തിങ്കളാഴ്‌ച, സെപ്റ്റംബർ 24

മോഷണം...:)


അന്ന് ..
മേഘമായ് പോയ ജലാശയങ്ങള്‍ 
മാനത്ത് വിതുമ്പി നില്‍ക്കെ,
ഞാന്‍ ശേഖരിച്ച വലംപിരി ശംഖുകള്‍ 
കട്ടതാണെന്ന് പറഞ്ഞു നീ കല്ലെറിഞ്ഞുടച്ചു!
പകരം 
ശിശിരത്തിന്‍ പൌര്‍ണമിയില്‍,
വാകപൂത്ത ഹൃദയത്താല്‍ 
നീളന്‍ മുടിതുമ്പില്‍ നീയെന്നെ ചൂടിച്ച 
വാടാമലരുകള്‍ ഞാനെടുത്തു!

പിന്നീട് 
മഴമേഘങ്ങളുടെ കുളിപ്പുരയില്‍ 
കാറ്റുമറന്നിട്ട കിനാവുപോലെ 
കയ്യെത്താത്ത കൊമ്പിലെ 
പറയാത്ത പ്രണയകഥയുടെ  
അവസാന വരി നീയെടുത്തു!
പകരം 
കാറ്റാടി മരങ്ങളുടെ കളിചിരിയില്‍,
ഇല വീണു മൂടിയ ഇടവഴിയില്‍,
യാത്ര ചെയ്തു തളര്‍ന്ന നിന്‍റെ 
പതിഞ്ഞ കാലൊച്ച ഞാനെടുത്തു !

ഇന്ന് 

മോഹങ്ങളുടെ  മണല്‍ പരപ്പിലേക്കുള്ള
യാത്രാമൊഴിയുടെ അഗ്നി മദ്ധ്യത്തില്‍-,
ജാലകങ്ങളുടെ വലകള്‍ക്കുമപ്പുറം    
ചിതറി വീണ നീല വളപ്പൊട്ടുകള്‍ നീയെടുത്തു !
പകരം 
നിഴലാട്ടമാടിയ കര്‍ക്കടക രാവുകളിലെ 
നിലാവു പോലുള്ള നിന്‍റെ നിറഞ്ഞ ചിരിയും, 
പെയ്തൊഴിഞ്ഞ മരചില്ലയിലെ ചിറകു തളര്‍ന്ന
പക്ഷിയുടെ മിഴിനീരുംഹൃദയവും ഞാന്‍ കട്ടെടുത്തു! 


7 അഭിപ്രായങ്ങൾ:

  1. പകരം
    നിഴലാട്ടമാടിയ കര്‍ക്കടക രാവുകളിലെ
    നിലാവു പോലുള്ള നിന്‍റെ നിറഞ്ഞ ചിരിയും,
    പെയ്തൊഴിഞ്ഞ മരചില്ലയിലെ ചിറകു തളര്‍ന്ന
    പക്ഷിയുടെ മിഴിനീരുംഹൃദയവും ഞാന്‍ കട്ടെടുത്തു!

    കവിത ഇഷ്ടമായി പ്രാവേ..

    മറുപടിഇല്ലാതാക്കൂ
  2. കവിതപൂത്ത പ്രണയ വസന്തം പോല്‍ ഓരോ വരിയും!അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  3. പ്രണയം തുളുമ്പുന്ന വരികള്‍ അതിനിടയിലും
    നല്ല സരസതയും അല്പം ഉണ്ട് ..
    നന്നായി പ്രാവേ ....
    നാട്ടില്‍ പോയിട്ട് വന്നപ്പോള്‍
    കൂടുതല്‍ തീവ്രം ആയിട്ടുണ്ടല്ലോ
    രചന ...പിന്നെ സുഖമല്ലേ ...

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ ശേഖരിച്ച വലംപിരി ശംഖുകള്‍
    കട്ടതാണെന്ന് പറഞ്ഞു നീ കല്ലെറിഞ്ഞുടച്ചു!............... :) :)

    കവിത അസ്സലായി

    മറുപടിഇല്ലാതാക്കൂ
  5. ആഹ ! എത്ര സുന്ദരം ! !
    വരികള്‍ക്ക് നിലാവിനേക്കാള്‍ കുളിര്‍മ.!.മനോഹരമായിരിക്കുന്നു !
    കാല്പനികതയുടെ ഈ മന്ദഹാസം നിറനിലാവായി എന്നും പെയ്യട്ടെ !

    ആശംസകള്‍ ! :)

    മറുപടിഇല്ലാതാക്കൂ