എഴുതി പൂര്‍ത്തിയാകാത്ത ഡയറി താളുകള്‍ എന്നെ നോക്കി സഹതപിക്കുന്നു.വീണ്ടും എന്തൊക്കെയോ എഴുതണമെന്നു തോന്നി.എന്തോ കഴിയുന്നില്ല.!മനസ്സില്‍ അഴീക്കോട് മാഷിന്‍റെ ചിരിക്കാതെ ,ചിരിയെ കടിച്ചു പിടിച്ച് അനിര്‍വചനീയമാം വിധം പ്രവഹിക്കുന്ന ഹാസ്യ രസം കലര്‍ന്ന വാക്കിന്‍റെ പെരുമഴയും...ഉള്ളില്‍ ചിരിച്ച് പുറമേ ഗൌരവം വിടാതെ "തര്‍ക്ക ശാസ്ത്രത്തില്‍ ആണോ ഡോക്ടറേറ്റ്" എന്ന് തോന്നിപ്പിക്കും വിധം കലമ്പിക്കുന്ന മുഖവും!തൊണ്ണൂറുകളില്‍ നേരില്‍ കണ്ട അതേ പ്രായത്തില്‍..............! .-ഓര്‍മയില്‍ മായാതെ .......തെല്ലും മറയാതെ...മങ്ങാതെ..!
ഇന്ന് ലഭിച്ച ഒരു ഇ-മെയില്‍ (വായനക്കായി അവസാനം ചേര്‍ത്തിരിക്കുന്ന) വല്ലാത്ത ഒരു അസ്വസ്ഥതയാണ് എനിക്ക്സമ്മാനിച്ചത്...
"അഴീക്കോട് മാഷ് ഓര്‍മയായതിനെക്കാള്‍ വിലാസിനി ടീച്ചര്‍ തികച്ചും ഒരു മൌന വാത്മീകത്തിലേക്കു ചേക്കേറിയത് ഏറെ വേദനയായി."
അഴീക്കോട് മാഷിന്‍റെ ചടുലമായ നാക്കില്‍ വിലസിച്ച ,ഒരു പിടി അരം ചേരാത്ത വാക്കിന്‍റെ നേരെ വക്കുടഞ്ഞ ,നിറം മങ്ങിയ,പിഞ്ഞിപോയ ഒരുപ്രണയത്തിന്‍റെ വെറും നോക്കുകുത്തിയായി ഒരു വിലാസിനി ടീച്ചര്‍.!!!!!!!!!!!!!!!!!!!!!!!
ഡിഗ്രിക്ക് പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു പ്രഭാഷണ കലയുടെ ആ കുലപതിയെ ഒന്ന് നേരില്‍ "കേള്‍ക്കണം"(കാണുകയല്ല) എന്നത്.അന്തര്‍ സര്‍വകലാശാല "ക്വിസ് കോണ്ടെസ്റ്റ്" വിജയിയായി ട്രോഫി വാങ്ങി വേദിയില്‍ നിന്നും മടങ്ങുമ്പോഴാണ് യു. ആര്‍ .അനന്ത മൂര്‍ത്തി സാറിനോടൊപ്പം അഴീക്കോട് മാഷ് വൈകി വേദിയിലേക്ക് വരുന്നത്.പതിവ് പോലെ ശക്തമായ ഭാഷയില്‍ ആദ്യംഒരു ചാറ്റല്‍ മഴ പോലെ പിന്നെ കൊടുങ്കാറ്റായി..പിന്നെ തിമര്‍ത്തു പെയ്തു ആ വാക്കിന്‍റെ പേമാരി.ആ പെരുമഴയില്‍ സ്വയം അലിഞ്ഞ് നനഞ്ഞു ഒരു സദസ്സ് മുഴുവന്‍.......
രണ്ടു മണികൂറോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് തിരക്കൊഴിഞ്ഞു മാഷിനോടോന്നു മിണ്ടാന്‍ കഴിയുന്നത്......- .എം.ജി.യൂണിവേര്ഴ്സ്സിറ്റി യെ പ്രതിനിധീകരിച്ച് ലഭിച്ച സമ്മാനത്തില്‍ എം.ജി .യൂണിവേര്ഴ്സ്സിറ്റി വൈസ് ചന്സിലര്‍ ആയ അനന്തമൂര്‍ത്തി സര്‍ പ്രത്യേകം അഭിനന്ദിക്കാന്‍ ആയി അടുത്ത് വിളിച്ച അവസരം മുതലെടുത്താണ് അടുത്തിരുന്ന മാഷിനോട് സംസാരിച്ചത്. " മലയാളം പ്രസംഗ & ഇംഗ്ലീഷ് എലക്വെഷന്‍ "വിജയികള്‍ക്ക് മാഷാണ് അന്ന് സമ്മാനം നല്‍കിയത്.
എളിമ കാണിച്ചും,കാല്‍തൊട്ടു വന്ദിച്ചും സീനിയര്‍ സിറ്റിസന്‍ ,സെലിബ്രിടി മുതലായവരുടെ പ്രീതി പിടിച്ച് പറ്റുന്ന പതിവ് അന്നേ ഉണ്ടായത് കൊണ്ടും,അന്നേ "തത്ത്വമസിയുടെ" പല പേജുകളും കാണാപാഠം ആയതു കൊണ്ട്...മാഷിന്‍റെ ശ്രെദ്ധ പിടിച്ച് പറ്റാന്‍ അധികം സമയം വേണ്ടി വന്നില്ല."അങ്ങയുടെ വീക്ഷണത്തില്‍ തത്ത്വമസിയുടെ (കാലിക)പ്രസക്തി ഇന്ന് കൂടുതലായി ഏത് മേഖലയില്‍ ആണ് വിരാജിക്കുന്നത്" എന്ന എന്‍റെ ചോദ്യത്തിനു ലേശം പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു "നീ ഏത് ക്ലാസ്സിലാന്നാ പറഞ്ഞെ?"??
ആ വാക്കുകളിലെ പുച്ഛം മനസിലാക്കിയ ഞാനും വിട്ടു കൊടുത്തില്ല.അദ്ധ്യേഹം എഴുതിയ ജിയുടെ വിമര്‍ശനകുറിപ്പ്,ആശാന്‍റെ സീതാ കാവ്യം,ആ കാലത്ത് ഏതോ വാര്‍ഷിക പതിപ്പില്‍ /ഓണ പതിപ്പില്‍ വായിച്ച "മലയാള സാഹിത്യം- ഒരു വിമര്‍ശനാത്മക കുറിപ്പ് "വരെ മുന്നിലേക്ക് എറിഞ്ഞ് ഞാന്‍ മാഷിനെ അറിയുന്ന ആ അക്ഷരങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ് എന്ന് പരോക്ഷമായി പറഞ്ഞു.
പിന്നെയും ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം പറയാതെ തമാശ കേള്‍ക്കുന്നപോലുള്ള ചിരിയോടെ ;എന്നാല്‍ നിറഞ്ഞ വാത്സല്യത്തോടെ എന്നെ സാകൂതം നോക്കി മാഷ് അവസാനം ചോദിച്ചു "ഞാന്‍ ഇന്ന് ഇവിടെ വരും എന്ന് ഇന്നലേ തന്നെ അറിഞ്ഞൂ അല്ലെ?"
ആകെ ചമ്മി നിന്ന എന്നെ നോക്കി വലിയ വായില്‍ ചിരിച്ച് കൊണ്ട്..... വിരലുകള്‍ വിറപ്പിച്ചു കൊണ്ട് മാഷ് പറഞ്ഞു.....
"വായിക്കണം...ഇപ്പൊ വായിച്ചതൊന്നും വായന അല്ല.വെറുതെ വായിക്കരുത് വരികള്‍ക്കിടയിലൂടെ വായിക്കണം."എനിക്ക് എല്ലാം അറിയാം എന്നും,അത് മറ്റുള്ളവര്‍ അറിയണം "എന്നുമുള്ള മനസ് ചെറുപ്പത്തിന്റെ ,ഈ പ്രായത്തിന്‍റെ ഒരു പ്രത്യേകതയാണ്.സാരമില്ല ,താങ്കള്‍.......... കഴിവുള്ള കുട്ടിയാണ്.വായന നിര്‍ത്തണ്ട.ലൈബ്രറി- ന്നു വായിക്കാതെ പുസ്തകം വാങ്ങിച്ചു വായിക്കണം എന്നാലെ സ്വസ്ഥമായി മനസ് ഇച്ഹിക്കുന്ന സമയത്ത് നല്ല വായനക്ക് അത് ഉപകരിക്കു.--ശരി,ഞാന്‍ കുറച്ചു തിരക്കിലാണ് എന്ന് പറഞ്ഞ് ഒഴിവാക്കാന്‍ നോക്കിയ മാഷിനോട് പരിഭവത്തോടെ ഞാന്‍ പറഞ്ഞു
' ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിനു പോലും മാഷ് ഉത്തരം തന്നില്ല...അവസാനമായി ഒരൊറ്റ ചോദ്യം കൂടി...ഇത് പറഞ്ഞേ പറ്റൂ"
ലേശം ഭീതിയോടെ ,അതിലേറെ ആവേശത്തോടെ ഞാന്‍ ചോദിച്ചു മാഷെന്താ വിവാഹം കഴിക്കാത്തത്? ഒരു വേള ആ മുഖം അരിശം കൊണ്ട് അഗ്നിപര്‍വതം പോലെ...തടിച്ച ചുണ്ടുകള്‍ വിറക്കുന്നു...കടന്നു പോകുന്നുണ്ടോ എന്ന് അടുത്ത നിമിഷം അലറും എന്ന് ഞാന്‍ ഭയപെട്ടു...പ്രായത്തിന്‍റെ പതിവ് ചാപല്യം,അരുതാത്തചോദ്യം ചോദിച്ചു പോയ ജാള്യതയില്‍ നിന്നുണര്‍ന്നു ക്ഷമ ചോദിയ്ക്കാന്‍ തുനിഞ്ഞ എന്നെ ഞെട്ടിപ്പിച്ചു കൊണ്ട് അദ്ദേഹം കുലുങ്ങി കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു .."പെണ്ണുങ്ങളോട് പ്രായവും,ആണുങ്ങളോട് ശമ്പളവും,അവിവാഹിതരോട് അതിന്‍റെ കാരണവും ചോദിക്കരുത്- മേലാല്‍."-'...ചിരി വരുത്തിയ ലാഘവത്തില്‍ ഞാന്‍ പതുക്കെ ചോദിച്ചു-" പ്രേമനൈരാശ്യം ആണെന്ന് കേട്ടിട്ടുണ്ട്.ശരിയാണോ മാഷെ?"എന്‍റെ പിന്നില്‍ നിന്ന സെബയും,ജോയ്സിയും എന്നെ സാമാന്യം നല്ല രീതിയില്‍ പിച്ചുന്നുണ്ടായിരുന്നു.ഒരു വലിയ തമാശ കേട്ട പോലെ ചിരിച്ചുകൊണ്ട് "പൊക്കോളണം അവിട്ന്ന്" എന്ന് പറഞ്ഞ് തല്ലാന്‍ ഓങ്ങി.ഞങ്ങള്‍ എല്ലാരും കൂടി ചിരിച്ചപ്പോള്‍ ങാ ങാ...പൊക്കോ പൊക്കോ...എന്നു പറഞ്ഞ് പെയ്യാന്‍ പോകുന്ന ഒരു ശ്യാമമേഘം പോലെ ,വീശി അടിക്കുന്ന ഒരു കൊടുങ്കാറ്റുപോലെ,വളരെ ധൃതിയില്‍ പോകാന്‍ എഴുന്നേറ്റ്...അടുത്തിരുന്ന റെവ്രന്റ്റ്റ്ഫാദര്‍ കൊറ്റാലില്‍ അച്ഛനോട് പാലക്കാടിനുള്ള ട്രെയിന്‍ സമയം ചോദിച്ച് മാഷ് തികച്ചും ഗൌരവക്കാരനായി!!!അപ്രതീക്ഷിത ചോദ്യത്തില്‍ പെട്ടന്ന് മാഷ് അന്ന്തളര്‍ന്നു പോയിരുന്നോ?ഓര്‍ക്കുന്നില്ല..എന്തോ ഇന്ന് ആ ഓര്മ പോലും എനിക്കത് ഒരു വേദനയായി ഇന്ന് മാറിയിരിക്കുന്നു!
വര്‍ഷങ്ങള്‍ക്കു ശേഷം പുറനാട്ടുകരയില്‍ നിന്ന് മടങ്ങും നേരം തൃശ്ശൂര്‍-- ----ല്‍ വെച്ച് കണ്ടുമുട്ടിയ ഇന്ദുവാണ് സംഭാഷണ മദ്ധ്യേപറഞ്ഞത് വിലാസിനി ടീച്ചര്‍ തൃശ്ശൂര്‍ ബി.എഡ്.കോളേജിലെ പ്രിന്‍സിപ്പല്‍ ആണെന്നും,അഴീക്കോട് മാഷിന്‍റെ വീടിനടുത്താണ് താമസമെന്നും.പരസ്പരം കാണാതെ അവര്‍ ഇപ്പോഴും നിഗൂഡമായി പ്രണയിക്കുന്നു എന്നും....
അഴീക്കോട് മാഷ് മരിച്ചുവെന്ന സത്യം വിലാസിനി ടീച്ചര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞു കാണുമോ?അവര്‍ ആരും കാണാതെ ..ആരെയും അറിയിക്കാതെ കുളിമുറിയില്‍ ഷവറിനു കീഴില്‍ തുറന്നിട്ട പൈപ്പുകളാല്‍ ശബ്ദാനമായ അന്തരീക്ഷത്തില്‍ കാലമിത്രയും കെട്ടി നിറുത്തിയ നൊമ്പരം അണപൊട്ടി ഹൃദയ ഭിത്തി തകരുമാറു വാ വിട്ട് കരഞ്ഞിട്ടുണ്ടാകുമോ???
അതോ കിടക്കയില്‍ കമിഴ്ന്നു കിടന്നു തലയിണയില്‍ മുഖം പൂഴ്ത്തി എങ്ങി എങ്ങി ഇല്ലിമുള പൊട്ടുന്നപോലെ തകര്‍ന്ന് കാണുമോ???
അതോ....സ്വയം സൃഷ്‌ടിച്ച മൌന വാത്മീകത്തില്‍ ആരോടും പിണങ്ങാതെ ,അവഗണനയേറ്റ പ്രണയത്തെ കുറിച്ച് ഒരിക്കലും പരിഭവം പറയാതെ ..ആ മഹാനുഭാവന്റെ അക്ഷര സൌധം തീര്‍ത്ത പ്രണയ കുടീരത്തില്‍ ഒരു പുല്കൊടിയായി.. അതുമല്ലെങ്കില്‍ -വെറും ഒരു പുഴുവായി മരണത്തെ കാത്തിരിക്കുകയാകുമോ???
അതോ..അവഗണന യുടെ പൊരി വെയിലിലും ഒരിക്കലെങ്കിലും ഒരു പ്രണയ മഴ കൊതിച്ച മിഴിയും മൊഴിയും വരണ്ട് ,ഉരുണ്ടു കൂടിയ കാര്‍ മേഘങ്ങള്‍ കൊണ്ട് വിങ്ങി നിന്ന ആ കണ്ണുകള്‍, ഒരു കാലഘട്ടത്തിന്റെ ശബ്ദ സാഗര ഗര്ജ്ജനത്തിനെ തന്‍റെ കണ്ണിമ കൊണ്ട് തടഞ്ഞ ആ കണ്ണുകള്‍......, കൊടുങ്കാറ്റിന്റെ കരുത്തുമായി വന്ന വാക്കുകളില്‍ കുരുങ്ങി ,ഓര്‍മകളില്‍ ആ ഇതിഹാസ പുരുഷന്‍റെ സൂര്യശോഭയില്‍ തട്ടി ആ മിഴിയിണകള്‍ ഒരിക്കലും പെയ്യാതെ നിര്‍ജലീകരിക്കപെട്ടു പോയിരിക്കുമോ? ആആവോ? അറിയില്ലാ...
ഒന്ന് മാത്രം അറിയാം..."ഒരു സ്ത്രീക്ക് ഒരു ജീവിതത്തില്‍ ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയു".പിതാവ്..ഭര്‍ത്താവ്..പുത്രന്‍................. ,സുഹൃത്തുക്കള്‍...., ഗുരുക്കന്മാര്‍ ,ശിഷ്യര്‍... എന്നിങ്ങനെ പലരെയും സ്നേഹിക്കാന്‍ കഴിയും...എന്നാല്‍ ഒരാളെ മാത്രേ ആത്മാര്‍ഥമായി പ്രണയിക്കാന്‍ കഴിയു....അതെ..ഒരേ ഒരാളെ മാത്രം!