കര്‍ക്കടക പെയ്ത്തു കഴിഞ്ഞ് മാനം തെളിഞ്ഞ ഒരു വൈകുന്നേരം, പെരുമ്പാവൂര്‍ സീമാസ് തുണിക്കടയുടെ
മുന്നില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്കു ശേഷം റംല ഇത്തയെ കാണുന്നത്.
റംലത്തയെ കുറിച്ച് പറഞ്ഞില്ലല്ലോ -എന്‍റെ
വല്ല്യേച്ചിയോടൊപ്പോം പഠിച്ച ഇത്ത (പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴേ വിവാഹം
കഴിഞ്ഞു (മലബാര്‍ മേഖല പോലെ അല്ല മദ്ധ്യ തിരുവിതാങ്കൂര്‍,എറണാകുളം ജില്ലയിലും ഒക്കെ അന്നും,ഇന്നും മുസ്ലിം പെണ്‍കുട്ടികളെ വളരെ അപൂര്‍വമായി മാത്രമേ 18 വയസ്സിനു മുന്‍പ് വിവാഹം കഴിപ്പിക്കു)
അച്ഛന്‍റെ കൂട്ടുകാരനും,അച്ഛന്‍റെ പോലെ തന്നെ തടിമില്ലുടമയുമായ കരീം മാമയുടെമകള്‍....,പഠിക്കാന്‍വലിയമിടുക്കിയായിരുന്നില്ലെങ്കിലും,ഒപ്പനയും,മാപ്പിളപ്പാട്ടും,മൈലാഞ്ചി ഇടലിലും എന്നും ഒന്നാമത്.നാല് ആങ്ങളമാരുടെ കുഞ്ഞി പെങ്ങളായതിനാല്‍ അവര്‍ വിരല്‍ ചൂണ്ടി കാണിക്കുന്ന ഏതു വസ്തുവും കൂടപിറപ്പിനായി ആങ്ങളമാരും വാങ്ങി കൊടുത്തിരുന്നു.
തികഞ്ഞ ഇസ്ലാമിക വിശ്വാസി ആയ കരീംമാമ,"ഹറാം ആണെന്നറിഞ്ഞിട്ടും,"ഓള്‍ടെ പൂതിയല്ലേ "എന്നും പറഞ്ഞാണ് കാലിലേക്ക് സ്വര്‍ണ പാദസരം പോലും അന്നത്തെ കാലത്ത് വാങ്ങിയത്."
ആഗ്രഹങ്ങള്‍ ഒക്കെ സാധിച്ചു കൊടുത്ത അവരെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു, ഒന്‍പതാം ക്ലാസ്സില്‍ പഠിക്കേ ,കരീം മാമയുടെ മില്ലിലെ കണക്കെഴുത്തുകാരനും,പാവപെട്ടവനുമായ ഉമ്മറിനെ മതി തനിക്ക് എന്ന് അവള്‍ പറഞ്ഞത്.
അടിയോ,ഇടിയോ ഒന്നും കൂടാതെ,നാട്ടുകാരെ ആരെയും അറിയിക്കാതെ വളരെ സമചിത്തതയോടെയാണ് മൂത്ത ആങ്ങള ആ വിഷയം കൈ കാര്യം ചെയ്തത്.വിശ്വസ്തനും,ബിരുദധാരിയും ആയ ഉമ്മര്‍ അങ്ങനെയാണ് ഷുക്കൂറിന്റെ സഹായത്തോടെ ഗള്‍ഫുകാരനായത്.പിന്നീട് വലിയ വീടും,രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ആ വലിയവീട്ടിലെ രംലയെ ആ ഉമ്മര്‍ എന്ന ഗള്‍ഫ്കാരന്‍ സ്വന്തമാക്കി ആ വീട്ടിലെ പ്രിയപ്പെട്ട മരുമകനും ആയി)
ആ റംലത്തയെ ആണ് വഴിയില്‍ വെച്ച് കണ്ടത്.ഭര്‍ത്താവ്ഗള്‍ഫില്‍ ,അടുത്തിടെ ചൈനയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ബിസിനസ് തുടങ്ങി.അങ്ങനെ കോടീശ്വരനായ ഉമ്മറിക്ക ഇപ്പോള്‍ തിരക്കോട് തിരക്കാണ്.ദേ വന്നു ദാ പോയി ന്നു പറഞ്ഞു രാജ്യങ്ങളിലൂടെ.റംലത്ത വിശേഷം പറഞ്ഞു ....കുറേകാലം അബുദാബിയില്‍ ആയിരുന്നു അവര്‍ കുടുംബ സമേതം.കുട്ടികളെ നല്ല സ്കൂളില്‍ പഠിപ്പിക്കാനായി നാട്ടിലേക്ക് പോന്നു.റംലത്തക്ക് മൂന്നു കുട്ടികള്‍...,മൂത്ത മകളുടെ വിവാഹം കഴിഞ്ഞു.
അബുദാബിയിലെ സുഹൃത്തും,മലബാര്‍കാരനും,ഗള്‍ഫിലും,നാട്ടിലും വ്യവസായം ഉള്ള ഒരു പ്രമുഖ വ്യാപാരിയുടെ മകനാണ് വിവാഹം കഴിച്ചിരിക്കുന്നത്.
പിതാവ് ഗള്‍ഫില്‍,മാസാമാസം പൈസ അയക്കുന്നു.എല്ലാവിധ ജീവിത സൌകര്യങ്ങളും ബാപ്പ ഒരുക്കി കൊടുത്തിരിക്കുന്നു.വലിയ വീട്,സ്വന്തമായി വാഹനങ്ങള്‍,മൊബൈല്‍ ഫോണ്‍ ഒരു ദുരിതവും അറിയാതെ മക്കളും,...അറിയിക്കാതെ ബാപ്പയും.യാതൊരു ചീത്ത സ്വഭാവവും ഇല്ല.എപ്പോഴും ഒന്ന് രണ്ടു കൂട്ടുകാര്‍ കൂടെ ഉണ്ട്.ഒന്നിച്ചു സിനിമക്ക് പോക്ക്,ദൂരെ സ്ഥലങ്ങളില്‍ വിനോദ യാത്ര..അല്ലാതെ മറ്റൊരു ചിലവും അവനില്ല.പഠനം കഴിഞ്ഞ് ബാപ്പയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗള്‍ഫിലേക്ക് പോന്നു.ആദ്യ വരവിനാണ് വിവാഹം കഴിക്കുന്നത്...
നാട്ടില്‍ പഠിച്ചു വളര്‍ന്ന പെണ്‍കുട്ടി.എങ്കിലും അവശ്യം വേണ്ട ഇസ്ലാമിക ചര്യകള്‍ അവളെ ഉമ്മ പഠിപ്പിച്ചിരുന്നു.എങ്കിലും മതകാര്യങ്ങളില്‍ അവള്‍ക്കു ഏറെ അറിവുണ്ടായിരുന്നില്ല.ഉയര്‍ന്ന മാര്‍ക്കോടെ ഓരോ പരീക്ഷയും പാസ്സായി.പഠിച്ചത് ആണ്‍കുട്ടികളും,പെണ്‍കുട്ടികളും ഉള്ള സ്കൂളില്‍ ഉം,കോളേജിലും ആയിരുന്നിട്ടും,അതിര് കവിഞ്ഞ സൌഹൃദം പോലും ആ കുട്ടിക്കില്ല.എന്നിട്ടും എന്തു കൊണ്ടോ അവളെ ഉള്‍ക്കൊള്ളാന്‍ അവനോ,അവന്‍റെ വീട്ടുകാര്‍ക്കോ കഴിയുന്നില്ല.അതുപോലെ തന്നെ അവന്‍റെ സ്വഭാവത്തെ,
രാത്രിയും പകലും ഇല്ലാതെ കൂട്ടുകാരുടെ കൂടെ തന്നെ നടക്കുന്ന അന്തര്‍ മുഖ ജീവിതത്തെ അംഗീകരിക്കാന്‍ അവള്‍ക്കോ ,അവളുടെ വീട്ടുകാര്‍ക്കോ കഴിയുന്നില്ല.സംശയ രോഗമാണോ അതല്ല..... എന്നാലും എപ്പോഴും പറയും നിന്‍റെ ഉമ്മ ഒരാളെ സ്നേഹിച്ചു കെട്ടീതല്ലേ,നിനക്കും ഉണ്ടാകും ആരെങ്കിലും മനസ്സില്‍ ....പഠനത്തില്‍ മാത്രം ശ്രേദ്ധ കേന്ദ്രീകരിച്ചു വളര്‍ന്ന ആ പെണ്‍കുട്ടിക്ക് അതെല്ലാം സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.
ഒരു മേശക്കു ചുറ്റും ഇരുന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്നമല്ലേ ഇത് എന്ന് തോന്നിപ്പിച്ചു പലര്‍ക്കും...പക്ഷെ...രണ്ടു കൂട്ടര്‍ക്കും പൊരുത്തപെടാന്‍ കഴിയുമായിരുന്നില്ല.അങ്ങനെ ആണ് വിവാഹ മോചനത്തിലേക്ക് അവസാനം എത്തിയത്.
ഇന്ന് എല്ലാ സൌഭാഗ്യങ്ങളും ഉണ്ടായിട്ടും,മകളുടെ ജീവിതം ഇത് പോലെ വന്നതില്‍ ആ ഉമ്മ അക്ഷരാര്‍ഥത്തില്‍ ഉരുകുകയായിരുന്നു.കണ്ണില്‍ നിന്നും വീണത് കണ്ണീരല്ല ..ചോരയാണോ എന്ന് തോന്നി പോയി അതുകണ്ട് നിന്ന എനിക്ക്.
ഇത് പ്രവാസ ലോകത്ത് ജനിച്ച്,ജീവിക്കുന്ന പലരും അനുഭവിക്കുന്ന പ്രശ്നമാണ്.വരും തലമുറ അഭിമുഖീകരിക്കാന്‍ സാധ്യത ഉള്ളതുമായ പ്രശ്നം.അടുത്തിടെ മലബാര്‍ മേഖലയില്‍ നടത്തിയ സര്‍വേയില്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നത്.എല്ല മതങ്ങളിലും വിവാഹ മോചനം ഉണ്ടെങ്കിലും മറ്റു മതങ്ങളെ അപേക്ഷിച്ച് ഇസ്ലാമില്‍ വിവാഹമോചന നിരക്ക് കൂടുതലാണ് എന്നതാണ് കാലിക്കറ്റ് യുനിവേര്സിടി സോഷ്യോളജി വിഭാഗം രേഖപെടുത്തിയ സര്‍വേയില്‍ രേഖപെടുത്തിയിരിക്കുന്നത്.അതും ഗള്‍ഫ് പ്രവാസിയുടെ കുടുംബങ്ങളില്‍ ആണതിന്റെ 85ശതമാനവും.പുതിയ തലമുറയിലെ കുട്ടികള്‍ക്കിടയില്‍,മത,ജാതി വ്യത്യാസമില്ലാതെ,ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ,വിവാഹ മോചന നിരക്ക് കൂടുന്നു എന്നതാണ്.അതിനു കൂടുതലും ഇരയാകുന്നത് ഗള്‍ഫുകാരുടെ ഭാര്യമാരും.അതിനു കാരണം ആയി ചൂണ്ടി കാണിക്കുന്നത് പുതിയ തലമുറയിലെ കുട്ടികള്‍ക്കിടയില്‍ കുത്തഴിഞ്ഞ കൂട്ടുകെട്ടും, പ്രകൃതി വിരുദ്ധ ബന്ധങ്ങളും!!! ഇതിന്റെ തിക്തഫലം അനുഭവിക്കുന്നതോ പാവം പെണ്‍കുട്ടികളും.ഒരായിരം കുറ്റപെടുത്തലുകള്‍ക്കിടയില്‍ പെണ്ണിന് കണ്ണീരോടെ വിവാഹ മോചനം മാത്രം സ്വന്തം.
ഞാന്‍ ഇസ്ലാമിനെ അറിഞ്ഞിടത്തോളം( വായിച്ചു പഠിച്ചിടത്തോളം) സ്ത്രീകള്‍ക്ക് ഉയര്‍ന്ന സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്.ഞാന്‍ ജീവിക്കുന്ന സൗദി അറേബ്യയിലും സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹത്തെ ആണ് ഞാന്‍ കണ്ടത്."മാതാവിന്‍റെ പാദാരവിന്ദങ്ങളില്‍ ആണ് സ്വര്‍ഗം സ്ഥിതി ചെയ്യുന്നതെന്ന്" ഒരു സമൂഹത്തെ പഠിപ്പിച്ച മതം.വിശുദ്ധ ഖുര്‍'ആന്‍ നിര്‍ദേശിച്ചിരിക്കുന്നതും, പ്രവാചകന്‍ (സ)മുഹമ്മദ് നബി സ്വ: ചര്യ യിലൂടെയും,"സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അള്ളാഹു വിനെ സൂക്ഷിക്കുക "എന്ന് ഓര്‍മ്മപെടുത്തി സമൂഹത്തിനു നല്‍കിയ സന്ദേശം,യുദ്ധതിലോ,അപകടത്തിലോ,സ്വത്തും സ്വന്തക്കാരും,ബന്ധു ജനങ്ങളും നഷ്ടപെട്ട സ്ത്രീകളെ , ആശ്രയമറ്റവരാക്കി ഉപേക്ഷിക്കാതെ,മറഞ്ഞു നിന്ന് സഹായിക്കാതെ, മാന്യമായി വിവാഹം ചെയ്ത് സംരക്ഷിക്കുക എന്നതിനായിരുന്നു.തന്‍റെ ഇണക്ക് ശാരീരികവും,മാനസികവുമായി ഭാര്യ ആയി ഇരിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രം അനുശാസിച്ച നിയമം .
എന്നാല്‍ ഒരു ചെറിയ കാരണങ്ങള്‍ക്ക് പോലും ഇസ്ലാമില്‍ പുരുഷന്‍ സ്ത്രീകളെ ത്വലാഖു ചൊല്ലുന്നു.
ഇസ്ലാമില്‍ ത്വലാഖിനെ പോലെ തന്നെ ,അതിനെക്കാള്‍ എളുപ്പം വിവാഹമോചനം ലഭിക്കുന്ന ഫസ്ഖ്(ഖുല്‍അ:) എന്ന ഒരു സംവിധാനം സ്ത്രീകള്‍ക്കുള്ളത് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാത്തത് സമൂഹത്തില്‍ വിവാഹ മോചിതരുടെ നിലവാര തകര്‍ച്ച തിരിച്ചറിയുകയും,കുട്ടികളുടെ മാനസികാവസ്ഥ പുരുഷനേക്കാള്‍ മനസിലാക്കുന്നവളായത് കൊണ്ടും,അവരുടെ ഭാവി ജീവിതത്തോടുള്ള വ്യക്തമായ ധാരണ ഒന്നുകൊണ്ടു മാത്രമാണ്.)
ഇസ്ലാമിലെ ത്വലാഖ് വളരെ ലളിതമായ ഒരു പ്രക്രിയ അല്ല. എല്ലാ വിധ അനുരഞ്ജന സാധ്യതകളും നിഷ്ഫലമാകുന്നിടത്തു,ഒട്ടും പൊരുത്തപെടാന്‍ കഴിയില്ലെങ്കില്‍ മാത്രം മൂന്നാമത്തെ ത്വലാഖോട് കൂടി വളരെ സങ്കീര്‍ണമായി പൂര്‍ത്തിയാക്കേണ്ട ഒന്നാണത്.എന്നാല്‍ ഇന്ന് ഗള്‍ഫില്‍ ഇരുന്നു ഫോണിലൂടെ പോലും ത്വലാഖു ചെല്ലുന്നതില്‍ ഒരു തലമുറ എത്തി നില്‍ക്കുമ്പോള്‍,ദൈവ വചനങ്ങള്‍ക്ക് വിരുദ്ധമായി പുതു തലമുറയില്‍ വളര്‍ന്നു വരുന്ന ഈ വിവാഹ മോചന പ്രവണതക്കെതിരെ മഹല്ലുകളുടെ മൌനം പ്രതിഷേധാര്‍ഹമാണ്..............
പുതിയ തലമുറയില്‍ കാണപെടുന്ന ഈ വിവാഹ മോചിതരുടെ എണ്ണം പെരുകുമ്പോള്‍ എങ്കിലും വിവാഹത്തിന് മുന്‍പേ മഹല്ലുകള്‍ മുന്‍ കൈ എടുത്തു പ്രീ മാര്യേജ് കൌണ്സിലിംഗ് നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വൈകിയ വേളയിലെങ്കിലും മഹല്ലുകള്‍ തിരിച്ചറിയണം.
മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലി വെറും കയ്യോടെ സ്ത്രീയെ പറഞ്ഞയക്കുന്ന രീതി അപലപനീയമാണ്. മഹര്‍ മേടിക്കാന്‍ കാണിക്കുന്ന ആവേശം വിവാഹ മോചിതക്ക് അവള്‍ക്കവകാശപെട്ട "മതാഉം:"വാങ്ങി കൊടുക്കാനുള്ള ആര്‍ജ്ജവവും മഹല്ലുകള്‍ കാണിക്കണം.
( ഇത് ഒരു റംലത്തയുടെ കണ്ണീരല്ല...ഒത്തിരി അമ്മമാരുടെ,പെണ്ണുങ്ങളുടെ കണ്ണീരാണ്.ഞാന്‍ എന്‍റെയും,നിങ്ങളുടെയും ...മാതാവ്,സഹോദരി,മകള്‍ മുതലായവരെ മുന്നില്‍ കണ്ടു കൊണ്ടാണ് ഇത് എഴുതിയത്.)