കാലങ്ങളോളം നീണ്ടു നിന്ന വൈദേശികാധിപത്യത്തിനു കീഴില്‍ സ്വന്തം നാട്ടില്‍ സ്വത്വം നഷ്ടപ്പെട്ട് അന്യതാ ബോധത്തിന്‍റെ മാറാപ്പും ചുമലിലേന്തി അന്നം തേടിയുള്ള ഭാരതീയന്‍റെ പ്രയാണത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്.ചേക്കേറുന്നിടത്തെ ല്ലാം സ്വന്തം സംസ്കൃതിക്ക് പോറലെല്‍പ്പിക്കാതെ പുതിയ മാനങ്ങള്‍ കണ്ടെത്തുന്ന നമുക്ക് പിറന്ന നാട് "പ്രവാസി എന്ന പുന്നാര പേര് "നല്‍കി ."ആട്ടി പായിക്കപെട്ട " …എന്നര്‍ഥം വരുന്ന ഈ സംസ്കൃത പദത്തില്‍ ലിംഗ ഭേദമന്യേ ശരാശരിക്കാരും ഉയര്‍ന്നവരും താഴ്ന്നവരുമുണ്ട്.പുരുഷന്മാര്‍ മാത്രമല്ല ഈ മേഖലയില്‍ സ്ത്രീകളും ഉണ്ട്.പ്രവാസ ലോകത്ത് ജീവിത പാതയില്‍ നിന്ന് സ്ത്രീ സമൂഹത്തെ മാറ്റി നിര്‍ത്തിയ നൂന്യതകള്‍ പ്രശ്ന സങ്കീര്‍ണമാകാത്തൊരു ജീവിത സാഹചര്യത്തെ സായത്തമാക്കുവാന്‍ പലപ്പോഴും അവരെ പ്രേരിപ്പിക്കുന്നു.
പ്രവാസ ലോകത്തെ വീട്ടമ്മമാര്‍ ഉണ്ടും ഉറങ്ങിയും കഴിഞ്ഞു കൂടുകയാണ് എന്ന പഴഞ്ചന്‍ ധാരണകളെ കാറ്റില്‍ പറത്തി പല കുടുംബിനികളും സാമൂഹിക ഇടപെടലുകളും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടും മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത് . പുതിയ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ പ്രവാസി വീട്ടമ്മമാര്‍ അറിവിന്റെയും ,ആരോഗ്യത്തിന്റെയു ം ,സമയ ബോധത്തിന്റെയും ഭൂമികയില്‍ നിന്നു കൊണ്ട് സ്വന്തം കുടുംബത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരുന്നു എന്നതിന്‍റെ തെളിവാണ് പുതുതായി രൂപം കൊള്ളുന്ന വിവിധങ്ങളായ പ്രവാസി വനിതാ സംഘടനകള്‍ നമ്മോടു സംവദിക്കുന്നത് ..
സ്ത്രീകള്‍ക്ക് ഒട്ടേറെ വിലക്കുകള്‍ ഉള്ളതിനാല്‍ അത്രയേറെ സുരക്ഷിതത്വവും ഉണ്ട് എന്ന പ്രതീക്ഷയിലും ധാരണയിലും മോഹന സ്വപ്നങ്ങളുമായി മണല്‍ക്കാട്ടില്‍ പറന്നിറങ്ങുമ്പോള്‍ വിസാ തട്ടിപ്പിനാല്‍ വഞ്ചിതരാകുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ ഉണ്ട് .ഇത്തരം തട്ടിപ്പില്‍ അകപ്പെടുന്നവരില്‍ അധിക പേരും വീട്ടു ജോലിക്കായി (ഹൌസ് മെയിഡ് )വരുന്നവരാണ്.ഈ തട്ടിപ്പ് നടത്തുന്ന വന്‍ തിമിംഗലങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെടാറില്ലെങ്കിലും അപൂര്‍വമായി മാത്രം ചെറു ജീവികളെ നാം കണ്ടെത്തി വാര്‍ത്താ വിഭാവമാക്കുന്നു .വഞ്ചിക്കപെടു ന്ന സ്ത്രീ സമൂഹം ചെന്നെത്തുന്നത് നിലയില്ലാ കയങ്ങളില്‍ വലയും വിരിച്ചു കാത്തിരിക്കുന്ന വാണിഭ സംഘങ്ങളുടെ കൈകളിലാണ് . .
ഭര്‍ത്താവിന്റെയും മക്കളുടെയും ,പട്ടിണിയകറ്റാന്‍, അനിയത്തിമാരെ വിവാഹം കഴിപ്പിച്ചയക്കാന്‍ ,മരണപെട്ട ആങ്ങളമാരുടെ കുടുംബത്തെ പോറ്റാന്‍ , മക്കളുടെ വിദ്യാഭ്യാസത്തിന്,വൃദ്ധ മാതാപിതാക്കള്‍ക്ക് അന്നം കൊടുക്കാന്‍ എന്നിങ്ങനെ നാടിനും വീടിനുമായി ഉരുകിത്തീരുന്ന പ്രവാസത്തിന്‍റെ പെണ്‍ മുഖങ്ങള്‍ നേരിടുന്നത് സംശയത്തിന്‍റെ ഒളി കണ്ണുകളെയാണ് . സംഗതികള്‍ ഇങ്ങനെയൊക്കെ ആണെന്നറിഞ്ഞിട്ടും അറബിയുടെ അടുക്കളപ്പണിക്ക്"ക്യു " നില്‍ക്കുന്നവ്വരുടെ എണ്ണം നാട്ടില്‍ കൂടി വരികയാണ്.ഫല പ്രദമായ ഒരു ബോധവല്‍ക്കരണം ആവശ്യമായ മേഖലഅതാണ് എന്ന് സംഘടനകള്‍ പോലും പലപ്പോഴും വിസ്മരിക്കുന്നു.
നാട്ടിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുംബൈക്ക് തീവണ്ടി കയറുമ്പോള്‍ മുതല്‍ വലിയൊരു ചതിക്കുഴി ഒരുങ്ങിയിട്ടുണ്ടാകും .പരിചയം ഭാവിച്ച് അടുത്ത് കൂടുന്ന ഒരു സ്ത്രീയുടെ രൂപത്തിലോ സഹായിയായ യുവാവിന്‍റെ രൂപത്തിലോ ,ശീതള പാനീയത്തിന്റെ രൂപത്തിലോ ആകാം കെണിയുടെ ചരട് മുറുകി തുടങ്ങുന്നത്.മുംബൈ വിമാനത്താവളത്തിലെ അപരിചിതത്വതിനിടയില്‍ പുഞ്ചിരിക്കുന്ന ഒരു മുഖമോ ,ഒരു മലയാളം വാക്കോ ആശ്വാസമായി കന്നി പ്രവാസത്തിനു ഇറങ്ങുന്ന ഏതു പാവം സ്ത്രീയും കരുതി പോകും.ഒടുവില്‍ താന്‍ കെണിയില്‍ അകപെട്ടുകഴിഞ്ഞു എന്ന് മനസിലാക്കുമ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകും .
സുരക്ഷിതരായി കൃത്യമായ രേഖകളോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തു കുടുംബം രക്ഷപെടുത്തുന്ന ആയിരക്കണക്കിന് സഹോദരിമാരെ കാണാതെയല്ല ഇത് എഴുതുന്നത്.പലപ്പോഴും ഇത്തരം സ്ത്രീകളാണ് മറ്റു സ്ത്രീകള്‍ക്ക് പ്രചോദനമാകുന്നതും.പ്രവാസകാര് യാലയവും മറ്റും ചില പരസ്യങ്ങള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട് , എങ്കിലും പ്രശ്നത്തിന്‍റെ രൂക്ഷത കണക്കിലെടുക്കുമ്പോള്‍ അതൊന്നും തന്നെ ആകുന്നില്ല.കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇല്ലാതെ "ചവിട്ടികേറ്റ്"(ഈ മേഖല ഉപയോഗിക്കുന്ന പദം) വ്യാപകമാകുന്നുണ്ട്. റിക്രൂട്ടിംഗ് ചെയ്യാന്‍ അംഗീകൃത ലൈസന്സ് ഇല്ലാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ കര്‍ശന നടപടി എടുക്കാന്‍ കേന്ദ്ര - സംസ്ഥാന ഗവണ്മെന്റ്കള്‍ തെയ്യാര്‍ ആകണം.മിഡില്‍ ഈസ്റ്റിലേക്ക് ഹൌസ് മെയിഡ് കള്‍ ആയി എത്തുന്നതിനു തൊഴില്‍ വിസ,സ്പോണ്‍സര്‍ ടെ ഐഡന്റിറ്റി തിരിച്ചറിയിക്കുന്ന പേപ്പര്‍ ,ഡിമാന്റ്റ് ലെറ്റര്‍ ,റിക്രൂടിംഗ് ഏജന്‍സിക്കുള്ള കത്ത് എന്നിവ , ചേംബര്‍ ഓഫ് കോമ്മെര്‍സ് , വിദേശ കാര്യ മന്ത്രാലയം മുതലായ സ്ഥാപനങ്ങള്‍ സാക്ഷ്യ പെടുത്തിയത് ആവശ്യമാണ് .
അതിനു പുറമേ ഹൌസ് മെയിഡ് സൌജന്യ താമസം ,മെഡിക്കല്‍ ഭക്ഷണം ,എയര്‍ ടിക്കറ്റ് ,ഇന്ത്യന്‍ എംബസിയുമായോ കോണ്‍സുലേറ്റും ആയോ ബന്ധപ്പെടാനുള്ള സൌകരം ,ഹൌസ് മെയിഡ് ന്‍റെ സേവനം ആവശ്യമുണ്ടെന്നും ,അവരുടെ ചെലവ് വഹിക്കാന്‍ തൊഴിലുടമക്ക് ശേഷിയുണ്ടെന്നും സാക്ഷ്യപെടുത്തണം.ഹൌസ് മെയിഡ് നു നാല്‍പ്പതു വയസിനു മുകളില്‍ പ്രായം ഉണ്ടായിരിക്കണമെന്നും,എഴുത്തും വായനയും അറിഞ്ഞിരിക്കണമെന്നും പുതിയ നിര്‍ദേശമുണ്ട് .എന്നാല്‍ വിസയില്‍ കൃത്രിമം കാണിച്ചും മറ്റു രേഖകളില്ലാതെയും സ്ത്രീകളെ കയറ്റി വിടുന്നതാണ് ഈ ദുരിതത്തിന്റെ പ്രധാന ഹേതു.
ഇന്ത്യ ഗവണ്മെന്റ് ന്‍റെ മാര്‍ഗ്ഗ നിര്‍ദേശം പാലിക്കാത്ത റിക്രൂട്ടിംഗ് ഏജന്‍സി ക്കെതിരെ കര്‍ശന നടപടി എടുക്കേണ്ട അധികാര കേന്ദ്രങ്ങള്‍ ഒരുപറ്റം യുക്തി ബോധവും ,വിവേചന ശേഷിയുമില്ലാത്ത അരാജക വാദികളെ കൊണ്ട് നിറയുമ്പോള്‍ നിയമങ്ങള്‍ വെറും കടലാസില്‍ കുരുങ്ങുന്നു .സമ് പത്തിനേക്കാള് ഉപരി ഒരു പിടി മാനുഷിക മൂല്യങ്ങളാണ് ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത് എന്ന് സമൂഹത്തെ ബോധ്യപെടുതാനുതകുന്നതാകണം ഓരോ സ്ത്രീ ജീവിതവും .
ചുരത്തുന്ന മുലകളില്‍ നിന്ന് അമ്മിഞ്ഞപാല്‍ മണക്കുന്ന പിഞ്ചോമനകളെ അടര്‍ത്തി മാറ്റി ,ഉതിരുന്ന കണ്ണീരോടെ ബന്ധുക്കള്‍ക്ക് കൈ മാറി ആതുര സേവന രംഗത്തെ വെള്ളരിപ്രാവുകള്‍ എന്നറിയപെടുന്ന മറ്റൊരു സ്ത്രീ സമൂഹം മരുഭൂമിയിലേക്ക് പറക്കുമ്പോള്‍ ശൂന്യമായ മനസ്സ് അവര്‍ ആര്‍ദ്രമാക്കി മാറ്റുന്നത് ആതുര സേവന രംഗത്തെ മഹത്തായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ്.ജീവി തതിനടിത്തറ പാകി സ്വപ്ന സൌധത്തിന്റെ പണിപ്പുരയില്‍ ഒരു പിടി ജീര്‍ണിച്ച സാമ്പത്തിക ബാധ്യതകളുടെ മാറാപ്പും തോളിലെറ്റി അവര്‍ കടല്‍ കടക്കുന്നു .
പ്രവാസ ലോകത്ത് എത്തപെടുന്ന നഴ്സിംഗ് ,പാരാ മെഡിക്കല്‍ വിഭാഗത്തിലെ സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങള്‍ക്കും ,ദുരിതങ്ങള്‍ക്കും കുറവൊന്നുമില്ല .ഒരേ ആതുരാലയത്തില്‍ ഒരേ ജോലി ചെയ്യുന്നവര്‍ക്ക് പോലും വ്യത്യസ്ത സേവന വ്യവസ്ഥകളാണ് .ചില കമ്പനികള്‍ വര്‍ഷത്തില്‍ അവധിയും ,ടിക്കറ്റും നല്‍കുമ്പോള്‍ മറ്റു ചിലര്‍ രണ്ടോം മൂന്നും വര്‍ഷത്തിലാണ് അത് നല്‍കുന്നത്. മതപരവും , ഭാഷാപരവും ,സാംസ്കാരികവുമായ വ്യവിധ്യങ്ങളില്‍ പോലും സഹിഷ്ണുതയോടെ ഏകത്വം കണ്ടെത്തിയും ,സഹ പ്രവര്‍ത്തകരുടെ വര്‍ണ -വര്‍ഗ വിവേചനങ്ങളോട് അതിജീവനത്തിന്‍റെ പുത്തന്‍ പാഠ ഭേദങ്ങള്‍ തീര്‍ത്തും ഒറ്റ പെടലിന്റെ മനം പുരട്ടലിലും ,തിരക്കിട്ട് ,ആതുരാലയ വീഥിയിലൂടെ പുഞ്ചിരിയോടെ അവര്‍ ഓടി നടക്കുന്നു.അത്യാവശ്യങ്ങള്‍ക്ക് പോലും തനിയെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത ഒരു സാഹചര്യം ഉണ്ടാക്കുന്ന സ്വത്വം നഷ്ടപെടുന്ന അന്യതയെ ഭാവി ജീവിതത്തിന്‍റെ അര്‍ഥ സമ്പുഷ്ട തകള്‍ വ്യാപിച്ചു കിടക്കുന്ന തലങ്ങളിലേക്ക് പറിച്ചു നട്ട് പടവലം പോലെ ദിനം പ്രതി കീഴോട്ടു വളരുന്ന ഹൃദയവുമായി ജീവിത പ്രാരാബ്ധങ്ങളുടെ ചൂടും ചൂരും വെള്ളവും വളവും നല്‍കി അവര്‍ രോഗാതുരമായ മനസുകളിലേക്ക് സ്നേഹത്തിന്‍റെ പന്തലിട്ടു അവര്‍ക്ക് താങ്ങും തണലുമായി നമ്മുടെ ഇടയില്‍ ജീവിക്കുന്നു .
സമയാസൂത്രണത്തില്‍ പ്രവാസി വീട്ടമ്മമാര്‍ എത്ര മാത്രം കാര്യ ക്ഷമത യോടെ പ്രവര്‍ത്തിക്കുന്നു എന്നത് വനിതകള്‍ക്കിടയിലെ ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വന്നതിനെ പോസിറ്റീവ് ആയ നിലപാട് തറയില്‍ നിന്ന് നോക്കി കാണുമ്പോള്‍ ജോലിക്കനുസരിച്ച് കൃത്യമായി ആസൂത്രണ പാടവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന പ്രവാസത്തിന്‍റെ ആധുനികത,പ്രവാ സി വനിതകള്‍ക്ക് പ്രശ്നമേ അല്ലാതായിരിക്കുന്നു.വിവര സാങ്കേതിക വിദ്യയുടെ ഈ ഹൈ ടെക് യുഗത്തില്‍ ബന്ധങ്ങളുടെ പ്രസക്തി നഷ്ടപെട്ടുകൊണ്ടിരിക്കുന്നു എന്ന് വിലപിക്കുമ്പോള്‍ ഭൂരിപക്ഷം പ്രവാസി വനിതകളും ബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും വലിയ വില കല്‍പ്പിക്കുന്നു എന്നത് നന്മയെ സ്നേഹിക്കുന്നവര്‍ക്ക് നല്ലൊരു വാര്‍ത്തയാണ്.
ഗൃഹതുരത്വം ഉണര്‍ത്തുന്ന നാടിന്‍റെ ഓര്‍മ്മക്കായി ഒരു കാലത്ത് ദൃശ്യ മാധ്യമങ്ങളെ ആശ്രയിച്ചിരുന്ന പ്രവാസി വനിതകള്‍ ഇന്ന് വിക്ഞാന പ്രദമായ പരിപാടികളിലും വാര്‍ത്താ അധിഷ്ഠിത പരിപാടിക്കും മുന്‍തൂക്കം നല്‍കുന്നത് പൊതു മണ്ഡലത്തിലും പുത്തന്‍ ലോകാനുഭവവും പുതിയ ഭാഷാ രീതിയും ശൈലിയും അവര്‍ സായത്തമാക്കാന്‍ തുടങ്ങിയതിന്‍റെ ഉദാഹരണം തന്നെ.
വായന മരിച്ചു കൊണ്ടിരിക്കുന്നു എന്ന പതിവ് പല്ലവിക്ക് വിപരീതമായി പ്രവാസി വനിതകളില്‍ ഉയര്‍ന്ന ശതമാനം സ്ത്രീകള്‍ ആനുകാലിക ദിനപത്ര വായനകളിലും ,ഓണ്‍ ലൈന്‍ മാഗസിനുകളിലും വായനയുടെ ലോകത്ത് സജീവമാണ്.ഇന്ന്ഗഹനമായ വിഷയങ്ങള്‍ അടങ്ങിയ തടിച്ച പുസ്തകങ്ങള്‍ അലങ്കാരമായി ഷെല്‍ഫില്‍ വെച്ചിരുന്ന കാലം മാറിയിരിക്കുന്നു.പുസ്തകങ്ങള്‍ മനസ്സിന് നല്‍കുന്ന അനുഭൂതിയുടെ ആഴവും താളവും ,വായിച്ച പുസ്തകവും ,അറിവും മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ യോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നതിലും ,വിഷയങ്ങളെ നിശതമായി വിമര്‍ശിക്കാനും,പ്രമേയങ്ങളെ പുന:സൃഷ്ടിക്കുന്നതില്‍ വരെ പ്രവാസി വനിതകള്‍ എത്തി നില്‍ക്കുമ്പോള്‍ വായന മരിച്ചിട്ടില്ലാ എന്ന് പ്രവാസി വനിതകള്‍ ഉറക്കെ ഉദ്ഘോഷിക്കുക കൂടി ചെയ്യുന്നു.
പ്രവാസി വനിതകള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപെടുന്നത് അവരുടെ ഉറക്കത്തെ കുറിച്ചാണ്.റിയാദിലെ പ്രമുഖ സ്വകാര്യ ക്ലിനിക്കിന്റെ സര്‍വ്വെ പ്രകാരം മോര്‍ബിഡിറ്റി ലെവല്‍(രോഗാവസ്ഥ)പ്രവാസി വനിതകളില്‍ വളരെയേറെ കുറഞ്ഞിരിക്കുന്നു എന്നത് അവള്‍ മാറുന്ന കാലത്തിനനുസരിച്ച് വ്യായാമവും,അടുക്കള ഭക്ഷണവും ജീവിതത്തിന്റെ ഒഴിച്ച് കൂടാനാകാത്ത ഘടകങ്ങളില്‍ ഒന്നായി തിരിച്ചറിയുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്.ഇന്ന് ശരീരത്തിന് ഹാനി കരമായ ഭക്ഷണ പാനീയങ്ങള്‍ ഏതെന്ന വിവേചന ബുദ്ധിയും,തെറ്റായ ഭക്ഷണ ക്രമവും രോഗത്തെ വിളിച്ചു വരുത്തുമെന്ന തിരിച്ചറിവും പ്രവാസി വനിതകളെ സ്വയം കുടുംബ ഡോക്ടറും ഡയറ്റ് സ്പെഷ്യ ലിസ്റ്റും വരെ ആക്കി മാറ്റുമ്പോള്‍,ഉണ്ടും ഉറങ്ങിയും മാത്രം കഴിയുന്നു എന്ന പൊതു വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി,മികച്ച സമയാസൂത്രണത്തോടെ ചിട്ടയായ ജീവിത ക്രമത്തിലൂടെ മാറ്റങ്ങളുടെ വേലിയേറ്റ ത്തില്‍ പ്രവാസി വനിതകളാകുന്ന ഒരു സമൂഹം ആലസ്യം വിട്ട് ഉയര്‍ന്നെഴുന്നെല്‍ക്കുന്നു.... .