തിങ്കളാഴ്‌ച, ഓഗസ്റ്റ് 29
ഞായറാഴ്‌ച, ഓഗസ്റ്റ് 28
നോല്‍ക്കാത്ത നോമ്പിന്‍റെ നോവ്....( Daily dated 28-08-2011 )
നാം ജനിച്ചത് വ്യത്യസ്ത മതങ്ങളും ദര്‍ശനങ്ങളും ഉള്ള ഒരു ബഹുസ്വര സമൂഹത്തിലാണ്.ആ സമൂഹത്തില്‍ ഒരു ഒറ്റ ചെണ്ടയായി നില നില്‍ക്കാതെ താള ബോധത്തിന്റെ ഒരു പഞ്ചവാദ്യമാകുക എന്ന ലാളിത്യമേറിയ ചിന്തയാണ് പ്രവാസലോകത്ത് അമുസ്ലീങ്ങളും റമദാനില്‍ നോമ്പനുഷ്ടിച്ചു ഇസ്ലാമിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നത്.അനുദിനം വഷളായി കൊണ്ടിരിക്കുന്ന സാമൂഹികാന്തരീക്ഷത്തില്‍ നന്മയുടെ വീണ്ടെടുപ്പിനായി വൈവിധ്യമാര്‍ന്ന രീതിയിലും സ്വഭാവത്തിലുമുള്ള വൃതാനുഷ്ഠാനങ്ങള്‍ ലോക ജനത ആചരിച്ചു വരുന്നതായി കാണാം.പൌരാണിക കാലം മുതല്‍ക്കേ ലോകത്ത് മൌനവൃതം നിലവിലുണ്ടായിരുന്നു.ഈസ നബിയുടെ മാതാവായ മറിയമിനോട് മൌനവൃതം ആചരിക്കുവാന്‍ ദൈവം കല്‍പിച്ചതായി വിശുദ്ധ ഖുര്‍ആന്‍' വ്യക്തമാക്കുന്നു..വൈവാഹിക ജീവിതത്തെയും ഭൌതിക സുഖാഡംബരങ്ങളെയും പാടെ പരിത്യജിച്ചു കൊണ്ടുള്ള സന്യാസം ആര്‍ഷഭാരത സംസ്കാരത്തിന്‍റെ ഭാഗമായി നിലനില്‍ക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ലോകത്ത് സാംസ്കാരിക പാരമ്പര്യങ്ങള്‍ അവകാശപെടാവുന്ന സമൂഹത്തില്‍ എല്ലായിടത്തും വൈജാത്യങ്ങളും വിവിധ്യങ്ങളും ഉള്ള വൃതാനുഷ്ഠാന സമ്പ്രദായങ്ങള്‍ നിലനില്‍ക്കുന്നതായി കാണാം.
എന്നാല്‍ ഇസ്ലാമിന്‍റെ വൃതാനുഷ്ഠാനം കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക എന്നതല്ല.ജീവിതത്തില്‍ തനിക്കു ഏറ്റവും തീവ്രമായി അനുഭവപെടാവുന്ന ആഗ്രഹാഭിലാഷങ്ങളെയും ദേഹേച്ഹകളെയും ദൈവപ്രീതിക്ക് മുന്നില്‍ ബലികഴിക്കാനുള്ള ആത്മ നിയന്ത്രണത്തിന്റെ ഭാഗമാണത്.
അതുവഴി ദൈവ പ്രീതി സ്വായത്തമാകുന്നു.കഠിനവും തീക്ഷ്ണവുമായ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിത മാര്‍ഗത്തില്‍ തളരാതെ മുന്നേറാനുള്ള ശക്തി ലഭിക്കുന്നു.കാടും പടലവും പിഴുതെടുത്ത് മണ്ണ് ഒരുക്കി കര്‍ഷകന്‍ വിത്തെറിയുമ്പോള്‍ ആണ് നൂറു മേനി കൊയ്യുക.അതുപോലെ ദുഷിച്ച മോഹങ്ങളെ പിഴുതെറിഞ്ഞ് ഭോഗ തൃഷ്ണകളെ നിയന്ത്രിച്ച് വൃതം മനസിനെ വെടിപ്പാക്കുന്നു. ഇടുങ് ങിയ ക്ഷുദ്ര പ്രലോഭനങ്ങളില്‍ നിന്നും മനുഷ്യഹൃദയത്തെ സ്ഫുടം ചെയ്തെടുത്ത് വിശുദ്ധിയുടെ ചക്രവാളത്തിലേക്ക് ഉയര്‍ത്തുക എന്ന മഹത്തായ കര്‍മം ആണ് റമദാന്‍ മാസം അനുഷ്ഠക്കുന്നത്.
പ്രവാസജീവിതത്തില്‍ ഈ പുണ്യഭൂമിയില്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍, ഒത്തിരി നല്ല ഓര്‍മ്മകള്‍ റമദാന്‍ പ്രദാനം ചെയ്തെങ്കിലും,ഇന്നും നോവായി നിലനില്‍ക്കുന്നത് നോല്‍ക്കാത്ത നോമ്പിന്‍റെ ഓര്‍മയാണ്.പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് റമദാന്‍ മാസത്തിലും സ്കൂളില്‍ അധ്യയനം ഉണ്ടായിരുന്ന നാള്‍.ഇന്ത്യന്‍ എംബസി സ്കൂള്‍ ബുറൈദയില്‍ ജോലിക്ക് ചേര്‍ന്ന വര്‍ഷം ആദ്യ റമദാന്‍.രാവിലെ ആറു മണി മുതല്‍ ദോഹര്‍ സലഹ് വരെ ക്ലാസ്സ് ഉണ്ടായിരിക്കും.ടേം പരീക്ഷ കഴിഞ്ഞ് റമദാന്‍ പകുതിയോടെ ആണ് സ്കൂള്‍ അടക്കുക.അഞ്ചര മണിക്ക് സ്കൂളിലേക്ക് പോകാനുള്ള വാഹനം വരുന്നതുകൊണ്ട് അതിരാവിലെ തന്നെ എഴുന്നേറ്റ് ജോലികള്‍ തീര്‍ക്കുകയാണ് പതിവ്.അന്ന് കൈകുഞ്ഞായ മകനെ സ്കൂളില്‍ തന്നെയുള്ള ഡേ കെയറില്‍ കൊണ്ട് പോകാനുള്ള സാധനങ്ങളും എടുത്ത് ധൃതിയില്‍ ഒരു ഓട്ടമാണ്.ആ തിരക്കില്‍ ഒന്നും കഴിക്കാന്‍ കഴിയില്ല.സമയം അനുവദിക്കാറില്ല എന്നതായിരുന്നു സത്യം.സ്കൂളില്‍ ബഹുഭൂരിപക്ഷം വരുന്ന അധ്യാപിക സുഹൃത്തുക്കളും ഇസ്ലാമിക വിശ്വാസികള്‍ ആയതുകൊണ്ട് അവരെല്ലാം വൃതാനുഷ്ഠാനത്തിലാണ്. ഉച്ചക്ക് മുന്‍പേ ക്ലാസ്സ് കഴിയുന്നത് കൊണ്ട് ഇന്റര്‍വെല്‍ അഥവാ ഇടവേള ഉണ്ടാകാറും ഇല്ല.സ്കൂള്‍ കഴിഞ്ഞ് വാഹനം വരുന്നതിനായി കാത്തു നില്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ "ഇന്ന് നോമ്പുണ്ടോ ടീച്ചര്‍" എന്ന് ചോദിക്കുമ്പോള്‍ ഉണ്ട് എന്ന് പറയും.ആ നേരം വരെ ജലപാനം കഴിക്കാത്ത എനിക്ക് അത് പറയാന്‍ ഉള്ള അര്‍ഹതയും ഉണ്ടായിരുന്നു.ആ ദിവസം നോമ്പ് പിടിക്കണം എന്ന ആഗ്രഹവും ഉണ്ടായിരിക്കും.എന്നാല്‍ രാവിലെ വീട്ടു ജോലിയും...സ്കൂളില്‍ വിശ്രമ സമയമില്ലാതെ തുടര്‍ച്ചയായ പഠിപ്പിക്കലും,മോനെയും കൊണ്ടുള്ള പൊള്ളുന്ന ചൂടിലെ യാത്രയും,കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ സംഗതി ആകെ മാറും.കുഞ്ഞിനെ ഉറക്കികഴിഞ്ഞ്,ഷവറിനു കീഴില്‍ തല തണുക്കെ ഒരു കുളിയും കഴിഞ്ഞിറങ്ങുമ്പോള്‍ വിശപ്പ് പിടിച്ചാല്‍ കിട്ടില്ല.രണ്ടുമണിയോടെ ഭക്ഷണം കഴിക്കും.നോമ്പാണ് എന്ന് അവരോടു പറഞ്ഞതിന്‍റെ കുറ്റബോധം "നാളെ പിടിക്കാം നോമ്പ് "എന്ന് മനസ്സില്‍ ഉറപ്പിക്കും.അത് പിന്നെ ഗണപതി കല്ല്യാണം പോലെ നാളെനാളെ നീളെ നീളെ ആകും.
പിറ്റേന്നും കൂട്ടുകാരികള്‍ ചോദിക്കും "ഇന്ന് നോമ്പുണ്ടോ" എന്ന്. നോമ്പ് പിടിക്കണം എന്ന വിശ്വാസത്തോടെ ഉണ്ടെന്നു പറഞ്ഞാലും അത് പാലിച്ചില്ല.പുസ്തക വായന ജീവിതത്തിന്‍റെ ഭാഗമായി ഒഴിച്ച് കൂടാന്‍ വയ്യാത്തവിധം അലിഞ്ഞു ചേര്‍ന്നതിനാല്‍ ആകാലങ്ങളില്‍ ആകെ ലഭിച്ചിരുന്ന ഒരേ ഒരു മലയാള പത്രവും...വിശുദ്ധ ഖുര്‍ആന്‍ ഉം,ഇസ്ലാമിക പുസ്തകങ്ങളും ആയിരുന്നു ബുറൈദയില്‍ ആകെ ആശ്രയം.വായനക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ലാതിരുന്നത് കൊണ്ട് മാത്രം അക്കാലത്തു വായിച്ചു തുടങ്ങിയതായിരുന്നു വിശുദ്ധ ഖുര്‍ആന്‍ എന്ന് തുറന്നു പറയട്ടെ!എന്നാല്‍ വായിച്ചു തുടങ്ങിയപ്പോള്‍ ആണ് അത് "അറിവിന്‍റെ അക്ഷയ ഖനിയാണ്" എന്ന് തിരിച്ചറിഞ്ഞത്.
സ്ഥലപരിമിതി മൂലം ആ അറിവിനെ ഖുറാന്‍ വചനത്തോടെ കുറിക്കട്ടെ."ഭൂമിയിലുള്ള വൃക്ഷങ്ങളെല്ലാം പേനയായിരിക്കുകയും,സമുദ്രം മഷിയാവുകയും,അതിനു പുറമേ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്റെ വചനങ്ങള്‍ എഴുതി തീരുകയില്ല."(വി.ഖു.31:27)അതുപോ ലെ തന്നെ ഖുര്‍ആന്‍ -ന്റെ മഹത്വവും.
മറ്റുള്ളവരെ കളങ്കമില്ലാതെ സ്നേഹിക്കാനും... കഴിയുന്നതുപോലെ സമൂഹത്തിനെ സഹായിക്കാനും പഠിപ്പിച്ചതും ആ ഗ്രന്ഥം തന്നെ.ഇസ്ലാമിന്‍റെ സത്യതയും,തത്ത്വങ്ങളുടെ യുക്തി ഭദ്രതയും,ഇസ്ലാമിക മൂല്യങ്ങളുടെ പ്രായോഗികതയും,തിരിച്ചറിഞ്ഞത് ആ വായനയിലൂടെയാണ്.ആ കാലയളവില്‍ തന്നെ ആണ് നോക്കാതെ നോറ്റു എന്ന് പറഞ്ഞ നോമ്പ് ഒരു നോവായി മനസ്സില്‍ തെളിഞ്ഞത്.അന്നെടുത്ത ഉറച്ച തീരുമാനം ആണ് പറഞ്ഞു പോയ കളവിന്‍റെ പ്രായശ്ചിത്തമായി റമദാനില്‍ പത്തു നോമ്പെങ്കിലും പിടിക്കുക എന്നത്.പിന്നീട് കഴിഞ്ഞ നീണ്ട ഒന്‍പതു വര്‍ഷമായി തുടരുന്ന ആ അനുഷ്ഠാനം ഇന്ന് റമദാനിലെ ആദ്യത്തെ പത്തിലും അവസാന പത്തിലും വരെ എത്തി നില്‍ക്കുമ്പോള്‍ ഇനിയും ബാക്കിയാകുന്നത് റമദാന്‍ മാസം മുഴുവന്‍ ആയി നോമ്പനുഷ്ടിക്കാനുള്ള മനസിന്‍റെ ആഗ്രഹമാണ്.
എല്ലാവര്‍ക്കും നന്മയുള്ള മനസോടെ സമൂഹത്തിന്‍റെ സംസ്കരണ ദൌത്യം ഏറ്റെടുക്കാനും...ഹൃദയശുദ്ധിയോ ടെ സഹജീവികളെ സ്നേഹിക്കാനും കഴിയുന്ന ആത്മീയോല്‍കര്‍ഷത്തിന്റെ ഫലപ്രദവും..മഹത്വമേറിയതുമായ റമദാന്‍ ആശംസിക്കുന്നു.
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26
ഇന്നലെ നമ്മള്‍ ഒന്നായിരുന്നു...
പാകിസ്ഥാനും ഇന്ത്യയും-ഒരു ദുരന്തകാലതിന്റെ ആഴത്തിലുള്ള മുറിവുകള്‍ സമ്മാനിച്ച് വഴി പിരിഞ്ഞവര്‍.അതെ, ഭാരതം ഹൃദയ വേദനയോടെ അടര്ത്തിയതാണ് പാകിസ്ഥാനെ.പല കാര്യങ്ങളിലും വിശിഷ്യ സംസ്കാരത്തിലും,നാഗരികതയിലും ഏകത്വം ഉണ്ടായിരുന്നിട്ടും നാനാത്വത്തില്‍ എണ്ണയും വെള്ളവും പോലെ പരസ്പരം പുണരാന്‍ മടിച്ച ,പലപ്പോഴും സമദൂരം പാലിച്ച അയല്‍ക്കാര്‍.
ഭാരതത്തിന്‍റെ ഒരു ഹരിതാഭമായിരുന്ന ഭൂതകാലത്തിന്റെ ആസുരമായ ഒരു രാഷ്ട്രീയ പരിണാമത്തിന്റെ കൂലങ്കഷമായ അപഗ്രഥനം എന്ന് ആ വിഭജനത്തെ പേരിട്ടു വിളിച്ചാലും.കാലത്തിന്‍റെ ചരിത്ര വ്യഥകളില്‍നിന്ന് മുക്തി നേടുന്ന ശോഭനമായ ഒരു ഭാവിയുടെ സദ് സാധ്യതയിലേക്ക് മൌലിക ചിന്തയുടെ കാന്തികസ്പര്‍ശത്തോടെ ഉള്ള കാലത്തിന്‍റെ അനിവാര്യതയായി ആ വിഭജനത്തെ പോസിറ്റീവ് ആയ നിലപാടുതറയില്‍ നിന്ന് നോക്കി കണ്ടാലും,വിഭജനം തീര്‍ത്ത മുറിപ്പാടുകള്‍ ഇരു ദേശത്തിനും ഒരു നൊമ്പരമായി നിലനില്‍ക്കുന്നു.
ഭാരതം സെക്കുലറൈസെഷന്‍ (മതേതരവല്‍കരണം )എന്ന മാര്‍ഗത്തിലേക്ക് സഞ്ചരിച്ചപ്പോള്‍...എല്ലാ മതങ്ങളോടും സൌഹാര്‍ദ പൂര്‍വമായ സമീപനം പാലിച്ചപ്പോള്‍സംജാതമായ സ്വത്വ പ്രതിസന്ധി,അതിനെ ഭൂരിപക്ഷ പ്രീണനമായി തെറ്റിദ്ധരിച്ചതാണ് ആ ചരിത്രപരമായ വിടവാങ്ങലില്‍ കലാശിച്ചത്.
എങ്കിലും ഒരു സംചോതയുടെ പാളങ്ങള്‍ അവരെ തന്നില്‍ ഇനിയും ബന്ധിപ്പിക്കും എന്നും ..ഒരു ക്രിക്കെറ്റ് -ന്റെ ജയപരാജയങ്ങളില്‍ ആവേശത്തോടെ ഇരു ദേശവും എല്ലാം മറന്ന് അങ്കത്തട്ടില്‍ പരസ്പരം ആശ്ലേഷിക്കും എന്നും നമുക്ക് ആശ്വസിക്കാം.പാകിസ്ഥാന്‍റെ മണ്ണില്‍ നിന്നും ഇതാ കുറച്ചു അപൂര്‍വമായി കാണുന്ന ശാന്തത.കുറച്ച് കണ്‍ കുളിര്‍ക്കുന്ന കാഴ്ചകള്‍.
തിങ്കളാഴ്‌ച, ഓഗസ്റ്റ് 22
ഇല്ലിമുളം കാടുകളില്‍ ലല്ലലലം.....
ഗുരുകുല വിദ്യാഭ്യാസം...ആ പഴയ വിദ്യാ "അഭ്യസന" രീതിയെ ആര്‍ഷ ഭാരതം കൈവിട്ടിരിക്കുന്നു...ഇന്ന് വിദ്യകൊണ്ട് അഭ്യാസം ആക്കി മാറ്റിയിരിക്കുന്നു...ലോകോത്തര പ്രഥമ സര്‍വകലാശാലകള്‍ ആയ നളന്ദയും ..തക്ഷശിലയും...ഉയര്‍ത്തിപ്പിടിച്ച ആ മൂല്യങ്ങള്‍..., സൈന്ധവലിപിയുടെകാണാകാഴ്ചകള്‍...സിന്ധുനദിയുടെസംസ്കാരസമന്വ്യയങ്ങള്‍ ....മോഹന്ജദാരോ ...ഹാരപ്പന്‍ മുദ്രകളുടെ അന്തര്‍ലീന തത്ത്വ സംഹിതകള്‍...അന്ന് ലാളിത്യത്തിന്റെ സന്ദേശം പകര്‍ന്ന ഭാരതീയ വിദ്യാലയങ്ങളില്‍ (സരസ്വതീ ക്ഷേത്രങ്ങളില്‍) നിന്നുയര്‍ന്നത് അറിവിന്‍റെ മന്ത്രാക്ഷരങ്ങള്‍ ആയിരുന്നു....ഇന്ന് ഉയരുന്നത് സവര്‍ണ്ണ ഗര്‍ജ്ജനവും ...പൌരോഹിത്യ-ന്യൂനപക്ഷ മുറവിളികളും ആണ്.അറിവിന്‍റെ ആ വഴിവിളക്കുകള്‍ ഇന്ന്കേവലം ദീപ "സ്തംഭം" മഹാശ്ചര്യം ആയി മാറിയിരിക്കുന്നു.ചോര്‍ന്നൊലിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍...നിലംപൊത്താറായ ചുമരുകള്‍....ഒന്ന് കാറ്റടിച്ചാല്‍ പറന്നു പോകുന്നമേല്‍കൂരകള്‍.ഇതാണ് സമകാലിക ഭാരത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.പുരാതന കാലത്ത് ഭാരതത്തില്‍ ഉടനീളം സഞ്ചരിച്ച ഇന്തോനേഷ്യന്‍ യാത്രികന്റെ വിവരണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇന്തോനേഷ്യയിലെ ബാലിയില്‍ നിര്‍മിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം ഒന്ന് നോക്കൂ...ഇല്ലിമുളകളാല്‍ നിര്‍മ്മിക്കപെട്ട
കലാലയം..ഈ ഹരിത വിദ്യാലയത്തിലേക്ക്‌ഒന്ന് കണ്ണോടിക്കൂ...എത്ര ശാന്തത..എന്തൊരു ഭംഗി...ഇതാണ് വിദ്യാലയം.(Pic-Courtesy-Gmail)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)