്‌ഒരു അയനം.
രണ്ട് അയനം അഥവാ ഒരു സംവത്സരം.ദിക്കുതോറും തളക്കപെട്ടു കിടക്കുന്ന ദിക്പാലകരുടെ മോചനത്തിന്റെ ശംഖമൃദന്ഗാദികളുടെ ശബ്ദഘോഷത്തിനായുള്ള ശാന്തമായ നീണ്ട കാത്തിരിപ്പ്.
അങ്ങനെ ആര്‍ക്കൊക്കെയോ വേണ്ടി,ആരെയോ കാത്തു വഴി കണ്ണുമായി സംവത്സരങ്ങളോളം നീണ്ടു നിവര്‍ന്നു കിടക്കുന്നതിനെയാണ് കാലം എന്ന് പറയുന്നത്.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കേ ആണെങ്കിലും നാം കേട്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും "കാലം ആരെയും കാത്തിരിക്കില്ല"എന്നത് തന്നെ ആണ്.കാലചക്രം അനുഗതം തന്‍റെ കടമ നിറവേറ്റുന്നു-സമയത്തിന്‍റെ സദുപയോഗം.
സമയം ലഭിക്കുമ്പോള്‍ അത് ഉപയോഗിക്കാതിരുന്നാല്‍ പിന്നീട് പശ്ചാത്തപിക്കുന്ന ജീവിതത്തിലെ ചില ഏടുകള്‍.....
അതാണ് വാര്‍ധക്യത്തിന് മുന്‍പുള്ള യുവത്വം.
രോഗത്തിനുമുന്പുള്ള ആരോഗ്യം.
പരീക്ഷക്ക് മുന്‍പുള്ള പഠന സമയം.
മരണത്തിനു മുന്‍പുള്ള ജീവിതം.മുതലായവ.
കാലങ്ങളുടെ വില വേദനയോടെ ഏറ്റവും അറിയുന്നവര്‍ "ഗൌരവമായി പ്രണയിക്കുന്നവര്‍" അല്ലാതെ മറ്റാരുമാവില്ല ! "പരസ്പരം കാണാതെ എന്നാല്‍ കനവില്‍ എല്ലായിപ്പോഴും കണ്ട്,ഒരക്ഷരം ഉരിയാടാതെ എന്നാല്‍ മൌനം വാചാലമാക്കി, എല്ലാ കുറ്റവും കുറവും അറിഞ്ഞ് പരസ്പരം സ്നേഹിക്കുന്ന മനസുകള്‍ക്ക് മാത്രമേ അതിനു കഴിയു."അതുകൊണ്ട് തന്നെയാകണം വര്‍ഷങ്ങളോളം കാത്തിരിക്കാനും മറ്റാരെക്കാള്‍ അവര്‍ക്ക്അറിയുന്നതും.
എന്നാല്‍ ഒരു വര്‍ഷത്തിന്‍റെ വില അറിയണമെങ്കില്‍ ഒരു വിദ്യാഭ്യാസ വര്‍ഷം/അകാടെമിക് ഇയര്‍ നഷ്ട്ടപെട്ട വിദ്യാര്‍ഥി യോളം ആര്‍ക്കും മനസിലാകില്ല.
ഒരു മാസത്തിന്‍റെ വില മാസം തികയാതെ ജനിക്കുന്ന കുഞ്ഞിന്റെ അമ്മ അറിയുന്നത് പോലെ ആരും അറിയുന്നുണ്ടാകില്ല.
ഒരാഴ്ചയുടെ വില വീക്കിലി എഡിറ്റര്‍ അറിയുന്നു മറ്റാരെക്കാള്‍.
ഒരു മണികൂരിന്റെ വില മാതാ പിതാക്കളുടെ ബൈ പാസ് ശസ്ത്രക്രിയാ മുറിയുടെ പുറത്തു കാത്തു നില്‍ക്കുന്ന മക്കളെക്കാള്‍ ആര്‍ക്കറിയാം?
ഒരു മിനിറ്റ് നഷ്ട്ടത്തിന്റെ വില ഒരു മിനിടു മുന്‍പേ ഓടിയിട്ടും ലഭിക്കാതെ കടന്നു പോയ ട്രെയിന്‍ യാത്രക്കാരനെ അറിയൂ.
ആക്സിഡന്റ്റില്‍ നിന്ന് ഒരു തലനാരിഴ വ്യത്യാസത്തില്‍ മാത്രം രക്ഷപെട്ട വ്യക്തിക്കെ ഒരു സെക്കന്റ് -ന്റെ വില അറിയൂ.
എന്നാല്‍ ഒരു മില്ലി സെക്കന്റ് വില മനസിലാക്കുന്നത് ഒരു മില്ലി സെക്കന്റ് കൊണ്ട് രെകോര്‍ഡും,ഗോള്‍ഡ് മെഡലും നഷ്ട്ടപെട്ട ഒരു അത് ലെറ്റ് -ന് ആയിരിക്കും.
സമയത്തിന്റെ സദുപയോഗത്തെ കുറിച്ച് സൂചിപ്പിക്കുന്ന കുറച്ചു ചിത്രങ്ങള്‍ ആണ് എന്നെ കൊണ്ട് ഇത് എഴുതിച്ചത്.ഈ ചിത്രങ്ങള്‍ കണ്ടാല്‍ ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന ആ പദം അറിയാതെ പറഞ്ഞു പോകും.
" എന്തൊരു ടൈമിങ്ങ്! " എന്ന്.
(Pic-Courtesy-GMail)
വ്യാഴാഴ്ച, സെപ്റ്റംബർ 22
വെള്ളിയാഴ്‌ച, സെപ്റ്റംബർ 16
അതിശയം ഈ കരവിരുത്...!!!
ചില കാഴ്ചകള്‍ നമ്മെ അതിശയിപ്പിക്കും.ചിലപ്പോള്‍ അമ്പരപ്പിക്കും.
മനോഹരമായ കാഴ്ചകള്‍ മറ്റുചിലപ്പോള്‍ മനസിനെ ഒരു വേള മാത്രം മദിപ്പിച്ചേക്കാം.കാഴ്ചകള്‍ പലപ്പോഴും ആസ്വാദകരുടെ കാഴ്ചപ്പാടിനെ ആശ്രയിച്ചിരിക്കും എന്നിരിക്കെ നിഗൂഡമായ കാഴ്ച്ചാ പ്രപഞ്ചം ത്രിമാനതലത്തില്‍ രേഖപെടുത്തിയ ഈ മനോഹരമായ "സ്ട്രീറ്റ് ആര്‍ട്ട്"രൂപത്തിലൂടെ ആ അനുഗ്രഹീത കരങ്ങള്‍ "നേര്‍ കാഴ്ച്ചയുടെ പൊരുളറിയാന്‍ ഉള്ള ഉള്‍കാഴ്ചകള്‍ ആണ് ഏറ്റവും കരണീയം "എന്ന മഹത് വചനത്തിനു അടിവരയിടുന്നു.
(Picture Courtesy-:G-Mail)
നേര്‍ കാഴ്ച്ചയുടെ പൊരുളറിയാന്‍ ഉള്ള ഉള്‍കാഴ്ചകള്‍ ആണ് ഏറ്റവും കരണീയം എന്ന മഹത് വചനത്തിനു അടിവരയിടുന്നു.
വെള്ളിയാഴ്‌ച, സെപ്റ്റംബർ 9
ഓര്‍മയുടെ ആല്‍ബത്തിലെ "ഓണ നൊമ്പരങ്ങള്‍" ....
ഇന്നിന്‍റെ ഗൃഹാതുരത നാളയെ സ്പര്ശിക്കാറില്ലെന്നിരിക്കെ...
ഓരോ ആഘോഷങ്ങളും ഓരോ വ്യക്തിയെയും ഒറ്റ ചെണ്ടയുടെ ജീവിത താളത്തില്‍ നിന്നും സമൂഹതാളത്തിന്റെ മേള സമര്‍ദ്ധിയിലേക്ക് ആനയിക്കുകയും അതുവഴി അവനെ ഏകാന്തതയുടെ ദുര്‍ബലതാ ബോധത്തില്‍ നിന്നും മോചിപ്പിച്ച് ബഹുതയുടെ ഊറ്റം കൊള്ളിക്കുകയും ചെയ്യുന്നു.
ഓണക്കാലം പ്രവാസി മനസ്സില്‍ അവന്‍ മലയാണ്മയും ആയി രമിച്ച സമൃദ്ധമായ ആ കാലഘട്ടത്തെ സ്മരണീയം ആക്കുക പതിവാണ് .
ഇല്ലായ്മയുടെയും വറുതിയുടെയും പഞ്ഞ കര്‍ക്കടകം ഒരു വല്ലാത്ത ആവേശത്തോടെയാണ് പെയ്തൊഴിയുന്നത് .ഭാവമാറ്റം കൊണ്ട് അമ്പരപ്പിക്കുന്ന പുലരികളും...തിളയ്ക്കുന്ന ഉച്ചയും,മൌനം ചേക്കേറുന്ന സായന്തനങ്ങളും,കാറും ,കോളും കെട്ടിമറിയുന്ന കലുഷ വാനവും,മരകൊമ്പുകള്‍ കുലുക്കി ഒടിച്ച്കരിയിലകള്‍ അടിച്ചു പറത്തി..പേടിച്ചു വിറച്ച് തമ്മില്‍ പുണരുന്ന അടക്കാമരങ്ങളുടെ മുടി വലിച്ചു പറിക്കുന്ന കലി കൊണ്ട കാറ്റും,എല്ലാം ചേര്‍ന്ന് പേടിപ്പിക്കുന്ന കര്‍ക്കടകത്തിന്റെ
താഴെ വയല്‍ വരമ്പില്‍ കര്‍ക്കടക വറുതിയില്‍ കൊടുത്ത കുടിവെള്ളം മടക്കം ചോദിക്കുന്ന ഞണ്ടിനോട് തവളയുടെ അവസാനിക്കാത്ത കടം പറച്ചില്‍ -"തറാം തറാം".കുതിരുന്ന മണ്ണ്ടരുകള്‍ക്കിടയില്‍ എവിടെയോ ചീവീടുകളുടെ ദില്‍രൂബ.അങ്ങനെ കര്‍ക്കടക രാവുകളോട്
യാത്ര പറഞ്ഞ് പൊന്നില്‍ ചിങ്ങത്തെ പ്രകൃതി പോലും വരവേല്‍ക്കുന്നത് പ്രവാസി മനസുകളില്‍ എന്നും മറക്കാത്ത ഓര്‍മകളാണ്.അത്തരം ഒരു ഓണക്കാലത്താണ് നാട്ടില്‍ അമ്മൂമ്മയോടൊപ്പം വളര്‍ന്ന (പ്രവാസി മാതാപിതാക്കള്‍ ആയ വിദ്യചേച്ചിയുടെയും ആനന്ദന്‍ ചേട്ടന്റെയും മകള്‍) ആദിത്യഎന്ന അഞ്ചു വയസുകാരിയെ മഴ പെയ്തു തോര്‍ന്ന ഇടനേരത്ത് വഴിയും പുഴയും ഒന്നാക്കി മാറ്റിയ മഴയുടെ കുസൃതിയില്‍ മഴവെള്ളത്തോടൊപ്പം കളിച്ച് അവള്‍ പുഴയുടെ മടിയില്‍ ചെന്ന് വീണത്..ആ ഓണക്കാലത്ത് തകര്‍ന്നു പോയത് ആ പാവം പ്രവാസി കുടുംബത്തിന്‍റെ ശിഷ്ട ജീവിതത്തിന്‍റെ സ്വപ്നം.പ്രവാസികള്‍ക്ക് ചിലത് നേടുമ്പോള്‍ ചിലത് നഷ്ട്ടപെടാതെ വയ്യല്ലോ..!
പൂവുകളുടെ പ്രണയകാലമായ ഓണം ഒരു പുഷ്പോത്സവം കൂടിയാണ്.ചില പ്രവാസി വീടുകളില്‍ പ്ലാസ്റ്റിക് പൂക്കള്‍ ടൈല്‍സ് പാകിയ തറയില്‍ നിരത്തി ഓണം ആഘോഷിക്കുമ്പോള്‍ മറ്റുചില വിദേശ രാജ്യങ്ങളില്‍ ഫ്ലൈറ്റ് മാര്‍ഗം എത്തിച്ചേരുന്ന പൂക്കള്‍ക്ക് ഉയര്‍ന്നവിലകൊടുത്തു വാങ്ങി പൂക്കളം തീര്‍ക്കുന്നവരും ഓണക്കാലത്തെ കാണാ കാഴ്ചകളില്‍ ഉള്‍പെടുന്നു.നാട്ടില്‍ പൂക്കളും ഇന്ന് അന്യം നിന്ന് പോകുകയാണ്.ഓണസ്മരണയില്‍ ഒരുവേള രാത്രിമഴയുടെ ആലസ്യത്താല്‍ മയങ്ങുന്ന പൂക്കളെ മഞ്ഞപട്ടുടുത്തു ആരവുമായി വന്നു വിളിച്ചുണര്ത്തുക മുക്കൂറ്റിയും കോളാമ്പി പൂക്കളും ആയിരിക്കും.വെളുത്ത ഉടുപ്പിട്ട തുമ്പ പൂക്കള്‍ ചുവന്ന വാലന്‍ തുമ്പികളുമായി കിന്നരിച്ചിരുന്ന ആ ഓണക്കാലം ഇന്ന് സ്മരണകളില്‍ മാത്രം.
വിരിഞ്ഞാല്‍ ദീര്‍ഘ കാലം നിലനില്‍ക്കുന്ന ഓര്‍ക്കിഡ്,ആന്തൂറിയങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ പുഷ്പോല്‍സവങ്ങള്‍ക്ക് മിഴിവേകുമ്പോള്‍ മനസിന്‍റെ പഴമ മണക്കുന്ന പൂക്കൂടയിലെവിടെയോ നൊമ്പരപെടുത്തുന്ന ഒരു പുഴുകുത്ത്.പുത്തന്‍ പട്ടുപാവാടയും പാദസരങ്ങളും അണിഞ്ഞ്,ഒരു ചിത്തിര നാളില്‍,വേലിയില്‍ പടരുന്ന കൊങ്കിണി പൂക്കളെ മത്സരിച്ചു സ്വന്തമാക്കി പിന്തിരിയുമ്പോള്‍ ഇലയിളക്കത്തിനിടയില്‍ അകന്നു പോയ ഇഴജന്തു കൊത്തി കൊണ്ട് പോയത് സൌഹൃദത്തിന്റെ പൂക്കൂടയില്‍ നിന്നും" ശ്യാമ " എന്ന കൂട്ടുകാരിയെ.ഓര്‍മ്മകള്‍ നിദ്ര വിട്ടുണരുമ്പോള്‍ അവ ഓരോന്നായി മലരുമ്പോള്‍ കൊഴിയാനും,ഉള്ളില്‍ വീണടരാനും ഒരു നെടുവീര്‍പ്പിന്റെ അഴല്‍ ചൂട് മതി എന്നിരിക്കെ ആ ഓര്‍മകളും ഒരു രാവിന്‍റെ പരിമളം മാത്രം പകര്‍ന്നു മറഞ്ഞ "നിശാഗന്ധി പൂക്കളെ പോലെ ചിലര്‍ ജീവിതത്തില്‍ ഒരു പൂക്കാലം സമ്മാനിച്ച് ഏറെ വേദനയോടെ അന്യമാകുന്നു."
തിരുവോണ നാളില്‍ അരിമാവുകൊണ്ട് കോലം വരച്ച് അതിന്മേല്‍ ആവണിപലകയിട്ട് തൃക്കാക്കര അപ്പനെ പൂജിച്ചലങ്കരിക്കുന്നു.കുടയും വടിയുമുള്ള മാവേലിയുടെ രൂപം ഉണ്ടാക്കി ഓണത്തപ്പനുള്ള അടയും കുടയും വടിയും പടിപ്പുരയില്‍ വെച്ച് കാത്തിരുന്ന അതേ ഓണക്കാലത്താണ് ഒഴിഞ്ഞ ഭസ്മകൂടും,കോളാമ്പിയും, ഓട്ടുകിണ്ടിയും ഓര്‍മയുടെ ഭാണ്ഡത്തില്‍ ബാക്കി വെച്ച് എഴുത്തുകാരന്‍ ആയ അമ്മാവന്‍ വായനശാലകളിലൂടെ നടന്നു മറഞ്ഞത്.അക്ഷരങ്ങളോടുള്ള അടങ്ങാത്ത ആസക്തി അതാണല്ലോ നമുക്കും ഏറ്റവും പുരാതനമായ ബൌധിക പ്രണയ സങ്കല്പം.
പ്രവാസികള്‍ക്ക്മാത്രമല്ല നാട്ടിലും ഇപ്പോള്‍ ഇന്‍സ്റ്റന്റ് ഓണത്തിന്റെ കാലമാണ്.പ്രവാസ ലോകത്തും ഹോട്ടലുകളില്‍ ഓണകാലത്ത് പ്രത്യേക ഓണ സദ്യ ഒരുക്കാറുണ്ട്.കടല്‍ കടന്നെത്തുന്ന വാഴ ഇലയില്‍ വിഭവ സമര്‍ദ്ധം ആയ ഓണസദ്യ നല്‍കുന്നതില്‍ മത്സരം തന്നെ ആ വിപണിയില്‍ കാണാന്‍ കഴിയും.പാര്‍സല്‍ ആയി വാങ്ങി ഒന്നിച്ചു ഒരു മുറിയില്‍ ഒത്തു കൂടി ഓണം ആഘോഷിക്കുന്നവരും കുറവല്ല.എന്നാല്‍ നാട്ടില്‍ ഓണമാഹാത്മ്യം ഓണസദ്യയില്‍ ആണെന്ന് പറയുന്ന പഴമക്കാര്‍ പലരും ഒന്നാന്തരം "ഊണികളും" ആയിരുന്നു.വിഭവ സമര്‍ദ്ധംആയി സദ്യ ഒരുക്കിയാല്‍ മാത്രം പോരാ ഓണസദ്യ വിളമ്പുന്നതിലും ചിട്ടവട്ടങ്ങളുണ്ടായിരുന്നു ,പഴയ തലമുറക്കാര്‍ക്ക്.
സദ്യയുടെ കാര്യത്തില്‍ ചിട്ടവട്ടങ്ങള്‍ക്ക്പ്രായത്തെ വെല്ലുന്ന ആരോഗ്യം ഉണ്ടായിരുന്ന മുത്തശ്ശിക്ക് ആയിരുന്നു എന്നും നിര്‍ബന്ധം.നടുക്ക് ഞരമ്പ് ഉള്ള തൂശനിലയിലാണ് സദ്യ വിളമ്പേണ്ടത്.ഇലയുടെ വീതി കുറഞ്ഞ ഭാഗം ഉണ്ണാന്‍ ഇരിക്കുന്ന ആളിന്‍റെ ഇടതു വശത്ത് വരുംവിധമാണ് ഇല ഇടേണ്ടത്.ആദ്യം ഇലയുടെ വീതി കുറഞ്ഞ ഭാഗത്ത് കായ വറുത്ത്,ശര്‍ക്കരപുരട്ടി ,പഴം തുടങ്ങിയവ വെക്കുന്നു,അതിഥിയോട് അടുത്ത ഭാഗത്ത് ഉപ്പിലിട്ടത്.അച്ചാറുകള്‍ തൊടാതെ ഇടതു വശത്തേക്ക് ചെരിച്ചു പപ്പടം.പിന്നെ ഇടത്ത് നിന്ന് വലത്തോട്ടു യഥാക്രമം ഇഞ്ചിതൈര്,
തോരന്‍,കിച്ചടി പച്ചടി,അവിയല്‍,ഓലന്‍,കൂട്ടുകറി ,എരിശ്ശേരി എന്നിവ വിളമ്പും.തുമ്പപ്പൂ പോലുള്ള കുത്തരി ചോറ് വിളമ്പിയാല്‍ ഉടന്‍ തന്നെ നെയ്യും പരിപ്പും വിളമ്പണം.അത് ഇലയുടെ വലത്തേ അറ്റത്താണ് വിളമ്പേണ്ടത്.പരിപ്പും നെയ്യും കൂട്ടി ഉണ്ടു തുടങ്ങിയ ശേഷം ആണ് ചോറിനു മുകളില്‍ സാമ്പാര്‍ ഒഴിക്കുക.രണ്ടാമത് വിളമ്പുന്ന ചോറ് കാളന്‍ കൂട്ടി കഴിക്കാന്‍ ഉള്ളതാണ്.അവസാനത്തെ ഇനം മോരും രസവും ആണ്.അത് ഇലയില്‍ ഒഴിക്കാതെ കൈക്കുമ്പിളില്‍ വാങ്ങി പാതി കുടിച്ച് വീണ്ടും ഊണ് തുടരുകയാണ് പതിവ്.ഒന്നിലധികം പായസം ഉണ്ടെങ്കില്‍ ആദ്യം പാല്‍പായസം വിളമ്പിയ ശേഷമേ മറ്റെന്തും ആകാവു.പായസത്തോടൊപ്പം പപ്പടവും പഴവും ചേര്‍ത്ത് കഴിച്ചാലേ ഓണസദ്യ ആകു എന്ന പഴമക്കാരുടെ വിശ്വാസം പുതിയ തലമുറയ്ക്ക് തീര്‍ത്തും അന്യം.ഓണ സദ്യ ആഹാരത്തിനു വക നല്‍കിയ ഭൂമിയോടുള്ള കര്‍ഷകന്‍റെ നന്ദി പ്രകടനം.തന്മൂലം തന്നെ വിളവെടുപ്പിന്റെ ഉത്സവം ഓണ സദ്യയില്‍ അധിഷ്ടിതമാകുന്നു.
ഏഴര വെളുപ്പിനുണര്‍ന്നു കഴിഞ്ഞാല്‍ എഴുപതു ശീലങ്ങള്‍ ഉള്ള ആ മുത്തശ്ശി ഏറെ വിളിച്ചിട്ടും ഏഴു ന്നെല്‍ക്കാതെ വിട പറഞ്ഞതും ഒരു ഓണ നാളില്‍ തന്നെ. രുചി ഭേദങ്ങളുടെ നവരസ പതിപ്പായിരുന്ന കൂന് ഉണ്ടായിരുന്ന സുന്ദരി മുത്തശ്ശി നീണ്ടു നിവര്‍ന്ന് മരണത്തോടൊപ്പം ഒരു ഓണക്കാലത്ത് യാത്രയായപ്പോള്‍ നഷ്ട്ടപെട്ടത് കുട്ടിക്കാലത്ത് കേട്ടുമറന്ന കഥകളെക്കാള്‍ ജീവിത വിഭവത്തെ ഒരു നുള്ള് ഉപ്പു ചേര്‍ത്ത് സ്വാദിഷ്ടമാക്കാന്‍ കഴിവുള്ള അറിവിന്‍റെ കലവറയായിരുന്നു.
ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഉത്രാട ദിനത്തില്‍
അബൂബക്കെര്‍ സൈതലവി എന്ന മലപ്പുറം സ്വദേശിയെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത അന്ന്.ഉറക്കെ മാത്രം സംസാരിക്കാന്‍ അറിയുന്ന...അനുസരണയില്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന പല്ലുകള്‍ എത്ര ദുഖത്തിലും അദ്ദേഹത്തിന് സന്തോഷത്തിന്‍റെ പ്രതിച്ഛായ നല്‍കിയിരുന്ന ബക്കര്‍ ഇക്ക,ഐ.സി.യു വില്‍ മരണത്തിനും ജീവിതത്തിനും ഇടയില്‍ ഉള്ള നൂല്പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പുറത്തു പ്രാര്‍ഥനാ നിരതമായ ഹൃദയത്തോടെ അദ്ധേഹത്തിന്റെ ഭാര്യ സുബൈദക്കും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങള്‍ക്കും ഒപ്പം കഴിച്ചു കൂട്ടിയ രാത്രി.രാവിലെ പേടിക്കേണ്ട..എങ്കിലും നിരീക്ഷണത്തില്‍ ആണ് എന്ന് ഡോക്ടര്‍ പറഞ്ഞത് കേട്ട് ആശ്വാസത്തില്‍ സുബൈദയെയും കുട്ടികളെയും വാര്‍ഡില്‍ ആക്കി റൂമില്‍ വന്ന് ഓണദിവസം തിരക്കിട്ട് ഭക്ഷണം ഉണ്ടാക്കി അവര്‍ക്കുള്ള ഭക്ഷണവും ആയി ഹോസ്പിറ്റലില്‍ തിരിച്ചു ചെല്ലുമ്പോള്‍കേട്ടത് മരണ വാര്‍ത്ത.ആകെ തകര്‍ന്ന സുബൈദയെ ആശ്വസിപ്പിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍, വാപ്പയുടെ മരണ വാര്‍ത്തഎന്തെന്നു തിരിച്ചറിയാത്ത ആ പിഞ്ചു മക്കള്‍ ഹോസ്പിറ്റല്‍ ബെഡ്ഡില്‍ ഇരുന്ന് ഞാന്‍ കൊണ്ട് ചെന്ന ഭക്ഷണം ആര്‍ത്തിയോടെ കഴിച്ച ആ രംഗം ഇന്നും ഓണത്തിന് ഉണ്ണുന്ന എന്‍റെ സദ്യക്ക് മുന്നില്‍ കണ്ണീരായി...ഒരു നോവായി ...അവശേഷിക്കുന്നു.അന്ന് വാപ്പ മരിച്ചതറിഞ്ഞ് കരയാതെ ,തീര്‍ന്നു പോയ പപ്പടത്തിനായി വാശി പിടിച്ചു കരഞ്ഞ ആ ഇളയ കുട്ടിയുടെ കണ്ണീര്‍ അന്ന് വീണത് നെരിപ്പോടായി നീറിയ എന്‍റെ നെഞ്ചിനകത്താണ്.ആ നീറ്റല്‍ അന്ന് മുതല്‍ ഇന്നുവരെ ജീവിതത്തിന്‍റെ ആഘോഷങ്ങളില്‍ നിന്ന് പപ്പടം കഴിക്കാന്‍ കഴിയാതെ എന്നെകൊണ്ട് മനസ് മാറ്റി വെപ്പിക്കുന്നു.ബക്കെര്‍ ഇക്കയുടെ മരണശേഷം ആരോരും സഹായതിനില്ലതിരുന്ന ആ സാധു സ്ത്രീയെ എംബസി യുടെ സഹായത്തോടെ വെറും കയ്യോടെ കയറ്റി അയക്കുമ്പോള്‍ രണ്ടാം വിവാഹം എന്ന് പറഞ്ഞ് ആരും സഹായിക്കാന്‍ വരാതിരുന്നപ്പോള്‍,അവര്‍ക്ക്കാരുണ്യത്തിനായി പല വാതിലിലും മുട്ടിയപ്പോള്‍ ഞാന്‍ വേദനയോടെ തിരിച്ചറിഞ്ഞു....."ജീവിതത്തില്‍ ഉണ്ടാകുന്ന കനത്ത നഷ്ടം കേവലം മരണമല്ല.നാം ജീവിച്ചു കൊണ്ടിരിക്കെ നമ്മുടെ ഉള്ളില്‍ എന്ത് മരിച്ചു കൊണ്ടിരിക്കുന്നുവോ അതാണ് ജീവിതത്തില്‍ ഉണ്ടാക്കുന്ന കനത്ത നഷ്ടം".
ഓണസ്മരണകളില്‍ ആനന്ദം തരുന്നവ ഏറെ ഉണ്ടെങ്കിലും വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ ആണ് ഒരു തനിയാവര്‍ത്തനത്തിന് ഇടയാക്കുന്നത്.മറക്കണം എന്ന് കരുതിയാലും ഓണക്കാലത്ത് ഓടി മനസ്സില്‍ വരുന്ന നോവുകള്‍.
ഇനിയും നിറം മങ്ങാത്ത ഓര്‍മയുടെ പുസ്തകത്താളില്‍ ഓണ സ്മരണകള്‍ അക്ഷര തിമര്‍ത്തു കൊണ്ട് കണ്കെട്ടികളിക്കുമ്പോള്‍ തെല്ലകലെ നിന്ന് കൌമാരം കൈകൊട്ടിചിരിച്ച് കൊതിപ്പിക്കുന്നു....
ഒരു കോമാളിയെ കണ്ടിട്ടെന്നപോലെ....!!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)