ശനിയാഴ്‌ച, ജനുവരി 28

സ്നേഹിച്ചില്ലെങ്കില്‍.." ക്വട്ടെഷന്‍ ടീമിനെ വിടും ...ജാഗ്രതൈ!

 സ്നേഹത്തിനു കണ്ണില്ലാ,മൂക്കില്ല...(ത്വക്കുണ്ടോന്നറിയില്ല)കൈയ്യും കണക്കും ഇല്ലാന്നു കേട്ടിട്ടുണ്ട്...എന്നാല്‍  ക്വട്ടേഷന്‍ ടീമിനെ വിട്ട് തട്ടിക്കൊണ്ടു വന്നു സ്നേഹിക്കുകാന്നു വെച്ചാ!...അതും ഒരു സ്ത്രീ..അതും എന്‍റെ നാട്ടുകാരന്‍ പയ്യനെ..അതെന്നേ!!! പെരുമ്പാവൂര് നടന്ന കാര്യാ!!!

ചാറ്റിങ്ങിലൂടെ പ്രണയിച്ചു വിവാഹം കഴിച്ച ബംഗ്ലൂര്‍--- -ല്‍സ്ഥിര താമസമാക്കിയ കുടുംബത്തിലെ സിംഗപ്പൂര്‍  ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് സ്വന്തം ഭര്‍ത്താവിനെ-തന്‍റെ കുഞ്ഞിന്‍റെ അച്ഛനെ,അയാളുടെ നാട്ടിലെ തന്നെ  അഞ്ചംഗ ക്വട്ടേഷന്‍ ടീമിനെ വിട്ട് സ്കോര്‍പിയോ കാറില്‍ തട്ടി കൊണ്ട് പോകല്‍ നടത്തിയത്.പെരുമ്പാവൂര്‍കാരനല്ലേ (നമ്മുടെ നാടല്ലയോ?)ബുദ്ധി ഇല്ലാതിരിക്ക്യോ -അയാള്‍ തന്ത്ര പൂര്‍വ്വം രക്ഷപെട്ടു.ടീമിന്‍റെ ഉദ്യമം പാളി.പെണ്ണിന്‍റെ പതിനായിരം രൂപ...നെറ്റിയില്‍ ഗോപി!

കേരളത്തിലെ നീതിന്യായ പീഠത്തിലെ യുവര്‍ ഓണര്‍മാരോട്-: "സംഗതി തട്ടി കൊണ്ട് പോകല്‍ ,ഗുണ്ടാ നിയമം,വധശ്രമം,പീഡനം എന്നീ വകുപ്പുകള്‍ എല്ലാം ചുമത്താന്‍ ഉള്ള വഴി ഉണ്ടെങ്കിലും...കാര്യം പയ്യന്‍ എന്‍റെ നാട്ടുകാരന്‍ ആണെങ്കിലും ഞാന്‍ ആ പെണ്ണിന്‍റെ പക്ഷത്താണ്.ഭര്‍ത്താവിനെ അന്ധമായി സ്വാര്‍ഥതയോടെ സ്നേഹിക്കുന്ന ആ പാവം ഭാര്യയുടെ  സ്നേഹത്തിന്‍റെ പാരമ്യതയില്‍ ചെയ്തുപോയ അവിവേകം പൊറുത്ത്  കേസ് ഭാര്യക്ക് അനുകൂലമായി ഒത്തുതീര്‍പ്പാകാന്‍ സ്ത്രീ പക്ഷത്തു നിന്ന് താഴ്മയായി അപേക്ഷിക്കുന്നു."

പയ്യനോട് -:ചാറ്റിംഗ് എന്നതിനു ചീറ്റിംഗ് എന്ന അര്‍ഥം കൂടി ഉണ്ടെന്നു അറിയാത്ത സ്കൂള്‍ കുട്ടികള്‍ പോലും നമ്മുടെ നാട്ടില്‍ ഇല്ല.അതെന്തും ആകട്ടെ .പെണ്ണ് കെട്ടിയാല്‍ പോരാ ആ പെണ്ണിനെ പൊന്നു പോലെ നോക്കണം..നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് "മണ്ണും പെണ്ണും കിട്ടേണ്ട കൈയ്യില്‍ കിട്ടണം എന്ന്.നന്നാക്കി എടുത്താല്‍ രണ്ടും പൊന്നാണ്."എന്ന്.അതിനിടെ -തട്ടിക്കൊണ്ടുപോയ വഴി ക്വോട്ടേഷന്‍ ടീമുകാരോട് "റേറ്റ് കൂടുതല്‍ കൊടുക്കാം"എന്ന് പറഞ്ഞ് ഡബിള്‍ കാശ് കൊടുത്തു നീ തടി കേടാകാതെ രക്ഷപെട്ടതാനെന്നും -അല്ലാതെ സാഹസികമായി നീ രക്ഷപെട്ടതല്ലെന്നുമാണ് സഹ കൊട്ടേഷന്‍ കാരുടെ വീര്‍വാണം.എന്തുവാടെ ഇത്? ഛെ!!! നാണക്കേട്‌!..!!!...

  ഡോ ചെക്കാ ...ഭര്‍ത്താവിന്‍റെ അമ്മയെ (അമ്മായിയമ്മയെ) നിങ്ങളുടെ ഭാര്യ കുറ്റം പറയുന്നുണ്ടോ?എങ്കില്‍ ഇനിയെങ്കിലുംനിങ്ങളുടെ ഭാര്യക്ക് നിങ്ങളുടെ സ്നേഹം പകുത്ത് പോകുന്നതിന്‍റെ അസൂയയും,ഭര്‍ത്താവിനോടുള്ള സ്വാര്‍ത്ഥ സ്നേഹത്തിന്‍റെ ഉദാത്ത ഉദാഹരണവും ആണെന്ന് തിരിച്ചറിയുക)

സിംഗപ്പൂരുകാരി പെണ്ണിനോട് -:എന്‍റെ പൊന്നു മോളെ ,ഈ സ്നേഹം സ്നേഹം ന്നു പറഞ്ഞത് കംബോളതീന്നു വാങ്ങാന്‍ കിട്ടണ ചക്കയോ മാങ്ങയോ (ഹോ ഇത് ലേശം മോഡേണ്‍ ആണല്ലോ ഞാന്‍ അത് മറന്നു) (  പിസ്സയോ-ബര്‍ഗര്‍റോ ഒന്നും അല്ല ) അതിന്" ഡിമാണ്ടും സപപ്ലയും "ഇകുലിബ്രിയത്തില്‍ എത്തണം എന്നാലെ "യുറ്റിലിറ്റി" ഉണ്ടാകു.അതിന് മാര്‍ക്കറ്റ്‌ മെക്കാനിസം അറിയണം.അതിന് അങ്ങ് സിംഗപ്പൂര് പോയി പഠിക്കണ്ട..അതറിയാന്‍ ഒത്തിരി "എസ്സു"കള്‍" "പഠിക്കണം സ്നേഹം മുതല്‍.... ---- പഠിക്കാന്‍ സെന്‍സ് വേണം സെന്‍സബിലിട്ടി  സെന്‍സിട്ടിവിട്ടി വേണം,സിക്സ്ത്  സെന്‍സ് വേണ്ടെങ്കിലും സെക്സ് സെന്‍സ് വേണം.!!!
കുടുംബം ജീവിതം ന്നൊക്കെ പറയുന്നത് ഒരു ഞാണിന്‍ മേല്‍ കളിയല്ലേ കുട്ടി.
പല്ലവിയും അനുപല്ലവിയും അതുഗ്രന്‍ ആകണം.ആവശ്യത്തിനും അനാവശ്യത്തിനും വെള്ളി ഇടില്ല ..സ്വര്‍ണം തന്നെ വേണമെന്ന് വാശി പിടിക്കരുത്.ഷഡ്ജം ഇടാന്‍ മറന്നാലും സംഗതി കൈ വിട്ട്പോകാതെ സൂക്ഷിക്കണം.ശ്രുതി ചേര്‍ത്ത്  ഉച്ചസ്ഥായിയില്‍ പാടിയാലേ രാഗവും ലയയും ഒപ്പത്തിനൊപ്പം വരൂ.(ജീവിത)താളം ശരിയാകും വരെ ശബ്ദം താഴ്ത്തി(ക്ഷമയോടെ )നിര്‍ത്തി നിര്‍ത്തി പാടണം.എന്നാലെ ശുദ്ധ സംഗീതം പോലെ ജീവിതം സ്വരമധുരം ആകു....ഒരു പത്തു കൊല്ലം കഴിഞ്ഞാല്‍,രണ്ടു പിള്ളേരും ആയാല്‍ പുലിയോ സിംഹമോ ഒക്കെ ആയിരുന്നവര്‍,എലിയും,സിനഗവും ഒക്കെ 'തന്നെ' ആയിക്കോളും അപ്പൊ പിന്നെ  പുറത്തു "കച്ചേരി" നടത്താം.അത് വരെ ഒരു കാരണവശാലു "ഡയഞ്ചറസ്‌ സോണില്‍" "കേറി പോകരുത്!!!.(ഒരു രഞ്ജിനി വിചാരിച്ചാലും പിന്നെ നോ രക്ഷ.:(
 പിന്നെ ഒരു വഴി ഉണ്ട്.."മത്സ്യാഹാര പ്രിയനാ"ണെങ്കില്‍" നല്ല പിടക്കണ മീനിനെ പിടിച്ചു  (മീന്‍ പിടിക്കാന്‍ വേണമെങ്കില്‍ പെരിയാറിലോ,പെരുമ്പാവൂര്‍ പാടത്തോ ചൂണ്ട  ഇടാന്‍ ക്വൊട്ടെഷന്‍  ടീമിനെ ഏര്‍പ്പാട് ചെയ്തോള്..ഒരു പണീം ഇല്ലാത്തവര്‍ക്ക് ഒരു പണിയാകട്ടെ). നല്ല ഉപ്പും പുളിയും ചേര്‍ത്ത് (ഉപ്പു പാകത്തിന് മതി കേട്ടോ) "തറവാടി മീന്‍ കറി" വെച്ച്  അപ്പം ചുട്ടു കൊടുക്കുക.ആ.. പരസ്യത്തി പറയണ ആ... "ആപ്പം" അല്ല  നാടന്‍ അപ്പം) 

"അല്ലെങ്കില്‍ കഴുകി ഉണക്കിയ കൊചെമ്മീനും,കുറച്ചു കാ‍ന്താരി മുളകും,രണ്ടു മൂന്നു ഉള്ളിയും,ലേശം തേങ്ങ ചിരവിയതും കൂടി കല്ലില്‍ അരച്ചോ,ചതച്ച് വാഴയിലയില്‍ വെച്ച് ചുട്ടോ കൊടുക്ക്‌ കൂടെ നമ്മുടെ വടക്കേ പുറത്തെ മരച്ചീനി പുഴുങ്ങിയതും കൂടി ഉണ്ടെങ്കില്‍ പിന്നെ വിരല്‍ നക്കി അവനല്ല അവന്‍റെ അപ്പൂപ്പന്‍ പിന്നാലെ വരും (hi hi ഈ ആണുങ്ങള്‍ ഇത്രേക്കെ ഉള്ളൂന്നെ...) ഭര്‍ത്താവിന്‍റെ വായിലൂടെയും ഹൃദയത്തില്‍ എത്തി ചേരാം "എന്ന് പണ്ടുള്ളവര്‍ പറഞ്ഞിരിക്കുന്നത് വായക്കു രുച്യായി വല്ലതും വെച്ചുണ്ടാക്കി കൊടുത്ത് അവരെ കൈയ്യിലെടുക്കാന്‍ വേണ്ടിയാണ്.

ഇതെല്ലാം കഴിഞ്ഞ് പിന്നെ ഇന്നസെന്റ് പറഞ്ഞ പോലെ..."കാച്ചിയ എണ്ണ , മുല്ലപൂവ്, ചിരി " ഇതോടേം ചേര്‍ന്നാല്‍ ഏകദേശം ഏതാണ്ടൊക്കെ ആയീന്നു പറയാം.:)))
ഒരു അഭുദയകാംഷിക്ക്  ഇത്രേക്കെ പറഞ്ഞു തരാന്‍ പറ്റൂ...ജീവിതത്തിനു മുന്നില്‍ സങ്കലന പട്ടിക മറന്നു പോയ കുട്ടിയെ പോലെ പകച്ചു നില്‍ക്കരുത്.പരീക്ഷ സ്വന്തമായി എഴുതണം."കോപ്പി അടിക്കരുത്".ക്വട്ടേഷന്‍ പോലത്തെ തുറുപ്പു ചീട്ടുകള്‍ പലപ്പോഴും പാളി പോകും -വിശ്വാസ്യത നഷ്ടപ്പെട്ട് പരീക്ഷയില്‍ നിന്നും എന്നന്നേക്കുമായി വിലക്കും,പിഴയും വരെ ലഭിച്ചേക്കാം.തന്മൂലം അത്തരം കുറുക്കു വഴികള്‍ ഉപയോഗിക്കാതിരിക്കുക.ജീവിത മൂല്യങ്ങള്‍ആകുന്ന പുസ്തകങ്ങളില്‍ നിന്നും അനുഭവമാകുന്ന ചോദ്യോത്തരങ്ങളെ സ്വന്തമായി നിര്‍വച്ചിക്കാന്‍ പഠിക്കണം.ബന്ധങ്ങളെ (ഭര്‍ത് വീട്ടുകാരുമായി)മുറുകെ പിടിച്ച്,ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന നിരവധി ഉത്തരങ്ങളില്‍,(വിട്ടുവീഴ്ച, വിദ്വേഷം,വെറുപ്പ്‌,)നിന്നും വിട്ടുവീഴ്ചയാകുന്ന ശരിയായ ഉത്തരം തിരഞ്ഞെടുത്തു പൂരിപ്പിക്കുക.(വ്യക്തികളെ )അന്ധമായി കാണാപാഠം പഠിക്കരുത്,അര്‍ഥം മനസിലാക്കി,തെറ്റും ശരിയും തിരിച്ചറിഞ്ഞ് ചോദ്യങ്ങള്‍ക്ക് ഉത്തരത്തെക്കാള്‍ ഉത്തരങ്ങള്‍ക്കു ചോദ്യം കണ്ടെത്താന്‍ ശ്രെമിക്കുക.(ബന്ധങ്ങളില്‍ ഇഴ ചേരാതെ) വിട്ടു പോയ വാക്കുകള്‍ കൂട്ടി ചേര്‍ത്ത്,(സ്വയം തിരിച്ചറിഞ്ഞ്)വാക്യത്തില്‍ പ്രയോഗിച്ച്,(എല്ലാം മനസിലാക്കി പ്രശ്നങ്ങള്‍ ലഘൂകരിച്ച്) സംഗ്രഹിച്ച് ജീവിതമാകുന്ന എഴുത്ത് പരീക്ഷ വിജയിക്കുക.(തിയറി പാസ്സായാല്‍ പിന്നെ പ്രാക്ടിക്കല്‍....... ...അത്...പിന്നെ  ഓട്ടോമാറ്റിക്കായി ജയിച്ചോളും)

ഇനിയും എളുപ്പ ജീവിതത്തിന്റെ വഴി കണക്ക് പറഞ്ഞു തരാന്‍ -കണക്കില്‍ ഞാന്‍ പണ്ടേ ഒരു കണക്കാ ....
അതുകൊണ്ട് പരസ്പരം ഉള്ള പ്രശ്നങ്ങളുടെ അനുപാതം കണ്ടെത്തി ,ലസാഗുവും,ഉസാഘയും ശരിയാക്കി ,സൂത്ര വാക്യമൊന്നും തെറ്റാതെ ....രണ്ടു പേരും തമ്മിലുള്ള സ്നേഹം മള്‍ട്ടിപ്ലൈ ചെയ്തും വിദ്വേഷം മൈനസ് ചെയ്തും,പ്രശ്നങ്ങളെ ഹരിച്ചും,വിശ്വാസത്തെ കൂട്ടിയും,ശിഷ്ട ജീവിതം എളുപ്പ വഴിയില്‍ ക്രിയ ചെയ്യുക. 

ക്വട്ടെഷന്‍ ടീമിനോട്-: ഛെ...വെറുതെ പെരുമ്പാവൂരിന്റെ പേര് കളയാന്‍ ആയി ഓരോരുത്തന്മാര്‍ ഇറങ്ങി കോളും,കൊട്ടെശന്‍ പോലും !!!പറ്റുന്ന പണിക്കു പോയാല്‍ പോരെ കൊച്ചനേ.. അറിയാന്‍ പാടില്ലാത്ത പണിക്കു പോകാതെ ... എ.വി.എം.തീയറ്ററിനു അടുത്ത്  ഇരുമ്പ് കട ഉണ്ട്.അവിടെ നല്ല തൂമ്പ കിട്ടും..നല്ല നാടന്‍ മണ്‍വെട്ടിയും..കൊട്ടയും.അതെന്തിന്നാന്നു ഞാന്‍ പറഞ്ഞു തരണോ...?ഒന്നൂല്ലെങ്കില്‍ സ്വയം കുഴി കുഴിച്ചു അതിലിറങ്ങി കിടക്കുക.അതല്ലെങ്കില്‍ അന്യ സംസ്ഥാനകാരെ കൊണ്ട് പൊരുതി മുട്ടി നില്‍ക്കുന്ന പെരുമ്പാവൂരിന്റെ മണ്ണില്‍ ശരീരം അനങ്ങി മാന്യമായി" തൂമ്പാ പണിക്കു" പോകുക.അല്ലാതെ പെരുമ്പാവൂരിന്റെ പേര് കളയാനായി മേലില്‍ പറ്റാത്ത പണിക്കു നിക്കല്ലേ കൊട്ടേഷന്‍ കൊച്ചുങ്ങളെ.!!!

എന്‍റെ സുഹൃത്തുക്കളോട്-:എന്‍റെ നാടും സ്മാര്‍ട്ടാ -ക്വട്ടേഷന്‍ ടീം ഒക്കെ ഉണ്ടെന്നു പറഞ്ഞപ്പോ വിശ്വസിക്കാത്തവര്‍ക്ക് ഇപ്പൊ മനസിലായില്ലേ? ഹല്ലാ പിന്നെ! കളി  പെരുമ്പാവൂരുകാരോടോ?ങാ ജാഗ്രതൈ!!! 

ദൈവമേ...എന്നെ തല്ലല്ലേ..ഞാന്‍ ഓ....ടി   :)))


ബുധനാഴ്‌ച, ജനുവരി 25

അനശ്വര പ്രണയം....

"ഒരു സ്ത്രീക്ക് ഒരു ജീവിതത്തില്‍ ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍  കഴിയൂ എന്നത് മറ്റൊരു സ്ത്രീയേക്കാള്‍ നന്നായി ആര്‍ക്കാണ് മനസിലാക്കാന്‍ കഴിയുക?ആ തീവ്ര ഗൂഡ പ്രണയം മറ്റൊരു സ്ത്രീക്കല്ലാതെ ആര്‍ക്ക് മനസിലാകും?"യുദ്ധം ചെയ്യാതെയും തോല്‍പ്പിക്കപെടാമെന്നും...ആയുധമില്ലാതെയും  മുറിവേല്‍ക്കുമെന്നും പ്രണയത്തെ അതിന്‍റെ എല്ലാ വിശുദ്ധിയോടെയും മനസിലാക്കുന്നവരല്ലാതെ ആരാണ് തിരിച്ചറിയുക?"  


ഏറെ വൈകിയാണ് ഈ കഴിഞ്ഞ രാത്രി ഒന്നുറങ്ങാന്‍ കഴിഞ്ഞത്...കണ്ണടക്കുമ്പോള്‍  അറിയാതെ ഏതൊക്കെയോ നൊമ്പരം!
എല്ലാ ദിവസത്തെയും പ്രധാന സംഭവങ്ങള്‍ കുത്തികുറിക്കുന്ന ആ പതിവ് ശീലം!
"കാര്യം പറഞ്ഞും,കലഹിച്ചും,കാലഘട്ടം കണ്ട കരുത്തേറിയ കൊടുങ്കാറ്റ് കെട്ടടങ്ങി...ഇന്നലെ വരെ സാംസ്കാരിക കേരളത്തിലെ പല പ്രമുഖര്‍ക്കും പേടിക്കാന്‍ ഒരു വിറക്കാത്ത "നാക്കുണ്ടായിരുന്നു".ഇന്ന് മലയാളിക്ക് നഷ്ടപെട്ടത് സമകാലിക ജീവിതത്തിലെ ആരെയും പേടിക്കാത്ത അവസാന "വാക്ക്"!!! അഴീക്കോട് മാഷിന്..ആദരാഞ്ജലികളോടെ .... "

എഴുതി പൂര്‍ത്തിയാകാത്ത ഡയറി താളുകള്‍ എന്നെ നോക്കി സഹതപിക്കുന്നു.വീണ്ടും എന്തൊക്കെയോ എഴുതണമെന്നു തോന്നി.എന്തോ കഴിയുന്നില്ല.!മനസ്സില്‍ അഴീക്കോട് മാഷിന്‍റെ  ചിരിക്കാതെ ,ചിരിയെ കടിച്ചു പിടിച്ച് അനിര്‍വചനീയമാം വിധം പ്രവഹിക്കുന്ന ഹാസ്യ രസം കലര്‍ന്ന വാക്കിന്‍റെ പെരുമഴയും...ഉള്ളില്‍ ചിരിച്ച് പുറമേ ഗൌരവം വിടാതെ "തര്‍ക്ക ശാസ്ത്രത്തില്‍ ആണോ ഡോക്ടറേറ്റ്" എന്ന് തോന്നിപ്പിക്കും വിധം കലമ്പിക്കുന്ന മുഖവും!തൊണ്ണൂറുകളില്‍ നേരില്‍ കണ്ട അതേ  പ്രായത്തില്‍..............! .-ഓര്‍മയില്‍ മായാതെ .......തെല്ലും മറയാതെ...മങ്ങാതെ..!

ഇന്ന് ലഭിച്ച ഒരു ഇ-മെയില്‍ (വായനക്കായി അവസാനം ചേര്‍ത്തിരിക്കുന്ന) വല്ലാത്ത ഒരു അസ്വസ്ഥതയാണ് എനിക്ക്സമ്മാനിച്ചത്‌...
"അഴീക്കോട് മാഷ് ഓര്‍മയായതിനെക്കാള്‍ വിലാസിനി ടീച്ചര്‍ തികച്ചും ഒരു മൌന വാത്മീകത്തിലേക്കു ചേക്കേറിയത് ഏറെ വേദനയായി."
അഴീക്കോട്  മാഷിന്‍റെ  ചടുലമായ നാക്കില്‍ വിലസിച്ച ,ഒരു പിടി അരം ചേരാത്ത വാക്കിന്‍റെ നേരെ വക്കുടഞ്ഞ ,നിറം മങ്ങിയ,പിഞ്ഞിപോയ ഒരുപ്രണയത്തിന്‍റെ വെറും നോക്കുകുത്തിയായി ഒരു വിലാസിനി ടീച്ചര്‍.!!!!!!!!!!!!!!!!!!!!!!! 

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു പ്രഭാഷണ കലയുടെ ആ കുലപതിയെ ഒന്ന് നേരില്‍ "കേള്‍ക്കണം"(കാണുകയല്ല) എന്നത്.അന്തര്‍ സര്‍വകലാശാല "ക്വിസ് കോണ്ടെസ്റ്റ്" വിജയിയായി ട്രോഫി വാങ്ങി വേദിയില്‍ നിന്നും മടങ്ങുമ്പോഴാണ് യു. ആര്‍ .അനന്ത മൂര്‍ത്തി സാറിനോടൊപ്പം അഴീക്കോട് മാഷ് വൈകി വേദിയിലേക്ക് വരുന്നത്.പതിവ് പോലെ ശക്തമായ ഭാഷയില്‍ ആദ്യംഒരു ചാറ്റല്‍ മഴ പോലെ പിന്നെ കൊടുങ്കാറ്റായി..പിന്നെ തിമര്‍ത്തു പെയ്തു ആ വാക്കിന്‍റെ പേമാരി.ആ പെരുമഴയില്‍ സ്വയം അലിഞ്ഞ് നനഞ്ഞു  ഒരു സദസ്സ് മുഴുവന്‍.......
രണ്ടു മണികൂറോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് തിരക്കൊഴിഞ്ഞു മാഷിനോടോന്നു മിണ്ടാന്‍ കഴിയുന്നത്‌......- .എം.ജി.യൂണിവേര്ഴ്സ്സിറ്റി യെ പ്രതിനിധീകരിച്ച് ലഭിച്ച സമ്മാനത്തില്‍ എം.ജി .യൂണിവേര്ഴ്സ്സിറ്റി വൈസ് ചന്സിലര്‍ ആയ അനന്തമൂര്‍ത്തി സര്‍ പ്രത്യേകം അഭിനന്ദിക്കാന്‍ ആയി അടുത്ത് വിളിച്ച അവസരം മുതലെടുത്താണ് അടുത്തിരുന്ന മാഷിനോട് സംസാരിച്ചത്. " മലയാളം പ്രസംഗ & ഇംഗ്ലീഷ് എലക്വെഷന്‍ "വിജയികള്‍ക്ക് മാഷാണ് അന്ന് സമ്മാനം നല്‍കിയത്.
എളിമ കാണിച്ചും,കാല്‍തൊട്ടു വന്ദിച്ചും സീനിയര്‍ സിറ്റിസന്‍ ,സെലിബ്രിടി  മുതലായവരുടെ പ്രീതി പിടിച്ച് പറ്റുന്ന പതിവ് അന്നേ  ഉണ്ടായത് കൊണ്ടും,അന്നേ "തത്ത്വമസിയുടെ" പല പേജുകളും  കാണാപാഠം ആയതു കൊണ്ട്...മാഷിന്‍റെ ശ്രെദ്ധ  പിടിച്ച് പറ്റാന്‍ അധികം സമയം വേണ്ടി വന്നില്ല."അങ്ങയുടെ വീക്ഷണത്തില്‍ തത്ത്വമസിയുടെ (കാലിക)പ്രസക്തി ഇന്ന് കൂടുതലായി ഏത് മേഖലയില്‍ ആണ് വിരാജിക്കുന്നത്" എന്ന എന്‍റെ ചോദ്യത്തിനു ലേശം പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു "നീ ഏത് ക്ലാസ്സിലാന്നാ പറഞ്ഞെ?"?? 
ആ വാക്കുകളിലെ പുച്ഛം മനസിലാക്കിയ ഞാനും വിട്ടു കൊടുത്തില്ല.അദ്ധ്യേഹം എഴുതിയ ജിയുടെ വിമര്‍ശനകുറിപ്പ്,ആശാന്‍റെ സീതാ കാവ്യം,ആ കാലത്ത് ഏതോ വാര്‍ഷിക പതിപ്പില്‍ /ഓണ പതിപ്പില്‍ വായിച്ച "മലയാള സാഹിത്യം- ഒരു വിമര്‍ശനാത്മക കുറിപ്പ് "വരെ മുന്നിലേക്ക്‌ എറിഞ്ഞ് ഞാന്‍ മാഷിനെ അറിയുന്ന ആ അക്ഷരങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ് എന്ന് പരോക്ഷമായി പറഞ്ഞു.
പിന്നെയും ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം പറയാതെ തമാശ കേള്‍ക്കുന്നപോലുള്ള ചിരിയോടെ ;എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടെ എന്നെ സാകൂതം നോക്കി മാഷ് അവസാനം ചോദിച്ചു "ഞാന്‍ ഇന്ന് ഇവിടെ വരും എന്ന് ഇന്നലേ തന്നെ  അറിഞ്ഞൂ അല്ലെ?"

ആകെ ചമ്മി നിന്ന എന്നെ നോക്കി വലിയ വായില്‍ ചിരിച്ച് കൊണ്ട്..... വിരലുകള്‍ വിറപ്പിച്ചു കൊണ്ട് മാഷ് പറഞ്ഞു.....
 "വായിക്കണം...ഇപ്പൊ വായിച്ചതൊന്നും വായന അല്ല.വെറുതെ വായിക്കരുത് വരികള്‍ക്കിടയിലൂടെ വായിക്കണം."എനിക്ക് എല്ലാം അറിയാം എന്നും,അത് മറ്റുള്ളവര്‍ അറിയണം "എന്നുമുള്ള മനസ് ചെറുപ്പത്തിന്റെ ,ഈ പ്രായത്തിന്‍റെ ഒരു പ്രത്യേകതയാണ്.സാരമില്ല ,താങ്കള്‍.......... കഴിവുള്ള കുട്ടിയാണ്.വായന നിര്‍ത്തണ്ട.ലൈബ്രറി- ന്നു വായിക്കാതെ പുസ്തകം വാങ്ങിച്ചു വായിക്കണം എന്നാലെ സ്വസ്ഥമായി മനസ് ഇച്ഹിക്കുന്ന സമയത്ത് നല്ല വായനക്ക് അത് ഉപകരിക്കു.--ശരി,ഞാന്‍ കുറച്ചു തിരക്കിലാണ് എന്ന് പറഞ്ഞ് ഒഴിവാക്കാന്‍ നോക്കിയ മാഷിനോട് പരിഭവത്തോടെ ഞാന്‍ പറഞ്ഞു

' ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനു പോലും മാഷ് ഉത്തരം തന്നില്ല...അവസാനമായി ഒരൊറ്റ ചോദ്യം കൂടി...ഇത് പറഞ്ഞേ പറ്റൂ"

ലേശം ഭീതിയോടെ ,അതിലേറെ ആവേശത്തോടെ ഞാന്‍ ചോദിച്ചു മാഷെന്താ വിവാഹം കഴിക്കാത്തത്? ഒരു വേള ആ മുഖം അരിശം കൊണ്ട് അഗ്നിപര്‍വതം പോലെ...തടിച്ച ചുണ്ടുകള്‍ വിറക്കുന്നു...കടന്നു പോകുന്നുണ്ടോ എന്ന് അടുത്ത നിമിഷം അലറും എന്ന് ഞാന്‍ ഭയപെട്ടു...പ്രായത്തിന്‍റെ പതിവ് ചാപല്യം,അരുതാത്തചോദ്യം ചോദിച്ചു പോയ  ജാള്യതയില്‍ നിന്നുണര്‍ന്നു ക്ഷമ ചോദിയ്ക്കാന്‍ തുനിഞ്ഞ എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് അദ്ദേഹം കുലുങ്ങി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .."പെണ്ണുങ്ങളോട് പ്രായവും,ആണുങ്ങളോട് ശമ്പളവും,അവിവാഹിതരോട് അതിന്‍റെ കാരണവും ചോദിക്കരുത്- മേലാല്‍."-'...ചിരി വരുത്തിയ ലാഘവത്തില്‍ ഞാന്‍ പതുക്കെ ചോദിച്ചു-" പ്രേമനൈരാശ്യം ആണെന്ന് കേട്ടിട്ടുണ്ട്.ശരിയാണോ മാഷെ?"എന്‍റെ പിന്നില്‍ നിന്ന സെബയും,ജോയ്സിയും എന്നെ സാമാന്യം നല്ല രീതിയില്‍ പിച്ചുന്നുണ്ടായിരുന്നു.ഒരു വലിയ തമാശ കേട്ട പോലെ ചിരിച്ചുകൊണ്ട് "പൊക്കോളണം അവിട്ന്ന്" എന്ന് പറഞ്ഞ് തല്ലാന്‍ ഓങ്ങി.ഞങ്ങള്‍ എല്ലാരും കൂടി ചിരിച്ചപ്പോള്‍ ങാ ങാ...പൊക്കോ പൊക്കോ...എന്നു പറഞ്ഞ് പെയ്യാന്‍ പോകുന്ന ഒരു ശ്യാമമേഘം പോലെ ,വീശി അടിക്കുന്ന ഒരു കൊടുങ്കാറ്റുപോലെ,വളരെ ധൃതിയില്‍ പോകാന്‍ എഴുന്നേറ്റ്...അടുത്തിരുന്ന റെവ്രന്റ്റ്റ്ഫാദര്‍ കൊറ്റാലില്‍ അച്ഛനോട് പാലക്കാടിനുള്ള ട്രെയിന്‍ സമയം ചോദിച്ച്  മാഷ്‌ തികച്ചും ഗൌരവക്കാരനായി!!!അപ്രതീക്ഷിത ചോദ്യത്തില്‍ പെട്ടന്ന് മാഷ് അന്ന്തളര്‍ന്നു പോയിരുന്നോ?ഓര്‍ക്കുന്നില്ല..എന്തോ ഇന്ന് ആ ഓര്മ പോലും എനിക്കത് ഒരു വേദനയായി ഇന്ന് മാറിയിരിക്കുന്നു!

വര്‍ഷങ്ങള്‍ക്കു ശേഷം പുറനാട്ടുകരയില്‍ നിന്ന് മടങ്ങും നേരം തൃശ്ശൂര്‍-- ----ല്‍ വെച്ച് കണ്ടുമുട്ടിയ ഇന്ദുവാണ് സംഭാഷണ മദ്ധ്യേപറഞ്ഞത് വിലാസിനി ടീച്ചര്‍ തൃശ്ശൂര്‍ ബി.എഡ്.കോളേജിലെ പ്രിന്‍സിപ്പല്‍ ആണെന്നും,അഴീക്കോട്  മാഷിന്‍റെ വീടിനടുത്താണ് താമസമെന്നും.പരസ്പരം കാണാതെ അവര്‍ ഇപ്പോഴും  നിഗൂഡമായി പ്രണയിക്കുന്നു എന്നും....  

അഴീക്കോട്  മാഷ് മരിച്ചുവെന്ന സത്യം വിലാസിനി ടീച്ചര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിഞ്ഞു കാണുമോ?അവര്‍ ആരും കാണാതെ ..ആരെയും അറിയിക്കാതെ കുളിമുറിയില്‍ ഷവറിനു കീഴില്‍  തുറന്നിട്ട പൈപ്പുകളാല്‍ ശബ്ദാനമായ അന്തരീക്ഷത്തില്‍ കാലമിത്രയും കെട്ടി നിറുത്തിയ നൊമ്പരം അണപൊട്ടി  ഹൃദയ ഭിത്തി തകരുമാറു  വാ വിട്ട് കരഞ്ഞിട്ടുണ്ടാകുമോ???

അതോ കിടക്കയില്‍ കമിഴ്ന്നു കിടന്നു തലയിണയില്‍ മുഖം പൂഴ്ത്തി എങ്ങി എങ്ങി ഇല്ലിമുള പൊട്ടുന്നപോലെ  തകര്‍ന്ന് കാണുമോ???

 അതോ....സ്വയം സൃഷ്‌ടിച്ച  മൌന വാത്മീകത്തില്‍ ആരോടും പിണങ്ങാതെ  ,അവഗണനയേറ്റ  പ്രണയത്തെ കുറിച്ച് ഒരിക്കലും പരിഭവം പറയാതെ ..ആ മഹാനുഭാവന്റെ അക്ഷര സൌധം തീര്‍ത്ത പ്രണയ കുടീരത്തില്‍  ഒരു പുല്കൊടിയായി.. അതുമല്ലെങ്കില്‍  -വെറും ഒരു പുഴുവായി മരണത്തെ കാത്തിരിക്കുകയാകുമോ???

അതോ..അവഗണന യുടെ പൊരി വെയിലിലും ഒരിക്കലെങ്കിലും ഒരു പ്രണയ മഴ കൊതിച്ച  മിഴിയും മൊഴിയും വരണ്ട് ,ഉരുണ്ടു കൂടിയ കാര്‍ മേഘങ്ങള്‍ കൊണ്ട് വിങ്ങി നിന്ന ആ കണ്ണുകള്‍, ഒരു കാലഘട്ടത്തിന്റെ ശബ്ദ സാഗര ഗര്ജ്ജനത്തിനെ തന്‍റെ കണ്ണിമ കൊണ്ട് തടഞ്ഞ  ആ കണ്ണുകള്‍......, കൊടുങ്കാറ്റിന്റെ കരുത്തുമായി വന്ന വാക്കുകളില്‍ കുരുങ്ങി ,ഓര്‍മകളില്‍ ആ ഇതിഹാസ പുരുഷന്‍റെ സൂര്യശോഭയില്‍ തട്ടി ആ മിഴിയിണകള്‍ ഒരിക്കലും പെയ്യാതെ നിര്‍ജലീകരിക്കപെട്ടു പോയിരിക്കുമോ? ആആവോ?  അറിയില്ലാ...

ഒന്ന് മാത്രം അറിയാം..."ഒരു സ്ത്രീക്ക് ഒരു ജീവിതത്തില്‍ ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയു".പിതാവ്..ഭര്‍ത്താവ്..പുത്രന്‍................. ,സുഹൃത്തുക്കള്‍...., ഗുരുക്കന്മാര്‍ ,ശിഷ്യര്‍... എന്നിങ്ങനെ  പലരെയും സ്നേഹിക്കാന്‍ കഴിയും...എന്നാല്‍ ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയു....അതെ..ഒരേ ഒരാളെ മാത്രം!


{{മരണത്തിന്‍െറ കണങ്ങള്‍ കാന്‍സറിന്‍െറ രൂപത്തില്‍ അഴീക്കോടിന്‍െറ അണുക്കളോരോന്നിനെയും കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി മഹാമൃത്യുജ്ഞയഹോമം നടത്തി വിലാസിനി ടീച്ചര്‍ കാത്തിരുന്നു. വിഫലമാണെന്നറിയാമെങ്കിലും അദ്ദേഹത്തിന്‍െറ മരണം നീട്ടിവെപ്പിച്ചത് തന്‍െറ പ്രാര്‍ഥനകളും ആ ഹോമവുമാണെന്ന് അവര്‍ കരുതുന്നു. നാടാകെ ആ സാഗരഗര്‍ജനത്തിന്‍െറ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തയായി അവര്‍ ഉള്ളുരുകി കഴിഞ്ഞു. അഴീക്കോടിന്‍െറ ജീവിതത്തിലെ ഏക സ്ത്രീ, അദ്ദേഹത്തെ കാമുകനായി മനസ്സില്‍വരിച്ച സ്ത്രീ, വിലാസിനി ടീച്ചറുടെ കഥയില്ലാതെ ഡോ. സുകുമാര്‍ അഴീക്കോടെന്ന മഹാമേരുവിന്‍െറ ജീവിതകഥ പൂര്‍ണമാവില്ല.
അന്ധമായൊരു തിരസ്കാരത്തിന്‍െറയും മഹാനുരാഗത്തിന്‍െറയും കഥയാണത്. ആയുസ്സത്രയും ഒരു പുരുഷനുവേണ്ടി കാത്തിരുന്ന സ്ത്രീയുടെ അക്കഥകൂടി ചേരുമ്പോള്‍ അദ്ദേഹത്തിന്‍െറ ജീവിതം പുതിയ മാനം കൈവരിക്കും. അഴീക്കോട് മരണവുമായി മുഖാമുഖം നില്‍ക്കുന്ന നിമിഷങ്ങളോരോന്നിലും അകലെ അഞ്ചലെന്ന ഗ്രാമത്തില്‍ പ്രണയം വ്യര്‍ഥമാക്കിയ ഒരായുസ്സിന്‍െറ വിഹ്വലതകളില്‍ പ്രഫ. വിലാസിനി എന്ന അദ്ദേഹത്തിന്‍െറ കാമുകി വെന്ത് നീറുകയായിരുന്നു.
ആള്‍ക്കൂട്ടങ്ങളെ തന്‍െറ വാക്കുകള്‍കൊണ്ട് അമ്മാനമാടി സംവേദനത്തിന്‍െറ അജ്ഞാത തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ ഋഷിസമാനന്‍ കാതരനായൊരു കാമുകന്‍ കൂടിയായിരുന്നു. രാഗതീവ്രവും കാവ്യസമ്പന്നവുമായ അമ്പതോളം പ്രണയലേഖനങ്ങള്‍ അദ്ദേഹം ടീച്ചര്‍ക്കെഴുതി. പ്രണയമെന്ന വാക്ക് പരസ്പരമുപയോഗിക്കാതെ ഒരു വര്‍ഷത്തോളമവര്‍ തീവ്രപ്രണയത്തിലായിരുന്നു.
മൂത്തകുന്നം ട്രെയ്നിങ് കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ 66 -67 കാലത്ത് തിരുവനന്തപുരം ഗവ. ബി.എഡ് കോളജില്‍ ടീച്ചിങ് ക്ളാസ് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് അഞ്ചലിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ള വിലാസിനിയെന്ന വിദ്യാര്‍ഥിയെ അഴീക്കോട് കാണുന്നത്.അവര്‍ വൈവക്ക് ഹാജരായതും അദ്ദേഹത്തിന്‍െറ മുന്നില്‍. പിന്നാലെ കോളജ് അസോസിയേഷന്‍ യോഗത്തില്‍ അഴീക്കോട് പ്രസംഗിക്കാന്‍ ചെന്നു. കൃശഗാത്രനായ അധ്യാപകന്‍ ആ വിദ്യാര്‍ഥിനിയുടെ മനസ്സിലുടക്കുന്നത് അവിടെ വെച്ചാണ്. ഇത് തന്‍െറ കുടുംബത്തില്‍പെട്ട, തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെല്ളോ... എന്ന് ആ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞു. പിന്നെയൊരിക്കല്‍, അവരെപ്പറ്റി കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും മറുപടി പ്രതീക്ഷിച്ചും അഴീക്കോടിന്‍െറ ആദ്യത്തെ കത്ത് വിലാസിനിക്ക് ചെന്നു.
അതൊരു തുടക്കമായിരുന്നു. അക്ഷരങ്ങളില്‍ മനസ്സാവാഹിച്ച് കത്തുകള്‍ പ്രവഹിച്ചു.പ്രണയത്തിന്‍െറ തീക്ഷ്ണാനുഭൂതികളില്‍ അദ്ദേഹം വിലോലിതനായി. ഗാഢനിദ്രയില്‍ ഞാന്‍ വിലയം പ്രാപിച്ച് കിടക്കുമ്പോള്‍ വന്നാല്‍ എന്‍െറ സൂക്ഷമാണുക്കള്‍ പോലും നിന്നെ തിരിച്ചറിയുമെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. അത്രമേല്‍ മനസ്സുകൊണ്ട് അവര്‍ പരസ്പരം അറിഞ്ഞു. അനുരാഗത്തിന്‍െറ ദിനങ്ങള്‍ക്കൊടുവില്‍, ഒരു വര്‍ഷത്തിനുശേഷം അഞ്ചലിലെ വീട്ടില്‍ അഴീക്കോട് കൂട്ടുകാരുമൊത്ത് പെണ്ണുകാണാന്‍ ചെന്നു. എല്ലാം സമ്മതിച്ച് ഭാവിവധുവിന്‍െറ ഇരു കരങ്ങളും കൂട്ടിപ്പിടിച്ച് കണ്ണുകളില്‍ നോക്കി വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കിയിറങ്ങി -68 മാര്‍ച്ച് 18ന്.
2011 ഡിസംബര്‍ 18ന് വീണ്ടും കാണുംവരെ ആ വാഗ്ദാനമായിരുന്നു ആദ്യവും അവസാനവുമായി അവര്‍ക്കിടയിലെ വാക്കുകള്‍. ഇന്നും അജ്ഞാതമായ കാരണങ്ങളാല്‍ ആ പ്രണയത്തില്‍നിന്നും അഴീക്കോട് ഏകപക്ഷീയമായി പിന്മാറി. വിവാഹം കഴിഞ്ഞാല്‍ വിലാസിനി ഒരിക്കലും വീട്ടിലേക്ക് പോകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നുവത്രേ. ഒരു കുടുംബത്തിന്‍െറ താങ്ങായ ആ യുവതിക്ക് അത് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു. ഒരു സാഹിത്യകാരനുമായി തന്‍െറ കാമുകിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചതായി വേറൊരു വാദമുണ്ട്. അതല്ല, ആത്മീയ ജീവിതത്തില്‍ ആകൃഷ്ടനായതും അമ്മയോടുള്ള ചില വാഗ്ദാനങ്ങളുമാണ് വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമെന്ന് രോഗശയ്യയില്‍ വെച്ചുണ്ടായ സമാഗമത്തില്‍ അഴീക്കോട് കാമുകിയോട് നേരിട്ട് കുറ്റസമ്മതം നടത്തി. തനിക്കെതിരെ പരപുരുഷ ബന്ധമാരോപിച്ച അഴീക്കോടിന്‍െറമുന്നില്‍ തന്‍െറ നിലപാട് വ്യക്തമാക്കാന്‍ തനിക്കെഴുതിയ പ്രണയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ടീച്ചറുടെ നടപടി അദ്ദേഹത്തെ പിടിച്ചുലച്ചിരുന്നു. ഡിസംബര്‍ 18ന് രോഗശയ്യയില്‍ കാണാന്‍ വന്ന കാമുകിയോട് അദ്ദേഹം തന്‍െറ പരിഭവം തുറന്നുപറഞ്ഞു -വിലാസിനി ചാനലില്‍ വന്ന് പറഞ്ഞ് എന്‍െറ ഫെയ്മിനെ വല്ലാതെ ബാധിച്ചു. സപ്തലോകത്തും താങ്കളെയല്ലാതെ ഞാന്‍ മറ്റാരെയും സ്നേഹിച്ചിട്ടില്ല എന്നും അവര്‍ തിരിച്ചടിച്ചു.
അനുരാഗത്തിന്‍െറ ഹര്‍ഷവും പരിത്യക്തതയുടെ രോഷവും പതഞ്ഞുപൊന്തിയതായിരുന്നു കാലം കാത്തുവെച്ച ആ കൂടിക്കാഴ്ച. ഒരു മഹാത്മാവിന്‍െറ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടന്നേക്കാവുന്ന സംഭവം.
ആശങ്കയോടെ കടന്നുവന്ന കാമുകിയെ വൈരമത്രയും മറന്ന് നാലരപ്പതിറ്റാണ്ട് മുമ്പത്തെ മനസ്സില്‍ നിന്നെടുത്ത ഗൂഢസ്മിതം പ്രകാശം പരത്തിയ മുഖത്തോടെയാണ് അഴീക്കോട് വരവേറ്റത്. 45 വര്‍ഷം മുമ്പ്, കോണ്‍വൊക്കേഷന് തിരുവനന്തപുരത്ത് പോകുന്ന കാര്യം അറിയിച്ചപ്പോള്‍ അന്ന് അവിടെ ലോഡ്ജില്‍ താമസിക്കുകയായിരുന്ന അഴീക്കോട് എഴുതിയിരുന്നു, വിലാസിനിക്ക് കാണണമെന്ന് തോന്നുന്നുവെങ്കില്‍ വന്നുകൊള്ളുക എന്ന്. ആ ഓര്‍മയുടെ ബലത്തില്‍ ചെന്ന അവരെ അഴീക്കോട് നിരാശപ്പെടുത്തിയില്ല. ആദ്യത്തെ ശുണ്ഠിക്ക് ശേഷം അഴീക്കോട് ചോദിച്ചു- ചന്ദ്രനെ കാര്‍മേഘം മറച്ചാല്‍ എത്ര സമയം കൊണ്ട്, ആ കാര്‍മേഘം മായും?
അത് പെട്ടന്നങ്ങ് മായും-അവര്‍ മറുപടി നല്‍കി.
ആര്‍ദ്രമായ കണ്ണുകളോടെയാണ് അഴീക്കോട് അതിനോട് പ്രതികരിച്ചത് -പക്ഷേ, വിലാസിനിയുടെ മനസ്സിനെമൂടിയ കാര്‍മേഘം ഒരു പാടുകാലം മായാതെനിന്നു.
വീണ്ടുംഅഴീക്കോട് കാതരനായ കാമുകനായി -എപ്പോഴെങ്കിലും നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടോ?
തുളുമ്പുന്ന കണ്ണുകളിലേക്ക് നോക്കി വിതുമ്പലോടെ ടീച്ചര്‍ പറഞ്ഞു -എനിക്കൊരു ദേഷ്യവുമില്ല.
പ്രണയ സാഫല്യത്തിന്‍െറ നിമിഷങ്ങളായിരുന്നു അത്. കൈ്ളമാക്സ് മാറിമറിഞ്ഞ തന്‍െറ കഥയിലെ ഈ നിര്‍ണായക അധ്യായത്തെ ഉജ്ജ്വലമുഹൂര്‍ത്തം എന്നാണ് വിലാസിനി ടീച്ചര്‍ വിഷേശിപ്പിക്കുന്നത്. ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചക്കിടയിലെ കാലമത്രയും വിലാസിനി ടീച്ചറുടെ സ്വപ്നങ്ങളില്‍ അഴീക്കോട് മാത്രമേ ഉണ്ടായിരുന്നുള്ളു.
പുനഃസമാഗമത്തിന്‍െറ ഹരിത സ്വപ്നങ്ങളായാണ് സ്വപ്നങ്ങളെയും കൂടിക്കാഴ്ചയേയും വിലാസിനി ടീച്ചര്‍ കണ്ടത്. മടങ്ങി വീട്ടിലെത്തിയിട്ടും അഴീക്കോടിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പൂര്‍വാധികം തീവ്രമായി. ക്രിസ്മസ് ദിനത്തില്‍ അഴീക്കോടിന്‍െറ നമ്പറിലേക്ക് അവര്‍ വിളിച്ചു. മറുപുറത്ത് ഫോണെടുത്ത സഹായി സുരേഷ് ഫോണ്‍ അദ്ദേഹത്തിന് കൊടുത്തു. വിശേഷങ്ങളാരാഞ്ഞ വിലാസിനിയോട് അദ്ദേഹം പറഞ്ഞു- അനന്തമായ ആകാശത്തില്‍ ഉയര്‍ന്നുപറക്കാന്‍ വിലാസിനിയെന്നെ സഹായിക്കണം.
ഞാന്‍ വരണോ? -അവര്‍ ചോദിച്ചു.
നാളെ ആന്‍റണി വരും. പിന്നെ മതി -അദ്ദേഹം പറഞ്ഞു.
അന്ന് കണ്ടപ്പോള്‍ ഒരു കാര്യം പറയാന്‍ മറന്നു -ടീച്ചര്‍ വീണ്ടും.
പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണില്‍ ചുണ്ടമര്‍ത്തി അവര്‍ അദ്ദേഹത്തോട് പറഞ്ഞു -ചേരും നാമൊന്നായ്.
മറുപുറത്തെ നനുത്ത ചിരിയുടെ ബാഷ്പം ഒരു മധുര നൊമ്പരമായ് ടീച്ചറുടെ മനസ്സിലിപ്പോഴും.
മൃത്യുഞ്ജയ ഹോമം നടത്തട്ടേ എന്ന് അന്ന് അഴീക്കോടിനോട് അവര്‍ ചോദിച്ചു. സമ്മതം കിട്ടി. ഡിസംബര്‍ അവസാനം അവര്‍ അതിനായെത്തി. രണ്ടുദിവസം നഗരത്തില്‍ തങ്ങി. അത് നിര്‍വഹിച്ച് ആശുപത്രിക്കിടക്കയില്‍ പ്രസാദമെത്തിച്ച് അവര്‍ മടങ്ങി. ആരുമറിയാതെ, വീണ്ടുമൊന്ന് കാണാന്‍ പോലും നില്‍ക്കാതെ.
‘90കളില്‍, അഴീക്കോട് തൃശൂര്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍, വിയ്യൂരിലെ അദ്ദേഹത്തിന്‍െറ വീട്ടില്‍ നിന്നും ഒരു സായാഹ്നസവാരിയുടെ ദൂരത്തില്‍ നാല് വര്‍ഷകാലം അദ്ദേഹത്തിന്‍െറ കാമുകി താമസിച്ചിരുന്നു. തൃശൂര്‍ ബി.എഡ് കോളജിന്‍െറ പ്രിന്‍സിപ്പലായി ചെമ്പൂക്കാവിലെ വൈ.ഡബ്ളിയു.സി.എയില്‍. തൊട്ടടുത്താണെന്ന കാര്യം ഇരുവരും അവഗണിച്ചു. ഒരിക്കല്‍പോലും കാണാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചു.
വിലാസിനി ടീച്ചര്‍ എന്ന അസ്തിത്വത്തെ അഴീക്കോട് എങ്ങനെയാണ് കണ്ടത് എന്ന ചോദ്യം ദുരൂഹമായി തുടരുന്നു. നിരസിക്കുകയും തള്ളിപ്പറയുകയുമൊക്കെ ചെയ്തുവെങ്കിലും വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോട് എന്ന സാഗരഗര്‍ജനത്തിന്‍െറ കുളിരായിരുന്നില്ളേ? സ്വന്തം പ്രതിഛായയുമായുള്ള ആത്മരതിയില്‍ ആത്മാവിന് തുല്യം തന്നെ സ്നേഹിച്ച സ്ത്രീയെ അദ്ദേഹം വേദനിപ്പിച്ചത് എന്തിനെന്നത് ഒരു കടങ്കഥയാണ്.
എങ്കിലും, വിലാസിനി ടീച്ചര്‍ തന്‍െറ ജീവിതം കൊണ്ട് അഴീക്കോടിന്‍െറ ജീവിതത്തിന്‍െറ ശോഭ വര്‍ധിപ്പിക്കുന്നു. പുറംകാല്‍കൊണ്ട്, തട്ടിയെറിഞ്ഞ കാമുകനെ ധ്യാനിച്ച് മറ്റെല്ലാം ത്യജിച്ച് സ്വയം ഉരുകി തീര്‍ന്ന കാമുകിയാണ് അവര്‍. ഉപഗുപ്തന്‍െറയും വാസവദത്തയുടെയും കഥ മറ്റൊരര്‍ഥത്തില്‍ ഇവിടെ പുനരാവിഷ്കരിക്കപ്പെടുന്നു. മരണം വ്യാളിയെപ്പോലെ ചുറ്റി വരിഞ്ഞ്, ചോരയും നീരും വറ്റിയ കാമുകനെ 70ാം വയസ്സിലും 17ന്‍െറ തീവ്രതയോടെ വിലാസിനി ടീച്ചര്‍ പ്രണയിക്കുമ്പോള്‍ ഇതൊരു അനശ്വര പ്രണയകാവ്യമാവുന്നു.}}Courtesy 2 Google mail.

വ്യാഴാഴ്‌ച, ജനുവരി 19

പശുവിനു പല നിറം.. പാലിന് ഒരു നിറം.

വേദനയോടെയാണ് എന്‍റെ നാടായ പെരുമ്പാവൂര്‍ ശ്രീ ധര്‍മ്മ സ്വാമി ക്ഷേത്ര മൈതാനത്ത് പശുവിനെ കൊന്നുവെന്നും തുടര്‍ന്ന് അരങ്ങേറിയ നാടകീയ രംഗങ്ങളും വായിച്ചത്.!!!

വേദന പശുവിനെ കൊന്നതോ അത് അമ്പല പരിസരത്തായതോ അല്ല..ഒന്നോ രണ്ടോ പേര്‍ക്ക് തോന്നുന്ന ബുദ്ധി ശൂന്യതയില്‍ മത സൌഹാര്‍ദം നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിഭ്ജിക്കപെടുമോ എന്ന വേദന.എല്ലാവരും തമ്മില്‍ സ്പര്‍ധ ഇല്ലാതെ സ്നേഹിച്ചു കഴിഞ്ഞ ഒരു നാടിന്റെ ഐക്യം നഷ്ട്ടപെടുമോ എന്ന ആശങ്ക .....!!!

നാടിനെ കുറിച്ചോര്‍ക്കുമ്പോള്‍,അപ്രതീക്ഷിത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അമ്മയെ വിളിക്കുന്നത്‌ പതിവ് ശീലം.
ഉലകം ചുറ്റുന്ന കുഞ്ഞേട്ടന്‍ ഒത്തിരി തവണ അമ്മയെ കൂടെ യാത്രക്ക് നിര്‍ബന്ധിച്ചപ്പോളും തനി നാട്ടിന്‍പുറത്ത്കാരിയായ അമ്മ എന്‍റെ പശുക്കളെ ഇട്ടേച്ചു വരാനോ ?
അവര്‍ക്കും കൂടി വിസ എടുക്ക് എന്ന് പറഞ്ഞ് സ്നേഹത്തോടെ ഓരോ ക്ഷണവും നിരസിക്കാറുള്ള ..ഈ പ്രായത്തിലും പശുവിനെ മക്കളെപോലെ പേരിട്ടു വിളിച്ചു പരിപാലിക്കുന്ന അമ്മയെ തെല്ല് ആശങ്കയോടെയാണ്‌ ഞാന്‍ വിളിച്ചത്...

"എന്തേ ഇന്ന് പതിവില്ലാതെ അതി രാവിലെ തന്നെ മോള് വിളിച്ചത്?അമ്മ അടുക്കളയില്‍ ആയിരുന്നു.നമ്മുടെ തടിമില്ലിനടുത്തുള്ള അലിക്കാന്റെ മോന്‍ ബഷീര് വന്നിട്ടുണ്ട്.(എന്‍റെ വല്ല്യേട്ടന്റെ കൂട്ടുകാരന്‍)))- -------അബുദാബിയില്‍  ബിസിനസ്‌ നടത്തുന്ന)അവന്‍റെ പുരകയറി താമസം പറയാന്‍... വന്നതാണ്.ലിഫ്റ്റ്‌ ഒക്കെ ഉള്ള വല്ല്യ വീടാണ്.അവന് എന്‍റെ കയ്യും കൊണ്ട് ഉണ്ടാക്കിയ ദോശേം ചമ്മന്തീം കഴിക്കണംന്നു പറഞ്ഞ് ചൂടോടെ ചുട്ട് അടുക്കളയില്‍ തന്നെ വര്‍ത്തമാനം പറഞ്ഞിരിക്കായിരുന്നു.."

സൌദീന്നു ഷീബ്യാ ബഷീറേ.."അമ്മ പറഞ്ഞപ്പോഴേക്കും ബഷീറിക്ക ഫോണില്‍ അങ്ങേത്തലക്കല്‍ "ഹലോ" പറഞ്ഞു കഴിഞ്ഞു."യെന്നാടി കാന്താരീ സുഖല്ലേ?
(പണ്ടത്തെ എന്‍റെ വാചകമടിയും ചൂടന്‍ സ്വഭാവവും കാരണം വേണ്ടപെട്ടവര്‍ അനുഗ്രഹിച്ചു തന്ന പേരാണ്-കാ‍ന്താരി )അവനും കുട്ടികള്‍ക്കും സുഖല്ലേ?
അല്ലെങ്കിലും നിന്നെ ഒന്ന് വിളിക്കാന്‍ ഇരിക്കായിരുന്നു.അവിടെ അബുദാബിയില്‍വെച്ച്നിന്നെ കാണാറുണ്ട്‌ ഇടയ്ക്കിടയ്ക്ക് ടീവീലെ ചര്‍ച്ചയിലും വാര്‍ത്തയിലും ഒക്കേ.അവന്റേം..പിള്ളാരുടെം തുണീം കഴുകി ..വായക്കു രുച്യായി വല്ലതും ഉണ്ടാക്കി കൊടുത്തു അടങ്ങി ഒതുങ്ങി അവിടെ കഴിയാന്‍ പാടില്ലേടി നിനക്ക്?വല്ലത്തുള്ള ഷുക്കൂര് പറഞ്ഞു നിനക്ക് അവിടെ പത്രത്തില്‍ എഴുത്തും സംഘടനാ പരിപാടിയും ഒക്കെ ആണെന്ന്.(പെരുമഴക്കാലത്തെ സലീം കഥാപാത്രത്തെ പോലെ കൂടെ ഒരു താക്കീത്..സൗദി അറേബ്യയാ നാട്..ശരീയത്താ നിയമം..)...ഹും..പറഞ്ഞില്ലാന്നു വേണ്ട.!

"ഹേ അങ്ങനൊന്നും ഇല്ലെന്റെ ഇക്കാ ...ഞാന്‍ എഴുത്ത് ഒക്കെ ഇ ...ന്ന... ലേ നിര്‍ത്തി "
എന്ന് പറഞ്ഞ് ചിരിക്കുമ്പോഴും തമാശക്കാണെങ്കിലും ആ വാചകം പറഞ്ഞപ്പോള്‍ മൂത്ത ജേഷ്ടനെ പോലെ ഞാന്‍ കാണുന്ന ബഷീര്‍ക്കയുടെ സ്വരത്തിന്‍റെ കാഠിന്യം ഞാന്‍ മനസിലാക്കി!!!

ഫോണ്‍ വെച്ച് കഴിഞ്ഞ് ഞാന്‍ ബഷീര്‍ക്കെടെ അടുത്തിടെ മരണപെട്ട ബാപ്പയെ ഓര്‍ത്തു പോയി.എന്‍റെ അതേ പ്രായം ഉണ്ടായിരുന്ന ഇളയ മകള്‍ 'സുനീറ' പത്താം വയസില്‍ "വെറും ഒരു പനി "വന്നു മരണപെട്ടതിനു ശേഷം ആ കുടുംബത്തില്‍ ഞാന്‍- അവര്‍ പോലും അറിയാതെ അവളുടെ പകരക്കാരി ആകുകയായിരുന്നു.
എല്ലാരും ബാപ്പ- ന്നു വിളിക്കുമ്പോള്‍ ഞാന്‍ അവളെ പോലെ "വാപ്പിച്ചി "എന്ന് അദ്ദേഹത്തെ വിളിച്ചു.വിരലിലെ നഖം വെട്ടി കൊടുക്കുകയും,കാലു തിരുമ്മി കൊടുക്കുകയും ചെയ്ത് ആ ഉമ്മച്ചിയുടെയും വാപ്പിച്ചിയുടെയും മനസ്സില്‍ അവര്‍ക്ക് നഷ്ട്ടപെട്ടുപോയ ഏക മകളുടെ പകരക്കാരിയായി.സസ്യാഹാരം മാത്രം ഉപയോഗിച്ചിരുന്ന നായര്‍ തറവാട്ടില്‍ ആരും അറിയാതെ പത്തരിയും ഇറച്ചിയും മണക്കാന്‍ തുടങ്ങിയതും  ഉമ്മിച്ചിയുടെ സ്നേഹം പുരണ്ടത് മുതലാണ്‌...............! ......

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍""സൌദിയെന്ന പുണ്യ ഭൂമിയില്‍ വരുന്നതില്‍ ഏറെ സന്തോഷിച്ചതും വാപ്പിച്ചി ആയിരുന്നു.(എന്നെ പിരിഞ്ഞതില്‍ ഏറെ ദുഖിച്ചതും അവരായിരുന്നിരിക്കണം)

 വാപ്പിച്ചിക്കു അസുഖം കൂടുതലായപ്പോള്‍ ഒന്നൂടി കാണണം എന്ന് തോന്നിയവരുടെ കൂട്ടത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പിണങ്ങി പോയ അദ്ധ്യേഹത്തിന്റെ അനിയന്‍ ഉമ്മറും,പിന്നെ ഈ ഞാനും മാത്രമായിരുന്നു.!!!

മരിച്ച ശേഷം മാത്രമാണ് ഞാന്‍ അറിഞ്ഞതും,അറിയിച്ചതും.:(

വാപ്പിച്ചീടെ മയ്യത്ത് എടുക്കും മുന്‍പ് ആരെങ്കിലും വരാനുണ്ടോ എന്ന് ചോദിച്ചപ്പോ ഉമ്മിച്ചി പറഞ്ഞൂത്രേ-"ആരെങ്കിലും സൌദിക്ക് വിളിച്ച് അറിയിച്ചിരുന്നോ..അറിഞ്ഞാ.. ആരും വന്നില്ലെങ്കിലും ഷീബ ഓടി വന്നേനെ" ന്ന് !!!

 എല്ലാം കഴിഞ്ഞാണ് ഞാന്‍ അറിഞ്ഞത്.ആര് അറിയിച്ചില്ല,അറിഞ്ഞില്ല.....

അഥവാ അന്ന് അറിഞ്ഞിരുന്നുവെങ്കിലും പാവം ഉമ്മിച്ചി അവര്‍ അറിയുന്നുണ്ടോ,ഇന്ന് ജീവിതം എത്ര വൈരുദ്ധ്യ)ത്മകം ആണെന്ന്???????

ആ സ്നേഹത്തെ കുറിച്ചും,എനിക്ക് കാണാന്‍ ആയി പോകണം എന്ന് പറഞ്ഞാല്‍ അത് കേട്ട് പരിഹസിക്കുന്നവരെ കുറിച്ചും???

ഓര്‍മകളില്‍ നിന്നും ഉണര്‍ന്നപ്പോഴാണ് ഞാന്‍ നാട്ടില്‍ വിളിച്ചത് എന്തിനു വേണ്ടി ആയിരുന്നു എന്ന് ഓര്‍മിച്ചത്‌!!!
!! അമ്പലം..മൈതാനം..പശു !!!!!
...." .വീണ്ടും ഓര്‍മകള്‍ ഓടികളിക്കുന്നു പഴയ വിദ്യാലയ മുറ്റത്ത്‌.....

 പൂനൂര്‍ സ്കൂളില്‍ വെളുത്ത തൊപ്പി വെച്ച മൊയ്തീന്‍ സര്‍ ഉറക്കെ പറയുന്നു..

"പശുവിനു പല നിറം പാലിന് ഒരു നിറം." 

നാലാം ക്ലാസില്‍(( (4വരെ മാത്രേ മലയാളം പഠിച്ചുള്ളൂ.പിന്നെ സംസ്കൃതം ആണ് പഠിച്ചത്) മുന്‍ നിരയില്‍ ഒരു പല്ല് പോയ നന്നേ മെലിഞ്ഞ ഒരു പെണ്‍കുട്ടി ഉറക്കെ ഉറക്കെ ഏറ്റു പറയുന്നു.."പശുവിനു പല നിറം പാലിന് ഒരു നിറം"!!!

അവധി ദിനമായതിനാല്‍ മൂടി പുതച്ച് ഉറങ്ങുന്ന മക്കള്‍ക്കായി പാല്‍ തിളപ്പിക്കുമ്പോഴും അറിയാതെ പറഞ്ഞു -...

 അതേ "പശുവിനു(മതങ്ങള്‍)))))പല നിറം എന്നാല്‍ പാലിന്(സ്നേഹത്തിന് ) ഒരു നിറം- ഒരൊറ്റ നിറം."

ശനിയാഴ്‌ച, ജനുവരി 7

പറക്കലിന് പദ്മശ്രീ...


  "അന്ന് വഴുതലിന് പരംവീരചക്രം.


                                                     പിന്നെ  തെന്നലിന് താമ്രപത്രം.
   
                                                    ഇന്ന്പറക്കലിന് പദ്മശ്രീ....


                                                 ഗവേഷണത്തിന്‍റെ "ഗതി "മാറുന്നു.

                                      മത്സ്യാവതാരത്തിനു ഇത് ശുക്രദശ....:)"  










ഞായറാഴ്‌ച, ജനുവരി 1

സഹന വിപ്ലവങ്ങള്‍ നേടിയത് (എന്ത്)?

ക്യൂബന്‍ വിപ്ലവത്തിന് 53 വയസ്സ്

 ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിന് ഇന്ന് 53 വയസ് പൂര്‍ത്തിയാകും. ഫുജന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യത്തിനും നിഷ്ഠൂര ഭരണത്തിനുമെതിരായി ഫിദല്‍ കാസ്‌ട്രോയുടെയും ഏണസ്റ്റോ ചെ ഗുവേരയുടെയും നേതൃത്വത്തിലാണ് ക്യൂബന്‍ വിപ്ലവം ആരംഭിച്ചത്.

ഏറെ നാളായി രാജ്യത്തിനകത്ത് രൂപപ്പെട്ട സംഘര്‍ഷങ്ങള്‍ 1956 കാസ്‌ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഗ്രാന്‍മ പാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടെ രൂക്ഷമാകുകയായിരുന്നു. നിരവധി തവണ കാസ്‌ട്രോയെയും അദ്ദേഹത്തിന്റെ അനുയായികളെയും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ബാറ്റിസ്റ്റ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ശക്തമായ ചെറുത്തു നില്‍പ്പാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോടെ അദ്ദേഹം നടത്തിയത്. 1959 ജനുവരി ഒന്നിന് കാസ്‌ട്രോയും 82 പാര്‍ട്ടി പ്രവര്‍ത്തകരും സായുധ വിപ്ലവത്തിലൂടെ സാന്റ ക്ലാര പിടിച്ചെടുത്തതോടെ സമരം വിജയിച്ചു. അതോടെ ബാറ്റിസ്റ്റ പോര്‍ച്ചുഗലിലേക്ക് പലായനം ചെയ്തു. ജനുവരി എട്ടിനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഹവാന പിടിച്ചെടുത്തത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപ്ലവത്തിന്റെ വാര്‍ഷികം ആഘോഷിച്ചു. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരനും നിലവിലെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ജനങ്ങളെ അഭിസംബോധന ചെയ്തു.